Sunday, July 25, 2021
Home Special GM Talkies സിനിമക്കുള്ളിലെ സിനിമയുമായി ഹലാൽ ലൗവ് സ്റ്റോറി നാളെ മുതൽ ആമസോൺ പ്രൈമിൽ

സിനിമക്കുള്ളിലെ സിനിമയുമായി ഹലാൽ ലൗവ് സ്റ്റോറി നാളെ മുതൽ ആമസോൺ പ്രൈമിൽ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ ചിത്രമായ ‘ഹലാൽ ലൗ സ്റ്റോറി’ നാളെ മുതൽ ആമസോൺ പ്രൈമിൽ. സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും എത്തുന്നുണ്ട്. ആഷിക് അബു, ഹർഷാദ് അലി, ജസ്‌ന ആശിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സംവിധായകൻ സക്കരിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒടിടി പ്ലാറ്റ്ഫോമുകൾ തുറന്നിടുന്നത് വലിയ സാധ്യതകളാണെന്ന് തന്റ ആദ്യ സിനിമയായ ‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സക്കറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. തിയേറ്ററുകളിൽ സിനിമ കാണുന്നതുപോലെ തന്നെയുള്ള മറ്റൊരു അനുഭവമാകും ഒടിടി പ്ലാറ്റ്ഫോമുകൾ നൽകുക. രണ്ടിനും അവയുടേതായ സാധ്യതകളുണ്ട്. രാജ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും തമ്മിലുള്ള വിനിമയം ഒടിടി പ്ലാറ്റ്ഫോമുകൾ സാധ്യമാക്കുന്നുണ്ട്.ഒരു സംവിധായകനെന്ന നിലയിൽ അത്തരം സാധ്യതകൾ പരീക്ഷിക്കാൻ താൽപര്യമുണ്ടെന്നും സക്കറിയ പറഞ്ഞു.

വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള ചലച്ചിത്ര നിർമാണത്തിൽ തത്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചലച്ചിത്രനിർമാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗനിർദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നു. ഇത് രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.

ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്സിൻ പരാരിയും ചേർന്നാണ് രചിച്ചത്. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിൽ ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ, യാക്സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.

നാളെ മുതൽ ചിത്രം ആസോണിൽ സ്ട്രീം ചെയ്തു തുടങ്ങും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി ഹലാൽ ലൗ സ്റ്റോറി കാണാൻ സാധിക്കും.

Most Popular