മഴക്കാലത്തും തണുപ്പ് കാലത്തും എല്ലാ വിധത്തിലുള്ള പകര്‍ച്ച വ്യാധികളും ആദ്യം ബാധിക്കുക കുട്ടികളെയാണ്. ജലജന്യ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. മുതിര്‍ന്നവരിലും കുട്ടികളിലും എല്ലാം ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോളറ, ടൈഫോയ്ഡ് പോലുള്ളവ കുട്ടികളെയാണ് ആദ്യം ബാധിക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് ആദ്യം ക്ലോറിനേഷനും ശുദ്ധജല വിതരണവും ആണ് നടത്തേണ്ടത്. ഇത് രോഗത്തെ ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്തുന്നു. കുഞ്ഞിന് വെള്ളം കൊടുക്കുമ്പോള്‍ പോലും നല്ലതു പോലെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കൊടുക്കുക.
എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ പിടിപെട്ടാല്‍ ഉടനേ തന്നെ ചികിത്സ ലഭ്യമാക്കണം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന അവസ്ഥ കുഞ്ഞിന് ഉണ്ടെങ്കില്‍ പ്രതിരോധ നടപടികള്‍ എടുക്കണം. പനിയോ മറ്റെന്തെങ്കിലും ലക്ഷണങ്ങളോ അനുഭവപ്പെട്ടാല്‍ ഉടനേ തന്നെ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് കുഞ്ഞിനെ എത്തിക്കും.
കുഞ്ഞിന് ഭക്ഷണം നല്‍കുമ്പോള്‍ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും പഴകിയതും ബാക്കിയുള്ളതുമായ ഭക്ഷണം കുഞ്ഞിന് നല്‍കരുത്.
നവജാത ശിശുക്കളില്‍ എന്തുകൊണ്ടും തണുപ്പടിച്ച് ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടി കുഞ്ഞിനെ എപ്പോഴും പൊതിഞ്ഞ് സൂക്ഷിക്കണം. കുഞ്ഞിന് ഇടക്കിടെ പാല്‍ കൊടുത്ത് കൊണ്ടിരിക്കണം.