കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖം പുറത്ത്; ഖത്തര്‍ പ്രവാസി നടത്തിയ അപൂര്‍വ്വ അഭിമുഖം യുട്യൂബ് ചാനലില്‍

kala bhavan mani first interview

ദോഹ: കലാഭവന്‍ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം യുട്യൂബ് ചാനലില്‍. 1992ല്‍ ഖത്തറില്‍ നടത്തിയ അഭിമുഖമാണ് പുറത്തിറങ്ങിയത്. കലാഭവന്‍ ട്രൂപ്പിന്റെ ഗള്‍ഫ് പര്യടന വേളയില്‍ നടത്തിയ ഈ അഭിമുഖം മണിയുടെ കലാജീവിതത്തില്‍ ആദ്യ ത്തേതാണെന്നാണ് കരുതപ്പെടുന്നത്. എവിഎം ഉണ്ണി ആര്‍ക്കൈവ്‌സ് എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖ സംഭാഷണം പുറത്തിറക്കിയത്.

കലാഭവനില്‍ വന്നതിന് ശേഷമാണ് ജീവിതത്തില്‍ അഭിമാനം തോന്നിയതെന്നും ആളുകള്‍ വില നല്‍കിയതെന്നും മണി അഭിമുഖത്തില്‍ പറയുന്നു. മിമിക്രി കലാപ്രകടനം ആളുകള്‍ കരുതും പോലെ എളുപ്പമല്ല. ആളുകളെ ചിരിപ്പിക്കുക വലിയ കാര്യമാണ്- മണി അഭിമുഖത്തില്‍ പറഞ്ഞു. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂര്‍ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന എവിഎം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്.

 

അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഉണ്ണിക്ക എന്നറിയപ്പെടുന്ന എവിഎം ഉണ്ണി സിനിമാ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ അഭിമുഖങ്ങള്‍ നടത്തിയിരുന്നു. വീഡിയോ ക്യാമറ അത്രയൊന്നും പ്രചരിച്ചിട്ടില്ലാത്ത 1980കള്‍ മുതല്‍ തന്നെ എവിഎം ഉണ്ണി ഛായാഗ്രഹണമേഖലയില്‍ മികവ് തെളിയിച്ചിരുന്നു.