മാനസിക സമ്മർദം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ നമ്മുടെയിടയിൽ കൂടി വരികയാണ്. മാനസിക സമ്മർദം മൂലം സന്തോഷം നഷ്ടപ്പെടുകയും ദൈനംദിന പ്രവൃത്തികൾ പോലും താളം തെറ്റുകയും ചെയ്യുന്നത് പലരെയും വിഷമത്തിലാക്കാറുണ്ട്. ആകെ വിഷാദഭാവത്തിലിരിക്കുന്നത് പലപ്പോഴും പങ്കാളിയും മറ്റു കുടുംബാംഗങ്ങളുമായുള്ള ബന്ധത്തെയുമൊക്കെ ഉലയ്ക്കാറുണ്ട്. മരുന്നില്ലാതെതന്നെ ഒരു പരിധി വരെ നമുക്ക് മാനസിക സമ്മർദത്തെ നേരിടാൻ സാധിക്കും. അതിനു ഒരുപാട് മാർഗങ്ങളുണ്ട്.
വിറ്റാമിൻ സി
മാനസിക സമ്മർദത്തെ നേരിടാനുള്ള മികച്ച ആന്റി ഓക്സിഡന്റ് ആണ് വൈറ്റമിൻ സി. ജലദോഷത്തിനുള്ള പ്രതിവിധിയായി നാം ഉപയോഗിക്കുന്ന വൈറ്റമിൻ സി കാൻസർ, കാർഡിയോ വാസ്കുലാർ ഡിസീസ്, സ്ട്രോക്ക് എന്നിവയിൽനിന്നു കൂടി സംരക്ഷണമേകുന്നു. മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ വൈറ്റമിൻ സി വളരെയധികം സഹായകരമാണ്. നോർപൈൻഫ്രൈൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ വിഘടനത്തിന് വൈറ്റമിൻ സി സഹായകരമാണ്. നമ്മുടെ മൂഡ് നിർണയിക്കുന്ന ബ്രെയിൻ കെമിക്കലാണ് നോർപൈൻഫ്രൈൻ.അതുകൊണ്ടുതന്നെ വൈറ്റമിൻ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച്, സ്ട്രോബെറി,മെലൻസ്, പൈനാപ്പിൾ, ബെറീസ്, തക്കാളി തുടങ്ങിയവയൊക്ക നമ്മുടെ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതും മാനസിക സമ്മർദ്ദത്തെ നേരിടാൻ വളരെ സഹായകരമാണ്. കിവിപ്പഴവും ഗുണം ചെയ്യും.
മഗ്നീഷ്യം
മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ആത്മഹത്യാ ചിന്തകളിലേക്ക് നമ്മെ നയിക്കും. ചെറിയ മാനസിക പ്രശ്നങ്ങൾ മുതൽ ഉന്മാദാവസ്ഥയ്ക്കു വരെ മഗ്നീഷ്യത്തിന്റെ അപര്യാപ്‌തത ഇടയാക്കും. നിങ്ങളുടെ മൂഡ് ശരിയാക്കാനുള്ള എളുപ്പ മാർഗമാണ് മഗ്നീഷ്യം കൂടുതൽ അടങ്ങിയ ബദാം, കശുവണ്ടി, മത്തൻ, സൂര്യകാന്തിപ്പൂ എന്നിവയുടെ കുരു, സോയാബീൻസ്, അവക്കാഡോ, നിലക്കടല, തൊലിയോടുകൂടിയ ഉരുളക്കിഴങ്ങ്, റോബസ്റ്റാ പഴം എന്നിവയൊക്കെ.
മെഡിറ്ററേനിയൻ ഡയറ്റ്
ഡിപ്രഷനെ നേരിടാനുള്ള ഒരു മികച്ച പോംവഴിയാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ള മത്സ്യങ്ങൾ, ഒലിവ് ഓയിൽ, കടല വർഗ്ഗങ്ങൾ, വൈറ്റമിൻ ബി ധാരാളമായുള്ള പഴങ്ങൾ, ധാന്യങ്ങൾ എന്നിവയൊക്കെ മെഡിറ്ററേനിയൻ ഡയറ്റിന്റെ ഭാഗമാണ്. ഇത് ഡിപ്രഷനെ ചെറുക്കുമെന്ന് ആർക്കൈവ്‌സ് ഓഫ് ജനറൽ സൈക്യാട്രി പ്രസിദ്ധീകരിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നു.
വൈറ്റമിൻ ബി
ഡിപ്രഷനെ നേരിടാൻ ഡോക്ടർമാർ ഫോളിക് ആസിഡ് പ്രിസ്‌ക്രൈബ് ചെയ്യാറുണ്ട്. തലച്ചോറിലെ കെമിക്കൽ ബാലൻസിനു സഹായിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റേഴ്സിന്റെ ഉല്പാദനം കൂട്ടാൻ ബി വിറ്റാമിനുകൾ സഹായിക്കും.എല്ലാ ബി വിറ്റാമിനുകളും ഇതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെങ്കിലും ഫോളിക് ആസിഡ് ബി 6, ബി 12 വിറ്റാമിനുകളുടെ അഭാവം ഗാമ അമിനോ ബ്യൂട്ടിറിക് ആസിഡ്, സെറാടോണിൻ, ഡോപാമിൻ എന്നീ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും അത് ഡിപ്രഷനും മൂഡ് വ്യതിയാനങ്ങൾക്കും കാരണമാകുകയും ചെയ്യും. ചിക്കൻ, പോർക്ക്, ടർക്കി, ഫിഷ്, കുത്തരി, ഓട്സ്, മുട്ട, പച്ചക്കറികൾ, സോയാബീൻ, നിലക്കടല, ഉരുളക്കിഴങ്ങ് തുടങ്ങിയവയിലൊക്കെ വിറ്റമിൻ ബി 6 അടങ്ങിയിട്ടുണ്ട്. മുട്ട, ചീസ്, പാൽ, സാൽമൺ, ഇറച്ചി എന്നിവയിലൊക്കെ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്.
യോഗ
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് സുദർശന ക്രിയ പരിശീലിച്ച 73 % ആളുകളിലും മാനസിക സമ്മർദ്ദത്തിന് കുറവുണ്ടായി എന്നാണ്. വാ അടച്ചുപിടിച്ച് മൂക്കിലൂടെ മാത്രം മൂന്നു വ്യത്യസ്‌ത രീതികളിൽ ശ്വസിക്കുവാൻ സഹായിക്കുന്ന യോഗാസനമാണ് സുദർശന ക്രിയ.
മെഡിറ്റേഷൻ
മനസ്സും ശരീരവും തമ്മിൽ സമതുലനാവസ്ഥ പാലിക്കുവാൻ മെഡിറ്റേഷൻ സഹായിക്കുന്നു. നിങ്ങളുടെ ശ്വാസത്തിലേക്കോ ഏതെങ്കിലുമൊരു വസ്തുവിലേക്കോ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് 15 മിനിറ്റ് ദിവസവും ധ്യാനിക്കുന്നത് ഡിപ്രഷനെ നേരിടാൻ സഹായിക്കും. ശാന്തമായ ഒരു സ്ഥലത്തിരുന്ന് റിലാക്‌സേഷൻ മ്യൂസിക് കേട്ടുകൊണ്ടും ധ്യാനിക്കാം.
വ്യായാമം
ദിവസവും 30 മുതൽ 60 വരെ മിനിറ്റ് തല വിയർക്കുന്നതു പോലെ വ്യായാമം ചെയ്യുന്നത് തലച്ചോറിലെ കെമിക്കൽ ബാലൻസിങ്ങിനും സഹായിക്കും. മൂഡ് തിരിച്ചു പിടിക്കാൻ വ്യായാമം നല്ലതാണ്. ഹൃദയാരോഗ്യത്തിനും
കാൻസറിനെ പ്രതിരോധിക്കുവാനും രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുവാനും വ്യായാമം സഹായകരമാണ്.
ഇത്തരത്തിൽ മികച്ച ജീവിത ശൈലിയിലൂടെ നമുക്കും മാനസിക സമ്മർദ്ദത്തോട് ഗുഡ് ബൈ പറയാം..