ദോഹ: ഖത്തറിലെ പ്രമുഖ ഹ്രസ്വ ചിത്രസംവിധാകരനെ തേടി വീണ്ടും അംഗീകാരം. ഖത്തര്‍ ഫിലിം ക്ലബ് നടത്തിയ ‘ഖത്തര്‍ 48 മണിക്കൂര്‍ ഫിലിം ചലഞ്ച്’ മികച്ച ചിത്രമായി ഹിഷാം മടായി സംവിധാനം ചെയ്ത ‘ബിഗ് സീറോ’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഖത്തര്‍ റോയല്‍ പ്ലാസ സിനിമയില്‍ നടന്നു. ചിത്രത്തിന്റെ യൂട്യൂബ് റിലീസ് പ്രശസ്ത ചലച്ചിത്ര താരങ്ങളായ അപ്പാനി ശരത്, കലാഭവന്‍ നവാസ്, തെസ്നി ഖാന്, വിനോദ് കോവൂര്‍, അഖില്‍ പ്രഭാകര്‍, വിഷ്ണു പുരുഷന് എന്നീ താരങ്ങളുടെയും സുനില്‍ ഇബ്രാഹിം, ഷാനു സമദ് എന്നീ സംവിധായകരുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നടത്തി.
വിവിധ രാജ്യക്കാര്‍ പങ്കെടുത്ത മത്സരത്തില്‍ 34 എന്‍ട്രിയില്‍ നിന്നാണ് ഖത്തറിലെ മലയാളി പ്രവാസികളുടെ നേതൃത്വത്തില്‍ ചെയ്ത ‘ബിഗ് സീറോ’ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഖത്തര്‍ ഫൌണ്ടേഷന് സ്റ്റുഡന്റ് സെന്റര്‍ സിനിമയില്‍ വ്യാഴാഴ്ച തിരഞ്ഞടുത്ത സബ്ജെക്ട് പ്രോപ്പര്‍ട്ടി ഉപയോഗിച്ച് വെളളിയാഴ്ച ഷൂട്ട് ചെയ്ത് ശനിയാഴ്ച വൈകുന്നേരം സമര്‍പ്പിക്കുന്നതാണ് മത്സരത്തിന്റെ നിയമാവലി.
ഷമീര്‍ സി എം, മന്‍സൂര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഐ ബി ക്രിയേഷന്റെ ബാനറില്‍ സുനില്‍ ഹസ്സന്, നിസാം അഹമ്മദ് (പ്രോ ക്രിയേറ്റ്) എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റമീസ് അസീസ് (തിരക്കഥ), വിഷ്ണു രവി (കഥ), ജയശങ്കര്‍ (ഛായാഗ്രഹണം ), സുനില്‍ ഹസ്സന് (സൗണ്ട് ഡിസൈന്‍) ലുക്മാനുല്‍ ഹക്കീം (എഡിറ്റിങ്ങ്) ആര്‍ജെ ജിബിന്‍, റഫീഖ് പുത്തന്‍വീട്ടില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ദോഹ ഫിലിം ഇന്‍സറ്റിറ്റിയൂട്ടിന്റെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള രണ്ട് അവാര്‍ഡുകള്‍, കഴിഞ്ഞ മാസം കേരളത്തില്‍ നടന്ന ലോക മലയാളം ഹ്രസ്വ ചിത്ര മല്‍സരത്തില്‍ മികച്ച ഇന്ത്യന്‍ പ്രവാസി ചിത്രം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേരത്തേ ഹിഷാം മാടായി സ്വന്തമാക്കിയിട്ടുണ്ട്.