Saturday, June 19, 2021
Home Special GM Talkies മൂന്ന് ദിവസം കൊണ്ട് 100 മില്ല്യന്‍ കാഴ്ച്ചക്കാര്‍; സര്‍വ്വകാല റെക്കോഡുകളും ഭേദിച്ച് കെജിഎഫ് ടീസര്‍

മൂന്ന് ദിവസം കൊണ്ട് 100 മില്ല്യന്‍ കാഴ്ച്ചക്കാര്‍; സര്‍വ്വകാല റെക്കോഡുകളും ഭേദിച്ച് കെജിഎഫ് ടീസര്‍

സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം ‘കെജിഎഫ്’ രണ്ടാം ഭാഗത്തിന്റെ ടീസര്‍ സകല റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്നു. യുട്യൂബില്‍ ഏറ്റവും വേഗത്തില്‍ ആദ്യമായി നൂറ് മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കുന്ന ടീസറായി മാറിയിരിക്കുകയാണ് ഇത്. 6 മില്യണ്‍ ലൈക്കുകളും നാലര ലക്ഷത്തോളം കമന്റുകളുമാണ് ഇതിനകം ലഭിച്ചത്. നായകന്‍ യാഷിന്റെ ജന്‍മദിനത്തോട് അനുബന്ധിച്ചായിരുന്നു ടീസര്‍ പുറത്തിറക്കിയത്.

ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ റോക്കിഭായ് തരംഗം ഉയര്‍ന്നിരുന്നു. ജനുവരി ഏഴിനാണ് കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ കെജിഎഫ് 2ന്റെ ടീസര്‍ റിലീസ് ചെയ്തത്. ജനുവരി എട്ടിന് പുറത്തിറക്കാന്‍ തീരുമാനിച്ച ടീസര്‍ ലീക്ക് ആയതിന് പിന്നാലെ ഒഫീഷ്യല്‍ ടീസര്‍ അണിയറക്കാര്‍ നേരത്തേ പുറത്തുവിടുകയായിരുന്നു. യാഷ് അവതരിപ്പിക്കുന്ന റോക്കിയുടെ മെഗാ മാസ്സ് ആക്ഷന്‍ സീക്വന്‍സുകളാണ് ടീസറിലെ ഹൈലൈറ്റ്. തോക്കുകള്‍ തീ തുപ്പുമ്പോള്‍ പറക്കുന്ന ജീപ്പുകളും, മെഷിന്‍ ഗണ്‍ ലൈറ്ററാക്കിയുള്ള റോക്കിയുടെ വരവുമെല്ലാം ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. രണ്ടാം ഭാഗത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

 

മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് ‘കെജിഎഫ്’. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് യാഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിര്‍മിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ‘കെജിഎഫ് 2’ന്റെ ചിത്രീകരണം ആഗസ്ത് 26നാണ് പുനരാരംഭിച്ചത്. എന്നാല്‍ 90 ശതമാനം രംഗങ്ങളും കൊവിഡ് പ്രതിസന്ധിക്കു മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു.

Most Popular