ദോഹ: ഖത്തറിലെ പ്രവാസി മലയാളി നിര്‍മിച്ച മലയാള സിനിമ മ്യൂസിക്കല്‍ ചെയര്‍ ഇന്ന് വൈകീട്ട് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാം. എട്ട് റിയാല്‍ മുടക്കിയാല്‍ സ്മാര്‍ട്ട് ഫോണില്‍ സിനിമ കാണാം.
ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ആറ്റ്ലീയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ദോഹയില്‍ പ്രവര്‍ത്തിക്കുന്ന സ്പൈറോഗൈറ ആന്റ് സെക്യൂറ ഗൂപ്പാണ് നിര്‍മാണം.
കുറഞ്ഞ ചെലവില്‍ കുടുംബത്തിന് മുഴുവന്‍ സിനിമ കാണാമെന്നതാണ് ഓണ്‍ലൈന്‍ റിലീസിങിന്റെ പ്രധാന ഗുണമെന്ന് സ്പൈറോഗൈറ പ്രൊഡക്ഷന്‍സ് സിഇഒയും സെക്യുറ ഗ്രൂപ്പ് ഡയറക്ടറുമായ അലന് രാജന് മാത്യു ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു. ലോ ബജറ്റ് സിനിമകളെ വിശാലമായ പ്രേക്ഷകരില്‍ എത്തിക്കുന്നതിനോടൊപ്പം മുടക്കുമുതല്‍ എളുപ്പത്തില്‍ തിരിച്ചുപിടിക്കാനും ഒടിടി റിലീസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. മരണം സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ മാർട്ടിനുള്ളതിനാൽ മരണ ഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുകയാണ്. മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിന്റെ യാത്രയാണ് മ്യൂസിക്കൽ ചെയറിന്റെ പ്രമേയം. സിനിമയില്‍ അലന് മാത്യു, വിപിന്‍ ആറ്റ്ലി എന്നിവര്‍ക്കൊപ്പം 100ലേറെ പുതുമുഖ കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. അമേരിക്കയില്‍ രണ്ട് ഡോളറും ഇന്ത്യയില്‍ 40 രൂപയുമാണ് സിനിമയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങൾ അടക്കമുള്ള മെയിൻ സ്ട്രീമിന്റെ മറ്റ് വീഡിയോകളെല്ലാം തികച്ചും സൗജന്യമായി നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും.
ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചെയ്യുന്ന രണ്ടാമത്തെ മലയാളം സിനിമയാണ് മ്യൂസിക്കല്‍ ചെയര്‍. മെയിന്‍സ്ട്രീം ടിവി എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഇന്ന് വൈകീട്ട് സിനിമ റിലീസ് ചെയ്യുന്നത്. ജയസൂര്യയും അതിഥി റാവു ഹൈദരിയും അഭിനയിച്ച സൂഫിയും സുജാതയും ആണ് ഓവര്‍ ദി ടോപ്പില്‍(ഒടിടി) റിലീസ് ചെയ്ത ആദ്യ മലയാളം സിനിമ. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്റര്‍ അടച്ചിട്ടതോടെയാണ് സിനിമകള്‍ ഒടിടി റീലീസിങിലേക്ക് തിരിഞ്ഞത്.