ഒരു അഞ്ച് മിനിട്ടു പോലും അടങ്ങിയിരിക്കാത്ത, പറയുന്നതിനൊക്കെ നേര്‍വിപരീതം കാണിക്കുന്ന, കൂട്ടുകാരുടെ പുസ്തകം വലിച്ചുകീറി വികൃതി കാട്ടുന്ന, ബഹളംവയ്ക്കുകയും ചെയ്യുന്നവര്‍, ഇത്തരക്കാരെ അമിത വികൃതിക്കാര്‍ എന്നോ കുറുമ്പുകാരെന്നോ പറഞ്ഞ് അടിയും ചീത്തയുമൊക്കെ നല്കി ഒഴിവാക്കാറാണ് പതിവ് രീതി. ഇവര്‍ എത്ര അടിക്കിട്ടിയാലും നിമിഷ നേരം കൊണ്ട് വീണ്ടും പഴയ പടിയായി മാറും. എന്ത് കൊണ്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വികൃതി എന്ന് പറഞ്ഞ് തള്ളികളയാന്‍ വരട്ടെ..
അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിവ ആ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആ കുട്ടിക്ക് അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന പ്രശ്നമുണ്ടോയെന്ന് ഒരു മാനസികാരോഗ്യ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കേണ്ടത് ആവശ്യമാണ്. പകരം ഒരിക്കലും അല്ല, അവന് വികൃതി കൂടുതലാണ് എന്നുപറഞ്ഞ് പ്രശ്നം നിസ്സാരവത്കരിച്ചാല്‍ അവന്റെ ADHD (attention defcit hyper activity disorder) എന്ന രോഗാവസ്ഥ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നതോടെ കുട്ടിയുടെ ഭാവിയെ കാര്യമായി തന്നെ ബാധിക്കും.
എന്താണ് ADHD? തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്. എഡിഎച്ച്ഡി എന്ന അവസ്ഥയ്ക്ക് കുട്ടി ഒരു കാരണവശാലും കാരണക്കാരനാകുന്നില്ല. നാം വിചാരിച്ചാല്‍ ഒരു പരിധിവരെ ഈ പെരുമാറ്റ വൈകല്യത്തെ ഒഴിവാക്കാവുന്നതേയുള്ളു. കുട്ടികളിലെ എഡിഎച്ച്ഡി (Attention Deficit And Hyperactivity Disorder) എന്ന ഈ പെരുമാറ്റ വൈകല്യത്തെ എങ്ങനെ തടയാം അഥവാ ഇതിനെ തടയേണ്ടതെങ്ങനെ എന്ന് അന്വേഷിക്കുന്നവര്‍ ധാരാളമുണ്ട്. മാതാപിതാക്കളും മറ്റ് മുതിര്‍ന്നവരും വിചാരിച്ചാല്‍ ഒരു പരിധിവരെ കുട്ടികളിലെ ഇത്തരം ഹൈപ്പര്‍ ആക്റ്റിവിറ്റി നിയന്ത്രിക്കാവുന്നതേയുള്ളൂ.
ഗര്‍ഭകാലം തൊട്ടെ ശ്രദ്ധ നല്കിയാല് ഒരുപരിധി വരെ ഇത് തടയാനാകും. ഗര്‍ഭകാലത്ത് കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കുന്ന ഒന്നും തന്നെ ഉപയോഗിക്കാതിരിക്കക. മദ്യപാനം, പുകവലി മറ്റ് ദോഷകരമാകുന്ന മരുന്നുകള്‍ പാനീയങ്ങള്‍ എന്നിവ കര്‍ശനമായും ഒഴിവാക്കുക. അതോടൊപ്പം പരിസര മലിനീകരണം ഒഴിവാക്കാം. കുഞ്ഞുങ്ങള്‍ സിഗരറ്റ് പുക, വിഷവാതകങ്ങള്‍ തുടങ്ങിയവ ശ്വസിക്കാനുള്ള അവസരങ്ങളും ഒഴിവാക്കേണ്ടതാണ്. ചില പഴയ കെട്ടിടങ്ങളില്‍ ഈയം ചേര്‍ത്ത പെയിന്റ് ഉണ്ടാകും. ഇതും കുട്ടികളെ സാരമായി ബാധിക്കുന്നതാണ്.
കുട്ടികളുടെ ശല്യം ഒഴിവാക്കാനായി മൊബൈലും മറ്റും കൊടുത്ത് ശീലിപ്പിക്കുന്നവര് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് തലവേദന ഒഴിവാക്കാനായി ഇത്തരം ശീലങ്ങള്‍ പകര്‍ന്ന് നല്കുമ്പോള് കുട്ടികളെ കാര്യമായി തന്നെ ബാധിക്കും. അത്കൊണ്ട് ആദ്യത്തെ അഞ്ച് വര്‍ഷം ടിവി, മൊബൈല്‍, വിഡിയോ ഗെയിം, ടാബ്ലറ്റ് തുടങ്ങിയവ നല്കുന്നതില് നിയന്ത്രണം വെക്കുന്നത് നല്ലതാണ്.
ഇനി കുട്ടിയില്‍ എഡിഎച്ച്ഡി കണ്ടെത്തി കഴിഞ്ഞാല്‍ പരിഭ്രമിക്കാതെ കുട്ടികളുടെ ശീലങ്ങള്‍ക്ക് ചില ചിട്ടകള്‍ കൊണ്ടു വരാം. രാവിലെ എഴുന്നേല്‍ക്കാനും പ്രഭാതകൃത്യങ്ങള്‍ക്കും ഭക്ഷണത്തിനും ഒക്കെ കൃത്യമായി സമയം പാലിക്കാന്‍ ശ്രദ്ധിക്കാം. അവരുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ മറ്റ് കാര്യങ്ങള്‍ ചെയ്യാതിരിക്കുക. അവന്റെ കണ്ണില്‍ നോക്കിത്തന്നെ വേണം നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സംസാരിക്കുവാനും. അവന് ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാന്‍ ശ്രദ്ധിക്കുക. അധ്യാപകരും ആയമാരുമായി കുട്ടിയുടെ പ്രശ്നത്തെപ്പറ്റി സംസാരിക്കുക. അവരുടെയും സഹകരണത്തോടെ ഇതിന്റെ അളവ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കാം.
ഹൈപ്പര്‍ ആക്റ്റിവിറ്റിയും ചികിത്സയും
കുട്ടികളിലെ ഈ സ്വഭാവവൈകല്യത്തിന് സാധാരണയായി മൂന്ന് ഘട്ടമായുള്ള ചികിത്സയാണുള്ളത്. ഒന്നാമതായി മരുന്നു നല്‍കിക്കൊണ്ടുള്ള ചികിത്സ. രണ്ടാമത് വിദ്യാഭ്യാസം അഥവാ അറിവിലൂടെയുള്ള മാറ്റിയെടുക്കല്‍. മൂന്നാമത്തേത് നിരന്തരമായ പരിശീലനത്തിലൂടെയും കൗണ്‍സിലിങിലൂടെയുമാണ്.
സങ്കീര്‍ണമായ ഈ അവസ്ഥയ്ക്ക് പലപ്പോഴും ഉത്തേജക ഔഷധം (stimulants) നല്‍കേണ്ടതായി വരും. 80% വരെ ഇത് ഫലപ്രദവുമാണ്. എന്നാല്‍ ഇത്തരം മരുന്നുകള്‍ ഭാവിയില്‍ കുട്ടികളില്‍ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യതയുണ്ടോയെന്ന സ്വാഭാവിക സംശയം വേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉത്തേജകമല്ലാത്ത മരുന്നുകളും ഇപ്പോള്‍ ലഭ്യമാണ്. ഇവ കൊണ്ട് എഡിഎച്ച്ഡിയുെട പല ലക്ഷണങ്ങളെയും മാറ്റാനാകും. 50% കുട്ടികളിലും മരുന്നിലൂടെ തന്നെ മുക്തി നേടും. ചെറിയ ഒരു ശതമാനത്തിനു മാത്രമേ യൗവനകാലത്ത് മറ്റു ചികിത്സകള്‍ വേണ്ടി വരൂ.
ശരിയായ അളവില്‍ കൃത്യ സമയത്ത് മരുന്ന് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രം മരുന്നുകള്‍ കൊടുക്കുക. കുട്ടികള്‍ എടുക്കാത്ത വിധം വേണം ഇവ സൂക്ഷിക്കേണ്ടത്. മരുന്ന് അളവിലും അധികമാകുന്നത് വിപരീതഫലമാകും നല്‍കുക.