പത്മരാജന്റെ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെ ആറടി രണ്ടിഞ്ച് ഉയരമുള്ള പൊടി മീശക്കാരന് മലയാളി മനസ്സുകളിലേക്ക് ചേക്കേറിയിട്ട് മുപ്പത്തിയേഴ് വര്‍ഷം. 1983ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’യിലെ രവി പുത്തൂരാനെ അത്രപെട്ടെന്നൊന്നും മലയാളികള്‍ മറക്കാനിടയില്ല. തന്റെ അഭിനയ ജീവിതം നാല് പതിറ്റാണ്ടോളം അടുക്കുന്ന സന്തോഷം നടന് റഹ്മാന് ഫേസ്ബുക് പോസ്റ്റിലൂടെ പങ്കിട്ടു.
മമ്മൂട്ടിയും സുഹാസിനിയും നായികാ നായകന്മാരായ ചിത്രത്തില്‍ ശക്തമായ വേഷം തന്നെയായിരുന്നു റഷീന് എന്ന റഹ്മാന് ആദ്യ ചിത്രത്തില്‍ തന്നെ ലഭിച്ചത്. ഊട്ടിയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ആദ്യ പ്രകടനം
പുരസ്കാരത്തിലും കൊണ്ടെത്തിച്ചു. കന്നിചിത്രത്തില്‍ തന്നെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം 16 വയസ്സുകാരന് നേടി.
എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു റഹ്മാന്. ഭരതന്, കെ. ബാലചന്ദര്‍, പ്രിയദര്ശന്, കെ.എസ്. സേതുമാധവന് തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളില്‍ നായകവേഷങ്ങള്‍ ചെയ്തു. ശിവാജി ഗണേശന്, പ്രേംനസീര്‍ തുടങ്ങിയ പഴയതലമുറയ്ക്കൊപ്പവും അഭിനയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന് കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങള്‍ പുറത്തുവന്നു. ഇവയിലേറെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ അഭിനേതാവെന്നതിലുപരി അന്നത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ റഹ്മാന് ഹരമായി മാറിയത് നൃത്തത്തിലൂടെയാണ്. ‘കാണാമറയത്ത്’ എന്ന ചിത്രത്തിലെ ‘ഒരു മധുരക്കിനാവിന്‍ ലഹരിയില്‍…’ എന്ന് തുടങ്ങുന്ന ഡാന്‍സ് നമ്പര്‍ യുവാക്കളുടെ കാലാതീതമായ ഗാനമായി മാറി. ഈ ഗാനത്തിന് ‘തേജാഭായ് ആന്‍ഡ് ഫാമിലി’ എന്ന സിനിമയില്‍ പുതിയ തലമുറ വേര്‍ഷനുമൊരുങ്ങി.
1990 കളില്‍ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തില്‍ ഇടവേള വന്നു. തമിഴ്, തെലുങ്ക് സിനിമകളില്‍ രഘുമാന്‍, രഘു എന്നീ സ്ക്രീന്‍ നാമങ്ങളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. എങ്കിലും ഒന്നുരണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തൊണ്ണൂറുകളുടെ അവസാനത്തോടെ മടങ്ങിയെത്തി. വര്‍ഷം ഒരു ചിത്രം എന്ന കണക്കില്‍ കുറെ സിനിമകളില്‍ അഭിനയിച്ചുവെങ്കിലും പിന്നീട് തീര്‍ത്തും ഇല്ലാതെയായി. തൊണ്ണൂറുകളില്‍ റഹ്മാന് അഭിനയിച്ച ഐ.വി. ശശിയുടെ ‘അപാരത’ എന്ന ചിത്രം മാത്രമാണ് വിജയിച്ചത്. മറ്റുള്ളവയൊക്കെ പരാജയമായി.നീണ്ട ഇടവേളയ്ക്കു ശേഷം 2004ല്‍ രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലെ ഉപനായകനായി റഹ്മാന് മലയാളത്തിലേക്കു തിരിച്ചുവന്നു. ആവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് മുഖ്യധാരാ മലയാള ചിത്രങ്ങളില്‍ റഹ്മാന് നിറസാന്നിധ്യമായി. 2019ല്‍ പുറത്തിറങ്ങിയ മള്‍ട്ടി-സ്റ്റാര്‍ ചിത്രം ‘വൈറസ്’ ആണ് റഹ്മാന് വെള്ളിത്തിരയിലെത്തിയ ഏറ്റവും പുതിയ ചിത്രം.