പാവ കഥകളിൽ കാളിദാസ് ജയറാം, സായ് പല്ലവി, പ്രകാശ് രാജ് എന്നിവർ പേരിലെ പാവ കണ്ട് ഫീൽ ഗുഡ് സിനിയാണെന്ന് വിചാരിച്ച് ആരും പാവ കഥൈകൾ കാണാനിരിക്കരുത്, ഉള്ളുനീറിപ്പിക്കുന്ന നാലു പാപങ്ങളുടെ കഥ അത്രമേൽ സുന്ദരമായി പറഞ്ഞുവെക്കുകയാണ് ഈ തമിഴ് സിനിമ. സുധാ കൊങ്കറ, വിഘ്നേഷ് ശിവൻ, ഗൗതം മേനോൻ, വെട്രിമാരൻ എന്നീ നാലു സംവിധായകർ ചേർന്നൊരുക്കിയ സിനിമകളെയെല്ലാം ബന്ധിപ്പിക്കുന്നത് ദുരഭിമാനം എന്ന ശക്തമായ പ്രമേയമാണ്. ഒരു സ്ത്രീയുടെ ജീവിതം, ശരീരം, ജാതി, മതം, മാനം, അഭിമാനം തുടങ്ങിയ കാര്യങ്ങളെ ചൊല്ലി സമൂഹം കാണിക്കുന്ന പരാക്രമങ്ങൾ പലപ്പോഴായി മാധ്യമങ്ങളിലൂടെ നാം ഞെട്ടലോടെ കണ്ടതാണ്. അത്തരം നാലു ജീവിത പശ്ചാത്തലങ്ങളിലേക്കാണ് നാലു സംവിധായകരും പ്രേക്ഷകനെ കൂട്ടിപ്പോകുന്നത്. തങ്കം, ലൗ പണ്ണാ വിട്രിനം, വാൻമകൾ, ഓർ ഇരവ് എന്നിങ്ങനെ അരമണിക്കൂർ വീതം ദൈർഘ്യമുള്ള നാലു സിനിമകളിലൂടെയാണ് പാവ കഥൈകൾ പൂർത്തിയാകുന്നത്.
തനി ‘തങ്കം’
സുരറൈ പോട്ര് നേടിയ അഭിനന്ദനങ്ങളുടെ കൊടുമുടിയിൽ നിന്ന് കൊണ്ടാണ് സുധാ കൊങ്കറ തങ്കവുമായി പ്രേക്ഷകന്റെ മുന്നിലേക്കെത്തിയത്. പ്രേക്ഷക പ്രതീക്ഷ അതിനേക്കാൾ പതിന്മടങ്ങായി തിരിച്ചുനൽകാൻ തങ്കത്തിലൂടെ സംവിധായികയ്ക്ക് സാധിക്കുന്നു. കാളിദാസ് ജയറാമിന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സത്താർ എന്ന ട്രാൻസ്ജെൻഡർ കഥാപാത്രത്തിലൂടെ ഇന്നലെ വരെ തനിക്ക് നേരെ ഉയർന്ന എല്ലാ വിമർശങ്ങളുടെയും മുനയൊടിക്കാൻ കാളിദാസിന് സാധിക്കുന്നു. ശരവണൻ (ശാന്തനു), സത്താർ എന്നിവരുടെ സൗഹൃദവും പ്രണയവും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. ട്രാൻസ് വിഭാഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെ തുറന്നുകാട്ടുന്നുണ്ട് ചിത്രം. വൈകാരിക രംഗങ്ങളിൽ കാളിദാസിന്റെ പ്രകടനം മികച്ചുനിൽക്കുന്നു. സിനിമാവസാനം സത്താർ ഒരു തീരാനോവായി മനസിനെ വേട്ടായാടുന്നു. കഥയുടെ ഒഴുക്കിന് സൗന്ദര്യം നൽകുന്നതിൽ പശ്ചാത്തലസംഗീതവും പ്രധാനഘടകമാവുന്നുണ്ട്. ജസ്റ്റിൻ പ്രഭാകർ സംഗീതം നൽകിയ ‘ തങ്കമേ തങ്കമേ..’ എന്ന പാട്ട് സിനിമ അവസാനിക്കുമ്പോഴും മനസിൽ പാടികൊണ്ടേയിരിക്കുന്നു. മലയാളിയായ ജോമോൻ ടി ജോണാണ് ചിത്രത്തിന്റ ഛായാഗ്രഹണം. അഭിനയത്തിന്റെ ശരിയായ ട്രാക്കിലേക്കുള്ള കാളിദാസ് ജയറാമിന്റെ ഈ ചുവടുവെപ്പ് മലയാളികൾക്ക് നൽകുന്ന സന്തോഷവും ചെറുതല്ല.
പ്രണയിക്കട്ടെ, അതിരുകളില്ലാതെ
വിഘ്നേഷ് ശിവൻ ഒരുക്കിയ ലൗ പണ്ണാ വിട്രിനം എന്ന സിനിമയാണ് കൂട്ടത്തിൽ വേറിട്ട വഴിയിൽ കഥ പറയുന്ന ചിത്രം. ഒരേ സമയം വൈകാരിക രംഗങ്ങളും ഹാസ്യരംഗങ്ങളും കോർത്തിണക്കിയ ചിത്രം ഒരു ബ്ലാക്ക് ഹ്യൂമർ എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ജാതി അഭിമാനം കൊണ്ടുനടക്കുന്ന രാഷ്ട്രീയ നേതാവിന്റെ ഇരട്ട പെൺകുട്ടികളുടെ പ്രണയമാണ് ചിത്രത്തിന്റെ വിഷയം. അഞ്ജലി, കൽക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. രണ്ടുപേരും റോളുകൾ കൈയടക്കത്തോടെ ചെയ്തപ്പോൾ അത്ഭുതപ്പെടുത്ത പ്രകടനം കാഴ്ചവച്ചത് നരിക്കുട്ടി എന്ന കഥാപാത്രമായെത്തിയ ജാഫർ സാദ്ദീഖാണ്. ഡയലോഗ് ഡെലിവറിയും അഭിനയവും മാനറിസങ്ങളും കൊണ്ട് സിനിമ തന്റേതാക്കി മാറ്റുന്നുണ്ട് ജാഫർ.
പൊന്നുത്തായി പറക്കട്ടെ…
പെൺമക്കളുള്ള, സഹോദരിമാരുള്ള ഏതൊരു മനുഷ്യനും ഉള്ളിലൊരു പൊള്ളലോടെയല്ലാതെ ഗൗതം മേനോൻ സംവിധാനം ചെയ്ത വാൻമകൾ കണ്ടവസാനിപ്പിക്കാനാവില്ല. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങുന്ന ഒരു ഇടത്തരം കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഗൗതം മേനോനും, സിമ്രാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഇവരുടെ മക്കളിൽ ഏറ്റവും ഇളയവളായ 12 കാരിയായ പൊന്നുത്തായിയെ മൂന്നുയുവാക്കൾ ചേർന്ന് പീഡിപ്പിക്കുന്നു. ഇതിനുശേഷം കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. മകൾ പീഡിപ്പിച്ച വിവരം രഹസ്യമാക്കാനും തങ്ങളുടെ അഭിമാനത്തെ ഈ സംഭവം എങ്ങനെ ബാധിക്കുമെന്നുമൊക്കെ ചിന്തിക്കുന്ന അമ്മയായി സിമ്രാൻ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവക്കുന്നു. പൊന്നുത്തായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരവും മികവുറ്റ പ്രകടനം നടത്തി. ‘കണ്ണേ ഞാൻ ഇൻ കണ്ണാടി’.. എന്ന തുടങ്ങുന്ന സുന്ദരമായ ഗാനത്തിൽ സിനിമയുടെ ആകെ കഥയെ സന്നിവേശിപ്പിച്ചിരിക്കുന്നുണ്ട്. വാൻമകൾ എന്ന സിനിമ ഹൃദയത്തിലേക്ക് കയറുന്നത് ആ സുന്ദരമായ സംഗീതംകൊണ്ട് പൊതിഞ്ഞുതന്നെയാണ്. കാർത്തികാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഇരുട്ടിലെ നിഴലുകൾ…
ഒരു അച്ഛന് മകളോടുള്ള സ്നേഹത്തെക്കാൾ മുകളിൽ ദുരഭിമാനം കോട്ട കെട്ടിയാൽ എന്തു സംഭവിക്കും..? അതിലേക്കാണ് വെട്രിമാരൻ നമ്മെ കൂട്ടികൊണ്ടുപോകുന്നത്. തനി വെട്രിമാരൻ സ്റ്റൈലിൽ സുന്ദരമായ സിനിമ അതാണ് ഓർ ഇരവ്. സായ് പല്ലവിയുടെയും പ്രകാശ് രാജിന്റെയും മത്സരിച്ചുള്ള അഭിനയം, അതിനോട് ചേർന്നു നിൽക്കുന്ന സംഗീതം, നാലു സിനിമകളിൽ ഒരു ചെറിയ തൂക്കം കൂടുതൽ ഓർ ഇരവിന് തന്നെയാണെന്ന് പറയാം. നേർത്ത ഇളം കാറ്റുപോലെ നമ്മെ തലോടി കൊണ്ടാണ് ഓർ ഇരവ് കഥ പറഞ്ഞു തുടങ്ങുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത ഒരു വളവിൽ ഇളംകാറ്റ് കൊടുങ്കാറ്റായി മാറുന്നു. അതുവരെ മനസിലുണ്ടായ സന്തോഷത്തെ വിങ്ങലാക്കി മാറ്റുന്നു. സിനിമ അവസാനിക്കുമ്പോൾ കണ്ണുനിറയാതിരിക്കാൻ സാധ്യമല്ല. ഇത്രമേൽ ഭീകരമായി ജാതി, മത ചിന്തകൾ മനുഷ്യമനസ്സിന് കീഴ്പ്പെടുത്താൻ സാധിക്കുമോ എന്ന് നാം ചിന്തിച്ചുപോകും. സിനിമയിൽ കണ്ടതിനേക്കാൾ ഭീകരമാണ് യാഥാർഥ്യം എന്നത് മറ്റൊരു സത്യം. ഓർ ഇരവിന്റെ വിങ്ങലോടെ നാലു പാപകഥകൾ കാഴ്ച അവസാനിപ്പിക്കുന്നു. അടുത്ത കാലത്ത് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലിറങ്ങിയവയിൽ ഏറ്റവും മികച്ച ഇന്ത്യൻ അന്തോളജി സിനിമയെന്ന് പാവ കഥൈകളെ വിശേഷിപ്പിക്കാം. നല്ല സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി പാവ കഥൈകൾ കാണാം.