ഇന്ത്യന്‍ സിനിമയെ പ്രണയമഴയാല്‍ ഈറനണിയിച്ച ദില്‍വാലെ ദുല്‍ഹനിയ ലേജായേംഗെ പിറന്നിട്ട് 25 വര്‍ഷം പിന്നിടുന്നു. ഇന്ത്യന്‍ സിനിമ ആസ്വാദകര്‍ വീണ്ടും വീണ്ടും കണ്ട പ്രണയമായിരുന്നു രാജ് മല്‍ഹോത്രയുടെയും (ഷാരൂഖ് ഖാന്) സിമ്രാന് സിംഗിന്റെയും (കജോള്‍). ബോളിവുഡിന്റെ ഈ പ്രണയജോഡികളുടെ പ്രണയം പറഞ്ഞ ദില്‍വാലെ ദുല്‍ഹനിയ ലേജായേംഗെ (ഡി.ഡി.എല്‍.ജെ.) ലോക സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഷോലയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമാസ്വാദകര്‍ ഏറ്റവും ആസ്വദിച്ച സിനിമകൂടിയായി ഡി.ഡി.എല്‍.ജെ എന്ന ചുരുക്കപ്പേരില്‍ വിശേഷിപ്പിക്കപ്പെട്ട ഈ ചിത്രം.
1995 ഒക്ടോബര്‍ 20 നായിരുന്നു ആദിത്യ ചോപ്രയുടെ ഈ പ്രണയമഴ തിയേറ്ററുകളില്‍ എത്തിയത്. മുംബൈയിലെ മറാഠ മന്ദിറില്‍ 1009 ആഴ്ചയാണ് തുടര്‍ച്ചയായി ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയെന്ന ബഹുമതി നേടിയായിരുന്നു ഡി.ഡി.എല്‍.ജെ വെള്ളിവെളിച്ചം വിട്ടത്. മുംബൈയിലെ മള്‍ട്ടിപ്ലെക്സ് തിയേറ്ററുകളില്‍ 500 രൂപവരെ നിരക്ക് ബാല്‍ക്കണിയ്ക്ക് ഉള്ള സമയത്തും ഡി.ഡി.എല്‍.ജെ കാണാന്‍ എത്തുന്നവര്‍ക്ക് ആദ്യ ടിക്കറ്റിന്റെ നിരക്കായ 20 രൂപ മാത്രമായിരുന്നു ചിത്രത്തിന്റെ അവസാന പ്രദര്‍ശനം വരെയും നിരക്ക് . എത്ര വര്‍ഷം പ്രദര്‍ശിപ്പിച്ചാലും ഇതേ നിരക്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന തീരുമാനം മറാത്ത മന്ദിര്‍ അധികൃതരുടെതായിരുന്നു.
ഇന്നത്തെ യുവത്വത്തിനും ഇവരുടെ പ്രണയം സ്ക്രീനില്‍ കാണുമ്ബോള്‍ നേര്‍ത്ത മഴത്തുള്ളി പോലെ മനോഹര കാഴചയാണ്. എന്തുകൊണ്ട് ഒരു തലമുറയുടെ പ്രണയ കാവ്യം കാലാതീതമായി നിലനിന്നുവെന്നു ചോദ്യം ബാക്കി വച്ചാണ് ഷാരുഖ്- കാജോള്‍ പ്രണയജോഡികളുടെ പ്രണയസ്വപ്നങ്ങളുടെ നിറം ചാര്‍ത്തിയ ‘ദില്‍വാലെ ദുല്‍ഹനിയാ ലേ ജാംയേഗ’തീയേറ്റര്‍ വിട്ടത്. അതിനുള്ള ഒരേയൊരു ഉത്തരം എല്ലാ കാലത്തെയും പ്രണയങ്ങള്‍ തമ്മില്‍ എവിടെയോ ഒരു സാമ്യം നിലനില്‍ക്കുന്നുവെന്നത് തന്നെയാണ്. അതോടൊപ്പം അന്നത്തെ പ്രണയിനികള്‍ മാത്രമല്ല ഇന്നത്തെ പ്രണയിനികളുടെയും മനം കവരുന്ന പ്രണയ ഗാനങ്ങള്‍ ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു. ആ മനോഹര ഗാനങ്ങളില്‍ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഇന്നും നനയാറുണ്ട്. ലണ്ടനിലെ കിംഗ് ക്രോസ് സ്റ്റേഷനിലും സ്വിസര്‍ലന്‍ഡിലെ ജുംഗ് ഫ്രൂവിലും സാനന്‍ ബ്രിഡ്ജിലും പഞ്ചാബിലെ കടുകുപാടത്തും പാടി ആഘോഷിച്ച പ്രണയാതുരമായ രാജും സിമ്രാനും ഇന്നും ഇന്ത്യന്‍ സിനിമ സ്നേഹികളും മനം കവര്ന്നുക്കൊണ്ടിരിക്കുകയാണ്.