Friday, September 24, 2021
Home Special GM Talkies റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് റെക്കോര്‍ഡ് തുകക്ക് ഒ ടി ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വമ്പന്‍ ഓഫറുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തീയറ്ററുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിലെ തീയറ്ററുകള്‍ അടുത്ത വര്‍ഷം വിഷു സീസണിലേ തുറക്കുകയുള്ളൂ എന്ന തീരുമാനമാണ് കുറുപ്പിന്റെ ഒ.ടി.ടി റിലീസിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചിത്രം ഒ.ടി.ടി റിലീസിന് എത്തിയാല്‍ അത് തീയറ്റര്‍ അനുഭവം കൊതിക്കുന്ന ചലച്ചിത്ര പ്രേമികള്‍ക്ക് തീര്‍ക്കാനാവാത്ത ഒരു നഷ്ടം തന്നെയായിരിക്കും. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 40 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിങെല്ലാം പൂര്‍ത്തിയായതാണ്.  മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

Most Popular