വാഷിങ്ടണ്‍: യുഎസിലെ ബ്രസോറിയ കൗണ്ടിയില്‍ തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അപൂര്‍വവും മാരകവുമായ അമീബയെ കണ്ടെത്തി. പ്രാദേശിക ജലവിതരണ സംവിധാനത്തിലൂടെയാണു അമീബ മനുഷ്യരില്‍ എത്തുന്നതെന്നാണു നിഗമനം. ഈ മാസം ലേക്ക് ജാക്സണ് നഗരത്തില്‍ ആറു വയസ്സുകാരന് ജോസിയ മക്കിന്റൈറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിലാണ് അമീബയുടെ സാന്നിധ്യം ദൃശ്യമായത്. സംഭവം ദുരന്തമായി പ്രഖ്യാപിച്ച് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട്.
അമീബയുടെ സാന്നിധ്യമുള്ള ജലവിതരണ സംവിധാനങ്ങളെ സുരക്ഷിതമാക്കാനുള്ള അതിവേഗ നടപടികള്‍ ടെക്സസ് സംസ്ഥാനം സ്വീകരിക്കുകയാണെന്നു ഗവര്‍ണര്‍ അബോട്ട് അറിയിച്ചു. ജനങ്ങള്‍ പ്രാദേശിക ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശം പാലിക്കണമെന്നും ആരോഗ്യം സംരക്ഷിക്കുന്നതിന് ഉചിതമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
പ്രാദേശികമായി വിതരണം ചെയ്യുന്ന ജലം പരിശോധിച്ചപ്പോള്‍ 11 സാംപിളുകളില്‍ 3 എണ്ണത്തില്‍ നൈഗ്ലേറിയ ഫൗലറി എന്ന അമീബയെ കണ്ടെത്തി. മരിച്ച കുട്ടിയുടെ വീട്ടില്‍നിന്നെടുത്ത സാംപിളിലും അപകടകാരിയായ അമീബയെ കണ്ടെത്തിയെന്നു ലേക് ജാക്സണ് സിറ്റി മാനേജര്‍ മൊഡെസ്റ്റോ മുണ്ടോ പറഞ്ഞു.
നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന അപകടകാരിയായ അമീബ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യും. അപകടഭീഷണിയുള്ളതിനാല്‍ പൈപ്പ് വെള്ളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കരുതെന്ന് ബ്രാസോസ്പോര്‍ട്ട് വാട്ടര്‍ അതോറിറ്റി നിര്‍ദേശിച്ചു. തടാകങ്ങളിലും നദികളിലും മറ്റുമാണ് അമീബ കാണപ്പെടുന്നത്. ഈ സ്ഥലങ്ങളില്‍ നീന്തുമ്പോള്‍ ആളുകള്‍ വേഗത്തില്‍ രോഗബാധിതരാകും. തലവേദന, പനി, ഛര്‍ദി, ബാലന്‍സ് നഷ്ടപ്പെടല്‍, ഭ്രമാത്മകത എന്നിവയാണു പ്രാഥമിക ലക്ഷണങ്ങള്‍. ഇത് ശരീരത്തില്‍ പ്രവേശിച്ചാല്‍ 5 ദിവസത്തിനുള്ളില്‍ മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.