നല്ല ഭംഗിയുള്ള മുഖമാണെങ്കിലും കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണ്. കണ്‍തടത്തിലെ കറുപ്പ് കേവലം സൗന്ദര്യപ്രശ്നമായി മാത്രം എടുക്കാനാവില്ല. എന്തെങ്കിലും കാരണവശാല്‍ ക്ഷീണം തോന്നിയാലും കണ്തടത്തില് കറുപ്പേറും. അസുഖങ്ങള്‍ കാരണവും ചിലരുടെ കണ്‍തടത്തിന് കറുപ്പുണ്ടാകും. കണ്‍തടത്തിലെ ചര്‍മം കൂടുതല്‍ കട്ടി കുറഞ്ഞതായതു കൊണ്ട് ഈ ഭാഗത്ത് രാസവസ്തുക്കള്‍ കലര്‍ന്ന ക്രീമുകളും മറ്റും ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ല.
ഉറക്കക്കുറവാണ് പലപ്പോഴും കണ്‍തടത്തിലെ കറുപ്പിന് കാരണമാകുന്നത്. ദിവസവം നല്ലപോലെ ഉറങ്ങുക. ഓരോരുത്തര്‍ക്ക് വേണ്ട ഉറക്കത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും. ക്ഷീണം മാറുന്നതു വരെ ഉറങ്ങുകയെന്നതാണ് പ്രധാനം. രാത്രി ഏറെ വൈകിയിരിക്കാതെ നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്ക്കുന്നതും നല്ല ശീലം തന്നെയാണ്. പോഷകാഹാരക്കുറവ് കൊണ്ടും കണ്തടത്തില് കറുപ്പു വരാം. വൈറ്റമിനുകളും പ്രോട്ടീനുകളും ധാതുക്കളും കലര്‍ന്ന ഭക്ഷണം കഴിയ്ക്കുക. കൂടാതെ പുകവലി ഉപേക്ഷിക്കുക, ധാരാളം വെള്ളം കുടിയ്ക്കുക തുടങ്ങിയ മാര്‍ഗങ്ങളും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കുന്ന വഴികളാണ്.
അതോടൊപ്പം കണ്ണുകള്‍ക്കു മുകളില്‍ കുക്കുമ്ബര്‍, ഉരുളക്കിഴങ്ങ് നേര്മയായി മുറിച്ചത് എന്നിവ വയ്ക്കുന്നത് ഗുണം ചെയ്യും. ഇവ തണുപ്പിച്ചു വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതിന് ബ്ലീച്ചിംഗ് ഗുണമുണ്ട്.
കണ്‍തടത്തിലെ കറുപ്പകറ്റാന്‍ പറ്റിയ ഒരു മാര്‍ഗമാണ് ടീ ബാഗുകള്‍ തണുപ്പിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുകയെന്നത്. തണുത്ത വെള്ളത്തില്‍ മുക്കിയ ടീ ബാഗുകള്‍ വെള്ളം പിഴിഞ്ഞുകളഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്താല്‍ കണ്‍തടത്തിലെ കറുപ്പ് അകലും. ചെറുനാരങ്ങാനീരില് പഞ്ഞി മുക്കി കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നതും കറുപ്പകറ്റാന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം തന്നെയാണ്. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം ചെയ്യുക.