പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കാം; മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം

കുട്ടിക്കാലത്ത് നാം മാതാപിതാക്കന്‍മാരെ കെട്ടിപ്പിടിച്ച് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചിരുന്നു. എന്നാല്‍, വലുതാവുന്തോറും നാം പരസ്യമായി കെട്ടിപ്പിടിക്കാന്‍ മടി കാണിക്കുന്നു. എല്ലാവരും കാണെ കെട്ടിപ്പിടിക്കുന്നത് ഒരു മോശം സംഗതിയായാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍, ഇതൊരു തെറ്റിദ്ധാരണയാണെന്നറിയുക.

വൈകാരികമായും ആരോഗ്യപരമായും വളരെയേറെ ഗുണം ചെയ്യുന്നതാണീ കെട്ടിപ്പിടിത്തം. ഒറ്റയ്ക്കാകുന്നത് അതായത് ഏകാന്തത അനുഭവിക്കുന്നത് മിക്കവര്‍ക്കും താങ്ങാവുന്ന കാര്യമല്ല. അതു കൊണ്ട് തന്നെ പലര്‍ക്കും ആധിയും വ്യാധിയുമേറാറുമുണ്ട്. അത്തരം ഏകാന്ത വ്യഥകളില്‍ പ്രിയപ്പെട്ട ഒരാളുടെ കരസ്പര്‍ശം പോലും നമുക്ക് ആശ്വാസദായകമാണ്. അങ്ങനെയിരിക്കെ ഒരാള്‍ കെട്ടിപ്പിടിച്ചാല്‍ പിന്നെ പറയുകയും വേണ്ട. മാനസികവും ശാരീരികവുമായ പല വിധ പ്രശ്നങ്ങളും ഇതേ തുടര്‍ന്ന് പമ്പ കടക്കുകയും ചെയ്യും. ഇതിന് പുറകില്‍ നിരവധി ശാസ്ത്രീയമായ കാരണങ്ങളുണ്ട്.

പ്രിയതമനെയോ അഥവാ പ്രിയതമയെയോ കെട്ടിപ്പിടിക്കുന്നതിലൂടെ പങ്കാളിയുടെ അമിത രക്തസമ്മര്‍ദം ലഘൂകരിക്കാന്‍ സാധിക്കുമെന്നത് ശാസ്ത്രീയമായി തെളിഞ്ഞ സംഗതിയാണ്. സമ്മര്‍ദമുണ്ടാക്കുന്നത് നമ്മില്‍ കൂടുതലായി കോര്‍ട്ടിസോള്‍ എന്ന സ്ട്രസ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ്. എന്നാല്‍, പ്രിയങ്കരമായ ഒരാലിംഗനത്തിലൂടെ ഇതിന്റെ ഉല്‍പാദനം കുറയ്ക്കാനും സമ്മര്‍ദത്തെ അതിജീവിക്കാനും സാധിക്കുമെന്ന് വിവിധ ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

നമ്മുടെ മനസിന് ശാന്തിയേകുന്ന ഹോര്‍മോണാണ് സെറോട്ടോണ്‍. കുറേ സമയം കെട്ടിപ്പിടിക്കുന്നതിലൂടെ ഇതിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നറിയുക. അതിലൂടെ നമുക്ക് സന്തോഷവും സമാധാനവുമുണ്ടാകുമെന്നുറപ്പാണ്. ആലിംഗനത്തിലൂടെ ടെന്‍ഷന്‍ ഇല്ലാതാക്കാനും ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനും വേദനകളെ കുറയ്ക്കാനും സാധിക്കുന്നു. കെട്ടിപ്പിടിത്തം ലഭിക്കുന്നതിലൂടെ മനസിന്റെ ഏകാന്തതയും ആശങ്കയും നമ്മെ വിട്ട് മാറുകയും പുതിയ ആഹ്ലാദത്തിന്റെ തലങ്ങളിലേക്ക് നമുക്കെത്തിച്ചേരാന്‍ സാധിക്കുകയും ചെയ്യും.