തൃശ്ശൂര്‍: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (49) അന്തരിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലയിരുന്നു അന്ത്യം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമും ഹൃദയാഘാതമുണ്ടായിരുന്നു തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സച്ചി രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ സച്ചി രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2015 ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോന് സംഗമത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും 2020 ലെ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറി.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരാണ് ജനനം. കൊമേഴ്സില്‍ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയില്‍ എട്ട് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു.
മലയാള സിനിമയിലെ ഹിറ്റ് ദ്വയം ആയിരുന്നു സച്ചി-സേതു തിരക്കഥാകൃത്തുക്കള്‍. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ചോക്ലേറ്റ്സിന് തിരക്കഥ ഒരുക്കിയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. ചോക്ലേറ്റിനു പിന്നാലെ റോബിന്‍ഹുഡ്, മെയ്ക്കപ്പ് മാന്‍, സീനിയേഴ്സ് എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടി. 2011 ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിന്റെ പരാജയത്തോടെയാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്.
പിന്നീട് റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങളില്‍ സ്വതന്ത്ര തിരക്കഥാകൃത്തായി.
മൃതദേഹം അല്പ സമയത്തിനകം തമ്മനത്തേക്ക് കൊണ്ടുപോകും. നാളെ രവിപുരം ശ്മശാനത്തിലാകും സംസ്കാരിക്കുക.