അകാലനരയെ നമ്മൾ സാധാരണയായി പല പേരുകളിൽ വിളിക്കാറുണ്ട്. ഓമനനരയെന്നും മറ്റും. പാരമ്പര്യമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയും ചെയ്യും. എന്നാൽ, നേരത്തെ മുടി നരയ്ക്കുന്ന പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത കൂടുതലാണെന്നാണ് സ്‌പെയിനിലെ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഒരു പഠനത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. തലയിൽ നേരത്തെയുണ്ടാകുന്ന ഇത്തരം വെള്ളിയിഴകളുടെ ഉയർന്ന അളവ് കൊറോണറി ആർട്ടറി രോഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് പഠനത്തിൽ പറയുന്നത്.
42 മുതൽ 64 വയസ്സുവരെയുള്ള 545 മുതിർന്ന പുരുഷന്മാരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. നരച്ച മുടിയുടെ അളവിനെ അടിസ്ഥാനമാക്കി പഠനത്തിൽ പങ്കെടുത്തവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരുന്നു. കറുത്ത മുടി മാത്രമുള്ളവർ, ശുദ്ധമായ വെള്ള, ചാരനിറം. ഇവരിൽ വെളുത്ത മുടിയുടെ അളവ് കൂടുതലുള്ള 80 ശതമാനം പേർക്കും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തി. മുടി നരയ്ക്കുന്നത് സ്വാഭാവിക വാർധക്യത്തെയും അനാരോഗ്യകരമായ വാർധക്യത്തെയും സൂചിപ്പിക്കുാറുണ്ട്. പ്രായമേറുന്തോറും എല്ലാ മനുഷ്യരിലും സെല്ലുലാർ ഡീഗ്രേഡേഷൻ, സിസ്റ്റമാറ്റിക് വീക്കം, ഹോർമോൺ മാറ്റങ്ങൾ, ഡിഎൻഎ പ്രവർത്തനം എന്നിവ ദുർബലമാക്കുന്നു. അതിനാലാണ് വാർധക്യകാലത്തുണ്ടാകുന്ന ഹൃദ്രോഗങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നത്. മുടി നേരത്തേ നരക്കുമ്പോൾ മേൽപ്പറഞ്ഞ മാറ്റങ്ങൾ കൂടെ ശരീരത്തിൽ ഉണ്ടാകാം. എന്നിരുന്നാലും, നരച്ച മുടിയും ഹൃദ്രോഗസാധ്യതകളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിന് കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.
ഹൃദയത്തിന് കുഴപ്പമുണ്ടാകുമ്പോൾ ശരീരം ചില അപ്രതീക്ഷിത അടയാളങ്ങൾ തരും.
ഇതിൽ ഏറ്റവും സാധാരണമായ അടയാളമാണ് നെഞ്ചുവേദന. നിർഭാഗ്യവശാൽ, പലരും നെഞ്ചുവേദന മാത്രമാണ് ഹൃദയരോഗവുമായി ബന്ധപ്പെട്ട ലക്ഷണം എന്നും വിശ്വസിക്കുന്നു. നമ്മൾ അവഗണിക്കുന്ന പല നിസ്സാരപ്രശ്‌നങ്ങളും ഹൃദ്രോഗലക്ഷണമാകാം.
1. കൂർക്കം വലി
ഉറക്കത്തിൽ സ്വാഭാവിക ശ്വാസോച്ഛാസം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന സ്ലീപ് അപ്‌നിയയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തിന്റെ ലക്ഷണമാണ് കൂർക്കം വലി. എന്നാൽ, ഉയർന്ന രക്തസമ്മർദ്ദം, ശരീരത്തിലെ രക്തയോട്ടം കുറയുക, ഹൃദയസമ്മർദ്ദം തുടങ്ങി ചില ശാരീരിക മാറ്റങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.
2. മസിൽ പിടിത്തം
ചിലർ രാവിലെ ഉണരുന്നത് ഒരു പക്ഷേ മസിലു കയറിയ വേദനയാൽ പുളഞ്ഞാവും. പല പ്രായക്കാരിലും ഇത് സ്ഥിരമായി കാണാറുമുണ്ട്. തണുപ്പ് കൂടിയത് കൊണ്ടാണെന്നും, രക്തക്കുറവാണെന്നുമൊക്കെയുള്ള പല കാരണങ്ങൾ ഇതിനു നമ്മൾ തന്നെ കണ്ടെത്തുകയും ചെയ്യും. എന്നാൽ ഇത് പതിവായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനർഥം പ്രസ്തുത മസിലിന് മുകളിൽ എന്തോ ഒരു തടസ്സം ഉണ്ടെന്നാണ്. അങ്ങനെയുണ്ടെങ്കിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജൻ അടങ്ങിയ രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയില്ല.
3. നഖങ്ങൾക്കുണ്ടാകുന്ന നിറവ്യത്യാസം
വിരൽ എവിടെയെങ്കിലും കുടുങ്ങിപ്പോകുകയോ മറ്റോ ചെയ്താൽ സാധാരണയായി നഖത്തിന്റെ അടിഭാഗത്ത് രക്തം കട്ട പിടിച്ച് ഇരുണ്ട നിറം രൂപപ്പെടും. വേദന പോയാലും കുറച്ചു ദിവസം അത് അവിടെത്തന്നെ നിൽക്കും. എന്നാൽ, അങ്ങനെ ഒരപകടവും സംഭവിക്കാതിരിക്കുന്ന അവസരത്തിൽ നഖത്തിനുണ്ടാകുന്ന നിറവ്യത്യാസത്തെ അവഗണിക്കരുത്. നഖങ്ങളുടെ സ്വാഭാവിക നിറം നഷ്ടപ്പെടുകയോ നീല അല്ലെങ്കിൽ പർപ്പിൾ ആയി മാറുകയോ ചെയ്താൽ അത് താരതമ്യേന ഗുരുതരമായ ഹൃദ്രോഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷണ സംഘം പറയുന്നു.
4. കൈകാൽ മരവിപ്പ്
സാധാരണ പ്രായമേറിയവരിലാണ് കണ്ടു വരാറുള്ളതെങ്കിലും മാറിയ ജീവിതസാഹചര്യം മൂലം യുവാക്കളിലും കൈകാൽ തരിപ്പ് (മരവിപ്പ്) ഉണ്ടാവാറുണ്ട്. രക്തക്കുറവ്, ശരീരോഷ്മാവ് കുറവ്, ശീതരക്തം എന്നിവയൊക്കെയാണ് പണ്ടുള്ളവർ ഇതിനു കണ്ടെത്തുന്ന കാരണങ്ങൾ. എന്നാൽ, ധമനികൾ ഇടുങ്ങുന്നതു മൂലം രക്തചംക്രണം തടസ്സപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതായത്, നമ്മുടെ ശരീരത്തിന്റെ പലഭാഗങ്ങളിലേക്കും ആവശ്യത്തിന് ഓക്‌സിജൻ എത്തുന്നില്ല എന്ന്. ഹൃദയപ്രശ്‌നങ്ങളുടെ പ്രധാന അടയാളങ്ങളിലൊന്നായി നമുക്കിതിനെ കാണാം.
5. ചർമത്തിനുണ്ടാകുന്ന നീല നിറം
ഇതിനെ ഹൃദ്രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായിത്തന്നെ കാണാവുന്നതാണ്. രക്തത്തിൽ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുകയാണെങ്കിൽ ചർമ്മം നീലയായി മാറുന്നു. ഇത് ഹൃദയത്തിലേക്കുള്ള തക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഹൃദയത്തിന്റെയും ധമനികളുടെയും പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നു.
6. ഉദ്ധാരണക്കുറവ്
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണം പറയുന്നത് ഉദ്ധാരണക്കുറവ് പുരുഷന്മാരിലെ ഹൃദയ രോഗങ്ങളുടെ സിഗ്‌നലാണെന്നാണ്. പല പഠനങ്ങളിലും ഇത് ഹൃദ്രോഗങ്ങളുടെ മുന്നോടിയാകാമെന്ന് പറയുന്നുണ്ട്. ഹൃദയധമനികളുടെ തകരാറിന്റെ പ്രാരംഭ ലക്ഷണമായി കാണാവുന്ന ഒന്നാണ് ഉദ്ധാരണക്കുറവ്.