ഖത്തറില്‍ കോവിഡ് കാലം സിനിമാക്കാലം ആക്കി ഒരുകൂട്ടം യുവാക്കള്‍; ബാച്ചിലര്‍ മുറിയിലെ സൗഹൃദം പറഞ്ഞ് ഞാള റൂം(Video)

nhala room

ദോഹ: ലോകത്തെത്തന്നെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയില്‍ ലോകം വലഞ്ഞപ്പോള്‍ ഖത്തറില്‍ ഒരുപറ്റം യുവാക്കള്‍ അതിനെ ജീവിതത്തിലെ അസുലഭനിമിഷങ്ങളാക്കി മാറ്റി.

എല്ലാ യുവാക്കളുടെയും സ്വപ്നമായ സിനിമ മാധ്യമത്തില്‍ ഒരു പരീക്ഷണ കാലംകൂടിയായിരുന്നു ഇവരുടെ ജീവിതത്തിലെ കൊറോണ കാലഘട്ടം.

ഒരേ ഫ്‌ളാറ്റിലെ താമസിക്കാര്‍ ആയ 7 യുവാക്കള്‍, അതില്‍ ഒരാള്‍ക്ക് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ ഏവര്‍ക്കും മാതൃകാപരമായതും സമൂഹത്തോടു കൂറുപുലര്‍ത്തുമായ തീരുമാനം ആയിരുന്നു അവര്‍ ആദ്യം എടുത്തത്, സമൂഹത്തിന്റെ നന്മയെ കരുതി സ്വയം ക്വാറന്റീനില്‍ കഴിയുക.

 

ആദ്യം കോവിഡ് ലക്ഷണങ്ങളുമായി ഹോസ്പിറ്റലില്‍ പോയത് ഫുഡ് സേഫ്റ്റി ഓഫീസര്‍ ആയ ജയ്‌സണ്‍ ആയിരുന്നു അതിനുശേഷം നഴ്‌സും പൊതുസമൂഹത്തില്‍ ആരോഗ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ജിന്റോ ആന്റണിയും അടുത്തദിവസങ്ങളില്‍ ആശുപത്രിയില്‍ പോയി രോഗം സ്ഥിതീകരിച്ചു. അതിനടുത്ത ദിവസങ്ങളില്‍ ഹമദ് ഹോസ്പിറ്റലില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ റൂമില്‍ വന്നു മറ്റുള്ളവരെയും പിസിആര്‍ ടെസ്റ്റ് നടത്തി എല്ലാവരും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

പിന്നീടുള്ള ദിവസങ്ങള്‍ സുഹൃത്തുക്കളുടെ ചര്‍ച്ചകളുടെ ദിവസങ്ങളായിരുന്നു. ഈ സമയത്താണ് ഖത്തറിലെ അറിയപ്പെടുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ പ്രജിത്ത് തനയന്‍ തന്റെ ആഗ്രഹം മറ്റുള്ളവരോട് തുറന്നുപറഞ്ഞത്. സ്റ്റില്‍ഫോട്ടോഗ്രാഫിയിനിന്നും വീഡിയോഗ്രാഫി യിലുള്ള പരിവര്‍ത്തനമാണ് പ്രജി ആഗ്രഹിച്ചത്. അതിനുള്ള എല്ലാ പിന്തുണയും സുഹൃത്തുക്കളും നല്‍കി. ഇതിന്റെ ചര്‍ച്ചകള്‍ക്കിടയില്‍ റൂമിലെ അനുഭവങ്ങള്‍തന്നെ അടര്‍ത്തിയെടുത്ത് ടെലിഫിലിം ആക്കിയാലോ എന്നുള്ള ചിന്ത പ്രജിത് ഉന്നയിച്ചപ്പോള്‍ മറ്റു സുഹൃത്തുക്കള്‍ അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

പിന്നീട് ടെലിഫിലിമിന്റെ അണിയറ പ്രവര്‍ത്തന നാളുകളായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രജിത് എഴുതി പൂര്‍ത്തീകരിച്ച സ്‌ക്രിപ്റ്റ് റൂമില്‍ വായിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ റൂമിലെ യഥാര്‍ത്ഥ രംഗങ്ങള്‍ തെളിഞ്ഞു വന്നു. പല പരീക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും എല്ലാവരും തയ്യാറായി. എല്ലാവരുടെയും ആദ്യ സംരംഭം എന്ന നിലയില്‍ വളരെയധികം പരിശീലനങ്ങള്‍ ആവശ്യമായിരുന്നു. എന്നാലും ദിവസങ്ങള്‍ക്കുള്ളില്‍ സുഹൃത്തുക്കള്‍ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു. ഇതിനിടയിലെല്ലാം കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ടെലിഫിലിമിന്റെ തിരക്കുകള്‍ അതെല്ലാം മറന്ന് എല്ലാവര്‍ക്കും ഊര്‍ജ്ജസ്വലരായിരിക്കുവാനും കോവിഡ് ഭീതിമാറ്റുവാനും ഈ സുഹൃത്തുക്കളെ സഹായിച്ചു. ഡോക്ടര്‍മാര്‍ മരുന്നുകളൊന്നും നിര്‍ദേശിക്കാത്തതുകൊണ്ട് അടുക്കള ചികിത്സയായിരുന്നു എല്ലാവര്‍ക്കും. എന്നും രാവിലെ ചുക്ക് കാപ്പിയും ആവി പിടുത്തവും ചൂട് കുത്തരികഞ്ഞിയും ഫ്രൂട്‌സുമായി സുഹൃത്തുക്കള്‍ ആരുടെ ആരോഗ്യം കാത്തുസൂക്ഷിച്ചു.

പലരും നാട്ടില്‍ സ്വന്തം വീടുകളില്‍ അറിയിക്കാതെയാണ് ഈ കാലഘട്ടം കഴിച്ചുകൂട്ടിയത്. 14 ദിവസത്തെ റെഡ് ക്വാറന്റീനും ഏഴ് ദിവസത്തെ യെല്ലോ ക്വാറന്റീനും കഴിഞ്ഞു ഇരുപത്തിഒന്നാം ദിവസം എല്ലാവര്‍ക്കും ഗ്രീന്‍ കോഡ് ഖത്തറിലെ ഇഹ്തിറാസ് ആപ്പില്‍ തെളിഞ്ഞപ്പോള്‍ ഞാള റൂം എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിമിനും ഗ്രീന്‍ സിഗ്‌നല്‍ തെളിഞ്ഞു.

സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ബാച്ചിലര് മുറികളില്‍ എങ്ങനെ ബാധിക്കുന്നു എന്നതും പ്രവാസി റൂമിലെ സുഹൃദ്ബന്ധം എങ്ങനെ ദൃഢം ആണെന്നും കാണിച്ചു തരുന്നതായിരുന്നു ടെലിഫിലിമിന്റെ ആശയം. മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ജയ്‌സണ്‍ മണവാളന്‍, രജീഷ്, ജിന്റോ, സമീര്‍ പിന്നെ സംവിധായകന്‍ പ്രജിതും മികച്ച അഭിനയം കാഴ്ച വച്ചു. സരില്‍ സത്യയും അന്‍സിറും ടെക്‌നിക്കല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മികവു പുലര്‍ത്തി. വീഡിയോ എഡിറ്റിങ്ങിനായി പുറത്തുനിന്ന് ഒരു സുഹൃത്തിന്റെ സഹായം തേടുകയും ചെയ്തു.

അതോടൊപ്പം സ്വന്തമായി രജീഷ് നിര്‍മിച്ച സോഫ്റ്റ്വെയറും പ്രജിത്തിന്റെ വൈല്‍ഡ്‌ഫോട്ടോസ് എഡിറ്റിങും സമീറിന്റെ പാട്ടു പഠിത്തവും ജയ്‌സന്റെയും ജിന്റോയുടെയും ഔദ്യോഗിക പഠനങ്ങളുമായി ഈ കാലഘട്ടം സുഹൃത്തുക്കള്‍ ഉപയോഗപ്രദമാക്കി.
അങ്ങനെ കൊറോണ കാലം ഈ റൂമിലെ ഒരു സ്വപ്ന കാലഘട്ടമാക്കി സുഹൃത്തുക്കള്‍മാറ്റി. ഇപ്പോള്‍ എല്ലാവരും ജോലിയില്‍ തിരികെ പ്രവേശിച്ചു.

കൊറോണയെ മറന്നുള്ള മനസിക ഉല്ലാസങ്ങള്‍ ആണ് ഒരു പരിധിവരെ കൊറോണ കാലത്തെ നേരിടാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം എന്ന ഈ സുഹൃത്തുക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു