
അമേരിക്കൻ മർഡർ
ഷാനൻ വാട്ട്സും ഭർത്താവ് ക്രിസ് വാട്ട്സും മക്കൾ ബെല്ല, സീൽസി എന്നിവർക്കൊപ്പം 2018ൽ അമേരിക്കയിലെ കൊളറാഡോയിൽ നിന്നുള്ള വാട്ട്സ് കുടുംബത്തിന്റെ കൊലപാതകത്തെ ആസ്പദമാക്കി ഒരുക്കിയ ക്രെെം ഡോക്യുമെന്ററിയാണ് അമേരിക്കൻ മർഡർ; ദ ഫാമിലി നെക്സ്റ്റ് ഡോർ. ജെന്നി പോപ്പ് വെല്ലാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലാണ് ഇത് റിലീസ് ചെയ്തിരിക്കുന്നത്.
2018 ആഗസ്റ്റ് 13 നാണ് ലോക മനസ്സാക്ഷിയ ഞെട്ടിച്ച ആ സംഭവം അരങ്ങേറിയത്. ഷാനൻ വാട്ട്സ് എന്ന ഗർഭിണിയെയും അവരുടെ നാലും മൂന്നും വയസ്സുള്ള പെൺമക്കളെയും കാണാതാകുന്നു. ഷാനന്റെ സുഹൃത്താണ് വിവരം പോലീസിൽ അറിയിക്കുന്നത്. ഷാനൻ തന്റെ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഇവർ പോലീസിനെ അറിയിക്കുന്നു. ആ സമയം ഷാനന്റെ ഭർത്താവ് അയാളുടെ ജോലി സ്ഥലത്താണ്. ഷാനന്റെ ഭർത്താവിനെ പോലീസ് വിവരം അറിയിക്കുന്നു തുടർന്ന് വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. പിന്നീട് അന്വേഷണത്തിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന ചില കാര്യങ്ങളാണ്.
സമൂഹ മാധ്യമത്തിൽ വളരെ സജീവമായിരുന്ന വ്യക്തിയായിരുന്നു ഷാനൻ. തന്റെ ജീവിതത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും ഷാനൻ പങ്കുവയ്ക്കാറുണ്ട്. സംഭവം പുനരാവിഷ്കരിക്കാതെ യഥാർഥ വീഡിയോ ഫൂട്ടേജുകളും ചിത്രങ്ങളും ഉപയോഗിച്ചാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഒരു ക്രെെം ത്ലില്ലർ സിനിമ കാണുന്ന അതേ നെഞ്ചിടിപ്പോടെ ഈ ഡോക്യുമെന്ററി കണ്ടിരിക്കാം.