ഓസ്‌കാറില്‍ ചരിത്രം കുറിച്ച് ‘നൊമാഡ്‌ലാന്‍ഡ്’; ആന്റണി ഹോപ്കിന്‍സ് നടന്‍, മെക്‌ഡോര്‍മന്‍ഡ് നടി

oscar-2021-winners

കോവിഡിലും നിറം മങ്ങാതെ 93-ാമത് ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷന്‍ ആയിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തില്‍ വേദിയാവുന്ന യൂണിയന്‍ സ്റ്റേഷന്‍ ഡാര്‍ക് നൈറ്റ് റൈസസ്, പേള്‍ ഹാര്‍ബര്‍ ഉള്‍പ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുമുണ്ട്. സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്റെ നേതൃത്വത്തിലായിരുന്നു അവാര്‍ഡ് ഷോയുടെ നിര്‍മ്മാണം. വേദികളില്‍ നേരിട്ടെത്തുന്നവര്‍ക്കു പുറമെ പല അതിഥികളും നോമിനേഷന്‍ ലഭിച്ചവരും പല സ്ഥലങ്ങളില്‍ നിന്നായി ഉപഗ്രഹസഹായത്തോടെ പങ്കെടുത്തു. എന്നാല്‍ സൂം മീറ്റിംഗ് ഒഴിവാക്കിയിരുന്നു. പതിവുപോലെ ഇക്കുറിയും ഷോ അവതാരകന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ പുരസ്‌കാര ജേതാക്കളില്‍ മിക്കവരും പുരസ്‌കാര ദാതാക്കളായി എത്തിയിരുന്നു.

അതേസമയം ചരിത്രം കുറിച്ച് കൊണ്ടാണ് ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍. നൊമാഡ്‌ലാന്‍ഡിലൂടെ മികച്ച സംവിധായികയായ ക്ലോയി ഷാവോ, പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയായി. മികച്ച സംവിധായിക, മികച്ച ചിത്രം, മികച്ച നടി എന്നിങ്ങനെ മൂന്ന് പുരസ്‌കാരങ്ങളാണ് നൊമാഡ്‌ലാന്‍ഡ് കരസ്ഥമാക്കിയത്. ‘ദ ഫാദര്‍’ എന്ന ചിത്രത്തിലൂടെ ആന്റണി ഹോപ്കിന്‍സ് മികച്ച നടനായപ്പോള്‍, നൊമാഡ്‌ലാന്‍ഡിലെ അഭിനയത്തിന് ഫ്രാന്‍സിസ് മെക്‌ഡോര്‍മെന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഹോപ്കിന്‍സിന്റെ രണ്ടാമത്തെയും മെക്‌ഡോര്‍മന്‍ഡിന്റെ നാലാമത്തെയും ഓസ്‌കാറാണിത്. 83ാമതെ വയസില്‍ പുരസ്‌കാരം നേടിയതോടെ, ഓസ്‌കാര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഹോപ്കിന്‍സ്.

oscar actress

ബ്ലാക് പാന്തര്‍ ഗ്രൂപ്പിന്റെ കഥ പറഞ്ഞ ‘ജൂദാസ് ആന്‍ഡ് ബ്ലാക് മെസിഹ’യിലെ അഭിനയത്തിന് ഡാനിയല്‍ കലൂയ മികച്ച സഹനടനായി. ‘മിനാരി’ എന്ന ചിത്രത്തിലെ അഭിനയത്തിന് യൂ ജുങ് യൂങ് മികച്ച സഹ നടിയായി. ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ താരത്തിന് ഓസ്‌കാര്‍ ലഭിക്കുന്നതെന്നാണ് ശ്രദ്ധേയം. അതേസമയം വിട പറഞ്ഞ കലാകാരന്‍മാരായ ഇര്‍ഫാന്‍ ഖാന്‍, ചാവഡ്‌വിക് ബോസ്മാന്‍, ബാനു അത്തയ്യ എന്നിവര്‍ക്ക് വേദി ആദരവര്‍പ്പിച്ചു.

മാങ്ക് ചിത്രത്തിന്റേതാണ് മികച്ച ഛായാഗ്രഹണം. മികച്ച ആനിമേറ്റഡ് ചിത്രമായി സോള്‍, ഡോക്യുമെന്ററിയായി മൈ ഒക്ടോപസ് ടീച്ചര്‍ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. ഡാനിഷ് ചിത്രമായ അനദര്‍ റൗണ്ട് ആണ് മികച്ച വിദേശ ഭാഷ ചിത്രം.

ഓസ്‌കാര്‍ ജേതാക്കള്‍

മികച്ച ചിത്രം- നൊമാഡ് ലാന്‍ഡ് (ക്ലോയി ഷാവോ)

മികച്ച നടന്‍- ആന്റണി ഹോപ്കിന്‍സ് (ദി ഫാദര്‍)

മികച്ച നടി- ഫ്രാന്‍സസ് മക്‌ഡോര്‍മന്‍ഡ് (നൊമാഡ്‌ലാന്‍ഡ്)

മികച്ച സംവിധായിക: ക്ലോയി ഷാവോ (ചിത്രം- നൊമാഡ് ലാന്‍ഡ്)

മികച്ച സഹനടന്‍: ഡാനിയേല്‍ കലൂയ (ചിത്രം- ജൂദാസ് ആന്‍ഡ് ദ ബ്ലാക്ക് മിസിയ)

മികച്ച അവലംബിത തിരക്കഥ- ക്രിസ്റ്റഫര്‍ ഹാംപ്റ്റണ്‍, ഫ്‌ളോറിയന്‍ സെല്ലര്‍ (ദി ഫാദര്‍)

മികച്ച തിരക്കഥ (ഒറിജിനല്‍)- എമെറാള്‍ഡ് ഫെന്നല്‍ (പ്രൊമിസിങ് യങ് വുമണ്‍)

മികച്ച വസ്ത്രാലങ്കാരം: ആന്‍ റോത്ത് (മ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച വിദേശ ഭാഷാചിത്രം: അനതര്‍ റൗണ്ട് (ഡെന്‍മാര്‍ക്ക്)

മികച്ച ശബ്ദവിന്യാസം: സൗണ്ട് ഓഫ് മെറ്റല്‍

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: റ്റു ഡിസ്റ്റന്റ് സ്‌ട്രേഞ്ചേഴ്‌സ്

മികച്ച ഹ്രസ്വ ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്‌ജെക്റ്റ്): കോളെറ്റ്

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: മൈ ഒക്ടോപസ് ടീച്ചര്‍

മികച്ച വിഷ്വല്‍ എഫക്ട്: ടെനെറ്റ്

മികച്ച സഹനടി- യൂന്‍ യോ ജുങ് (മിനാരി)

മികച്ച മേക്കപ്പ്, കേശാലങ്കാരം: സെര്‍ജിയോ ലോപസ് റിവേര, മിയ നീല്‍, ജമൈക്ക വില്‍സണ്‍ (ചിത്രം- മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മാന്‍ക്

മികച്ച ഛായാഗ്രഹണം: എറിക് മെസഷ്മിറ്റ് (മാങ്ക്)

മികച്ച ആനിമേഷന്‍ ചിത്രം: സോള്‍

മികച്ച എഡിറ്റിങ്: മിക്കല്‍ ഇ ജി നീല്‍സണ്‍ (സൗണ്ട് ഓഫ് മെറ്റല്‍)