Saturday, June 12, 2021
Home Special GM Talkies ബോഡി ഷെയ്മിങ്ങിനെതിരെ കടുത്ത പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍

ബോഡി ഷെയ്മിങ്ങിനെതിരെ കടുത്ത പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍

ബോഡി ഷെയ്മിങ്ങിനെതിരെ കടുത്ത പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. തന്റെ മുഖത്തെ ഓരോ മേക്കപ്പ് തുടച്ചു മാറ്റിക്കൊണ്ടുള്ള വിഡിയോയിലൂടെയാണ് സിത്താര തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള മുഖത്തോടു കൂടി ഒരു ഫോട്ടോ പങ്കുവച്ചപ്പോള്‍ അതിനു വന്ന പൊളിറ്റിക്കലി കറക്ട് അല്ലാത്ത കമ്റ്റുകള്‍ വിഡിയോയില്‍ ഓരോന്നായി എടുത്തു പറഞ്ഞു സിത്താര. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വരുന്ന കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് സിത്താര വീഡിയോയിലൂടെ തന്നെ അറിയിക്കുന്നു.

ഒരു ദൈര്‍ഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി. ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചര്‍ച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്. ഓണ്‍ലൈന്‍ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റു തലക്കെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കില്‍ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ, നിങ്ങളും അനുഭാവപൂര്‍വം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു. നമുക്കെല്ലാവര്‍ക്കും കൂടുതല്‍ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയില്‍- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത് .

വീഡിയോയിലെ സിത്താരയുടെ വാക്കുകളിലേക്ക്: മേക്കപ്പ് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ മലയാളത്തനിമ ഉണ്ടെന്ന് കമന്റ് പറയുന്നവര്‍ മേക്കപ്പ് നീക്കം ചെയ്താല്‍ ഭിക്ഷക്കാരിയെന്നും ബംഗാളി സ്ത്രീയെന്നും ട്രാന്‍സ്ജെന്‍ഡറെന്നും പരിഹാസേന വിളിക്കുന്നു. എന്നാല്‍ ഈ വാക്കുകള്‍ ഒരിക്കലും പരിഹസിക്കാനുളളവയല്ല, ട്രാന്‍സ്ജെന്‍ഡറുകളും ബംഗാളി സ്ത്രീയും ഭിക്ഷക്കാരിയുമെല്ലാം മനുഷ്യരാണ്. അവര്‍ എങ്ങിനെയാണ് പരിഹാസ കഥാപാത്രങ്ങളാവുന്നത്. പരിഹസിക്കാന്‍ ഉപയോഗിക്കേണ്ട വാക്കുകളാണോ അവ. മേക്കപ്പുകളൊന്നുമില്ലാതെ സത്യസന്ധമായ രൂപത്തെ അവതരിപ്പിക്കുമ്‌ബോള്‍ മോശം അഭിപ്രായങ്ങള്‍ ലഭിക്കുകയും, മേക്കപ്പൊക്കെയിട്ട് വരുമ്‌ബോള്‍ നല്ല അഭിപ്രായം ലഭിക്കുകയും ചെയ്യുന്നത് വിരോധാഭാസമായി തോന്നിയിട്ടുണ്ട്, സിത്താര പറയുന്നു.

പ്രൊഫഷണല്‍ ജീവിതത്തില്‍ എനിക്ക് മേക്കപ്പ് ഇടേണ്ടിവരും നല്ല സാരിയുടുക്കേണ്ടി വരും. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ഞാന്‍ അങ്ങനെയല്ല. ആരോഗ്യകരമായ സംവാദങ്ങള്‍ ആകാം. എന്നാല്‍ മറ്റുളളവരെ പരിഹസിക്കുന്നതിലൂടെ എന്താണ് ലഭിക്കുന്നത്. അഭിപ്രായങ്ങള്‍ സ്നേഹത്തോടെ പറയുന്നതാണ് ആരോഗ്യകരമെന്നും സിത്താര പറയുന്നു. വളരെയധികം നെഗറ്റിവിറ്റി നിറഞ്ഞ കാലത്തിലൂടെയാണ് മനുഷ്യരാശി കടന്നുപോയികൊണ്ടിരിക്കുന്നതെന്നും അതിനാല്‍ അങ്ങേയറ്റം പോസിറ്റീവ് ആയിരിക്കാന്‍ ശ്രമിക്കണമെന്നും സിത്താര പറയുകയുണ്ടായി. ഇതിന് മുന്‍പും സമാന വിഷയത്തില്‍ താരം തന്റെ നിലപാട് അറിയിച്ചിരുന്നു .

Most Popular