ഒരു മീറ്റര്‍ അകലംകൊണ്ട് കാര്യമില്ല; കൊറോണ വൈറസ് എട്ട് മീറ്റര്‍ വരെ സഞ്ചരിക്കും; വായുവില്‍ മണിക്കൂറുകള്‍

corona virus new study

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ കാര്യത്തില്‍ ലോകത്തെ കൂടുതല്‍ ആശങ്കയിലാക്കുന്ന പഠനം പുറത്തുവന്നു.  ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ പുറത്തുവരുന്ന വൈറസ് വാഹക ദ്രവകണങ്ങള്‍ക്ക് 23 മുതല്‍ 27 അടി വരെയോ എട്ടു മീറ്റര്‍ വരെയോ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് മസാച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസോഷ്യേറ്റ് പ്രഫസര്‍ ലിഡിയ ബൗറോബിയ വ്യക്തമാക്കുന്നത്.

ചുമ, തുമ്മല്‍ എന്നിവയുടെ ശക്തിയെക്കുറിച്ചു വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന ലിഡിയ, ഇതിലൂടെ പുറത്തുവരുന്ന ദ്രവകണങ്ങളുടെ അവശിഷ്ടങ്ങള്‍ മണിക്കൂറുകള്‍ വായുവില്‍ തങ്ങിനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ദ്രവകണികയിലൂടെ കൊറോണ വൈറസിന് എട്ടു മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും മണിക്കൂറുകളോളം വായുവില്‍ തങ്ങിനില്‍ക്കാനാകുമെന്നുമാണ് ഈ പഠനം തെളിയിക്കുന്നത്. ലോകാരോഗ്യ സംഘടനയും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും (സിഡിസി) പുറത്തിറക്കിയിരിക്കുന്ന സാമൂഹിക അകലം പാലിക്കല്‍ നിര്‍ദേശങ്ങള്‍ കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ പര്യാപ്തമല്ലെന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്. 1930 കളിലെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡബ്ല്യൂഎച്ച്ഒയും സിഡിസിയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശക്തമായ വായുപടലം ദ്രവകണങ്ങള്‍ക്കു കൂടുതല്‍ ഈര്‍പ്പവും ചൂടും നല്‍കും. ഇതോടെ ബാഹ്യപരിസ്ഥിതിയില്‍ ദ്രവകണം ബാഷ്പീകരിക്കാനുള്ള സാധ്യത മറ്റുള്ള ദ്രവകണങ്ങളെക്കാള്‍ കുറയുകയും ചെയ്യും. ദ്രവകണങ്ങള്‍ കൂടുതല്‍ സമയം നിലനില്‍ക്കാന്‍ ഇടയാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

coronavirus can travel up to 8-metres from exhalation linger in air for hours mit scientist says