പൊതുവേ സുന്ദരികളാണ് ജാപ്പനീസ് പെണ്‍കുട്ടികള്‍. ചര്‍മസൗന്ദര്യത്തിലും അഴകളവുകളുടെ കാര്യത്തിലും ഇവരെ വെല്ലാന്‍ പ്രയാസം. അമിതവണ്ണം ഉള്ള ഒരാളെ ജപ്പാന്‍കാര്‍ക്കിടയില്‍ കാണാന്‍ തന്നെ വളരെ പ്രയാസമായിരിക്കും. എന്താണ് ഇവരുടെ സൗന്ദര്യ രഹസ്യം. പ്രധാനമായി ഇവര്‍ എട്ട് കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്.
ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തും
ജാപ്പനീസ് സ്ത്രീകള്‍ ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്താറുണ്ട്. പച്ചക്കറികളില്‍ ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ തടയുകയും മൊത്തത്തിലുള്ള ആരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബ്രോക്കോളി, കോളിഫ്‌ളവര്‍, ബ്രസെല്‍സ് മുളകള്‍, ചൈനീസ് കാബേജ് എന്നിവയ്ക്കാണ് അവര്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത്.
ഇവയില്‍ ഉയര്‍ന്ന അളവില്‍ പോഷകങ്ങള്‍, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഈ പച്ചക്കറികള്‍ ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. ലൈറ്റ് സ്റ്റീമിംഗ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിനാല്‍ പോഷകങ്ങള്‍ നഷ്ടപ്പെടുന്നില്ല.
സീ ഫുഡിന് പ്രാധാന്യം
മത്സ്യത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പ്, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. മാത്രമല്ല, അകാല വാര്‍ധക്യം തടയാനും സൂര്യതാപം ഉണ്ടാകാതിരിക്കാനും ഒമേഗ 3 സഹായിക്കും, അതുവഴി ചര്‍മത്തെ ആരോഗ്യകരവും തിളക്കവും മിനുസമാര്‍ന്നതുമായി നിലനിര്‍ത്തുന്നു.
റെഡ് മീറ്റ് ഒഴിവാക്കും
ജാപ്പനീസ് സ്ത്രീകള്‍ ആട്, മാട് പോലുള്ള റെഡ് മീറ്റ് വളരെ കുറഞ്ഞ അളവിലാണ് കഴിക്കാറുള്ളത്. കാരണം, റെഡ് മീറ്റ് സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കൂടാനും അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാവും. കൊഴുപ്പ് കൂടിയ പല ഭക്ഷണങ്ങളും അവര്‍ ഒഴിവാക്കാറാണ് പതിവ്. പിസ്സ, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന അളവില്‍ പൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങളില്‍ അധികം കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു.
ഗ്രീന്‍ ടീ പ്രധാന ഡ്രിങ്ക്
ജപ്പാനിലെ ഏറ്റവും ജനപ്രിയമായ ഡ്രിങ്കാണ് ഗ്രീന്‍ ടീ. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ നിറഞ്ഞിരിക്കുന്നു. ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദിവസവും രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ചര്‍മം തിളക്കമുള്ളതാക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു.
ചൂടുവെള്ളത്തിലെ കുളി
ചൂടുവെള്ളത്തിലെ കുളി ജപ്പാന്‍കാരുടെ ജീവിതചര്യയുടെ ഭാഗമാണ്. മസില്‍ റിലാക്‌സ് ചെയ്യാനും രക്തചംക്രമണം കൂട്ടാനും ഇതവരെ സഹായിക്കും.
ഭക്ഷണം കുറഞ്ഞ അളവില്‍
കൂടിയ അളവില്‍ ആഹാരം വാരി കഴിക്കാതെ കുറഞ്ഞ അളവില്‍ ആഹാരം കഴിക്കുന്ന ആളുകള്‍ ആണ് ജപ്പാന്‍കാര്‍. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലം പോലും അവര്‍ക്കില്ല. പോഷകപ്രദമായ ആഹാരം അതും വീട്ടില്‍ പാചകം ചെയ്ത ആഹാരം കൂടുതല്‍ കഴിക്കുന്നവര്‍ ആണ് ജപ്പാന്‍കാര്‍. ഒരു കപ്പ് ചോറ്, ഒരു ഗ്ലാസ് ഗ്രീന്‍ ടീ, മിസോ സൂപ് എന്നിവയാണ് ഇവരുടെ മിക്കപ്പോഴും ഉള്ള ആഹാരം.
പുളിപ്പിച്ച ആഹാരം
പുളിപ്പിച്ച ആഹാരം അഥവാ Fermented foods ധാരാളം കഴിക്കുന്നവര്‍ ആണിവര്‍. വൈറ്റമിന്‍, മിനറല്‍സ് എന്നിവ ഇവയില്‍ ധാരാളം. ഇത് ദഹനത്തിനും ഏറെ സഹായകം.
ജീവിതചര്യ
നല്ല അടുക്കും ചിട്ടയും ഉള്ള, വ്യായാമത്തിന് പ്രാധാന്യം കൊടുക്കുന്ന ജീവിതക്രമം ആണ് ജാപ്പനീസ് ജനതയുടേത്. ബൈക്ക് അല്ലെങ്കില്‍ സൈക്കിള്‍ സവാരിയാണ് കൂടുതല്‍ ആശ്രയിക്കുക. നടക്കാന്‍ കഴിയുന്ന ദൂരം അവര്‍ നടന്നു മാത്രമേ പോകൂ. പൊതു വാഹനസൗകര്യം കൂടുതല്‍ ആശ്രയിക്കുന്ന ആളുകള്‍ ആണ് ഇവര്‍.