കരൾ അപകടത്തിലോണോ? ഇതാ 10 ലക്ഷണങ്ങൾ

സ്വയം വളർന്നു വരാൻ കഴിവുള്ള, സ്വയം റിപ്പയർ ചെയ്യാൻ കഴിവുള്ള നമ്മുടെ ശരീരത്തിലെ ഒരേയൊരു അവയവമാണ് കരൾ. നമ്മുടെ ആരോഗ്യത്തിനും ഭക്ഷണത്തിന്റെ ശരിയായ ദഹനത്തിനും രോഗപ്രതിരോധശേഷിക്കുമെല്ലാം കരളിന്റെ ആരോഗ്യം പ്രധാനമാണെന്ന് എല്ലാവർക്കും അറിയാം. കൊറോണവൈറസ് പോലുള്ള പകർച്ചവ്യാധികളെ തരണം ചെയ്യാൻ നമ്മുടെ കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുപോലെ കരളിന്റെ ആരോഗ്യത്തിന് എന്തെങ്കിലും ചെറിയ കുഴപ്പമുണ്ടെങ്കിൽ പോലും ഇത്തരം രോഗങ്ങൾ എളുപ്പത്തിൽ ജീവന് ഭീഷണിയാകുകയും ചെയ്യും.

അതേസമയം, കരൾരോഗങ്ങൾ പലപ്പോഴും തിരിച്ചറിയപ്പടാറില്ല എന്നതും സത്യാവസ്ഥയാണ്. മറ്റെന്തെങ്കിലും രോഗവുമായി ബന്ധപ്പെട്ടു നടത്തുന്ന പരിശോധനകളിലൊക്കെയാണ് സാധാരണ കരൾ രോഗങ്ങൾ തിരിച്ചറിയപ്പെടുന്നത്.

പല തരം കാരണങ്ങൾ കൊണ്ട് കരൾ വീക്കം ഉണ്ടാകാം. അതിൽ ഏറ്റവും പ്രധാനം നമുക്കെല്ലാവർക്കും അറിയാവുന്ന മദ്യപാനം തന്നെയാണ്. കാലങ്ങളായുള്ള അമിതമദ്യപാനം കരളിന്റെ ആരോഗ്യത്തെ തകർത്ത് കരൾവീക്കമുണ്ടാക്കുന്നു. കുടുംബപാരമ്പര്യത്തിലൂടെയും കരൾവീക്കം ഉണ്ടാകും. നോൺ ആൽക്കഹോളിക് ഹെപ്പാറ്റിക്‌സ് സിറോസിസ് എന്നാ പേരിലാണ് ഇതറിയപ്പെടുന്നത്. മഞ്ഞപ്പിത്തം പോലെ കരളിനെ നേരിട്ടു ബാധിക്കുന്ന രോഗം മൂർച്ഛിക്കുന്നതും ലിവർ സിറോസിസിന് കാരണമാകും. ആധുനികകാലത്ത് ഭക്ഷണശൈലിയിൽ വന്ന മാറ്റങ്ങളും, കാലങ്ങളായി മറ്റേതെങ്കിലും അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായും കരൾവീക്കം ഉണ്ടാകാം. അമിതവണ്ണവും കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സ്വയം വളരുന്നതു കൊണ്ടാണ് നമ്മുടെ കരൾ നമുക്ക് വേറൊരാൾക്ക് പകുത്ത് നൽകാൻ കഴിയുന്നത്. അത്രത്തോളം ശക്തമായ കരളിനെ അസുഖങ്ങൾ കീഴ്‌പ്പെടുത്തണമെങ്കിൽ അതിന്റെ കോശങ്ങൾക്ക് തുടർച്ചയായുണ്ടാകുന്ന സെല്ലുലാർ സ്‌ട്രെസ്സ് കരളിന്റെ കോശങ്ങൾ നശിപ്പിക്കുകയും പോറലുണ്ടാക്കുകയും ചെയ്യും. ഇത് ലിവർ സിറോസിസിലേക്ക് നയിക്കുകയും തഗനാീ ചെയ്യും.

ലക്ഷണങ്ങൾ ശ്രദ്ധിക്കാം

 • വിട്ടുമാറാത്ത അസിഡിറ്റി, ഓക്കാനം, ച്ഛർദ്ദിൽ പോലുള്ള പ്രശ്‌നങ്ങൾ.
  കരൾവീക്കം ബാധിച്ചു കഴിഞ്ഞാൽ കരളിലേക്കുള്ള രക്തയോട്ടത്തിൽ വ്യത്യാസം വരും. കരളിന്റെ കോശങ്ങളിൽ വരുന്ന മാറ്റം കാരണം കരളിനകത്തേക്ക് ആവശ്യത്തിന് രക്തം ലഭിക്കില്ല. മാത്രമല്ല രക്തം തിരിച്ചു ഫ്ല ചെയ്യാനും തുടങ്ങും. ഇതിനെ പോർട്ടൽ ഹൈപ്പർ ടെൻഷൻ എന്നാണ് പറയുക. ഇതോടെ ചെറുകുടലിനകത്തെയും ആമാശയത്തിന് (അന്നനാളത്തിന്റെ താഴ്ഭാഗം) ചുറ്റുമുള്ളതുമായ രക്തക്കുഴലുകൾ ക്രമേണ ഡൈലേറ്റ് ആക്കും. ഇത് വിട്ടുമാറാത്ത അസിഡിറ്റി, നെഞ്ചെരിച്ചിൽ പോലുള്ള അവസ്ഥകൾ ഉണ്ടാക്കുന്നു. ഭക്ഷണം കഴിച്ചയുടൻ ഉണ്ടാകുന്ന അസ്വസ്ഥകൾ, ഓക്കാനം, ച്ഛർദ്ദിൽ പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകും. അവസാനഘട്ടത്തിൽ രക്തക്കുഴലുകൾ പൊട്ടി രക്തം ച്ഛർദ്ദിക്കുന്ന അവസ്ഥയിലേക്കെത്തും. ഈ അവസ്ഥയിലെത്തുമ്പോഴാണ് പലരും ചികിത്സ തേടാറുള്ളത്.
 • ശരീരത്തിന്റെ പലഭാഗത്തും ഉണ്ടാകുന്ന നീർക്കെട്ട്.
  കരളിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന താളപ്പിഴവുകൾ മൂലം ശരീരത്തിലെ ലവണങ്ങളുടെ (സോഡിയം, പൊട്ടാസ്യം) മെറ്റബോളിസത്തിൽ വ്യത്യാസം വരും. രക്തത്തിൽ അമിതമായി ലവണങ്ങളും മിനറലുകളും അടിയാൻ തുടങ്ങും. ഇത് ശരീരത്തിലെ ഫ്ലൂയിഡ് ഇബാലൻസിൽ വ്യത്യാസം വരുത്തുകയും, കോശങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമാകുകയും ചെയ്യും. ക്രമേണ കൈകാലുകൾ, മുഖത്ത് താടിയുടെ ഭാഗം, അടിവയർ എന്നിവിടങ്ങളിൽ നീർവീക്കം ഉണ്ടാകും. കുറച്ചു നേരം വിശ്രമിക്കുമ്പോൾ ഈ നീര് കുറയുന്നതു പോലെ തോന്നുമെങ്കിലും പൂർണമായും മാറില്ല.
 • രോഗപ്രതിരോധശേഷിയിൽ വരുന്ന ഗണ്യമായ കുറവ്.
  ഒരാൾക്ക് തുടർച്ചയായി ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയൽ ഇൻഫക്ഷൻ വരികയാണെങ്കിൽ ഇത് പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന കുറവിനെയാണ് കാണിക്കുന്നത്. കരളിന് പ്രശ്‌നമുണ്ടെങ്കിൽ ചെറിയ ഒരു ജലദോഷപ്പനി പോലും സീരിയസായി മാറാൻ താമസമുണ്ടാകില്ല. ഇൻഫക്ഷൻ പല തരത്തിലാവാം. സ്‌കിൻ അലർജിയുടെ രൂപത്തിൽ പോലും ഇവ പ്രത്യക്ഷപ്പെടാം.
 • ശരീരം അമിതമായി മെലിയുന്നത്.
  ഇത് വളരെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്.  നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനുകൾ വലിച്ചെടുത്ത് ശരീരത്തിന്റെ ഒരോ മസിലുകളിലേക്കും എത്തിക്കുന്നതും മസിലുകളെ വികസിക്കുവാൻ സഹായിക്കുന്നതും കരളാണ്. രക്തത്തിനകത്തുള്ള ആൽബുമിനെ (ഫ്‌ലൂയിഡ് പ്രോട്ടീൻ) നിലനിർത്തി രക്തത്തിന്റെ വ്യാപ്തി നിലനിർത്തുന്നതും കരൾ തന്നെയാണ്. കരളിന്റെ പ്രവർത്തനം മോശമാകുമ്പോൾ രക്തത്തിനകത്തുള്ള പ്രോട്ടീൻ നഷ്ടപ്പെടും. ഈ അവസ്ഥയിൽ നമ്മുടെ ശരീരം ഇതിനെ മറികടക്കാൻ വേണ്ടി മസിലുകളിൽ ശേഖരിച്ച പ്രോട്ടീനെ തിരിച്ച് രക്തത്തിലേക്ക് റിലീസ് ചെയ്യുന്നു. ഇതിന്റെ ഫലമായി ശരീരം ക്രമാതീതമായി മെലിയുന്നു.
 • ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിൽ.
  കരളിന്റെ പ്രവർത്തനം മോശമാകുമ്പോൾ കരളിന്റെ പ്രധാന എൻസൈം ആയ ബിലുറുബിൻ (പിത്തരസം) രക്തത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. അളവിൽ കൂടുതൽ പിത്തരസം രക്തത്തിലെത്തുമ്പോൾ ഇവ നമ്മുടെ കോശങ്ങൾക്കകത്ത് അടിഞ്ഞു കൂടുന്നു. ഇത് ശരീരത്തിന്റെ പല ഭാഗത്തും ചൊറിച്ചിൽ അനുഭവപ്പെടാൻ കാരണമാകുന്നു. അതേസമയം, നമുക്കെല്ലാവർക്കും അറിയാവുന്നതു പോലെ ബിലുറുബിൻ രക്തത്തിൽ വളരെക്കൂടുതലാണെങ്കിൽ കണ്ണിലും നഖത്തിലുമെല്ലാം മഞ്ഞ നിറം കാണും.
  മഞ്ഞപ്പിത്തം വരുന്നത് കരളിന് അസുഖം വരുമ്പോഴാണല്ലോ.
 • ശരീരത്തിന്റെ നിറം പെട്ടെന്ന് കുറയുന്നത്.
  നല്ല നിറമുള്ള ആളുകൾ പെട്ടെന്ന് കറുത്തു പോകുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അവരുടെ കരളിന് കുഴപ്പമുണ്ടോ എന്ന് പരിശോധിക്കണം. കാരണം, രക്തത്തിനകത്തുള്ള മിനറലുകളുടേയും പ്രോട്ടീനുകളുടേയും വൈറ്റമിൻസ് നിലനിർത്താനുള്ള കഴിവ് കുറയുന്നത് കൊണ്ട് തൊലിയുടെ സ്വാഭാവികമായ ഇലാസ്റ്റിസിറ്റിയും സ്‌നിഗ്ധതയും നഷ്ടപ്പെട്ട് തൊലി വരണ്ട് മെലാനിൻ പിഗ്മെന്റ് ഡെപ്പോസിറ്റ് കൂടി തൊലിയുടെ നിറം മങ്ങുകയാണ് ചെയ്യുന്നത്.
  കരൾരോഗമുള്ളവരെ ഡോക്ടർമാർ എളുപ്പം തിരിച്ചറിയുന്നത് പ്രധാനമായും മേൽപ്പറഞ്ഞ ഈ രണ്ട് ലക്ഷണങ്ങളിലൂടെയാണ്.
 • ശരീരത്തിന്റെ പല ഭാഗത്തും വരുന്ന ബ്ലീഡിംഗ് സ്‌പോട്ടുകൾ.
  കരൾരോഗമുള്ളവർക്ക് രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് എപ്പോഴും കുറഞ്ഞിരിക്കും. ഇത്തരക്കാരിൽ ശരീരം അൽപം സ്‌ട്രെയിൻ ചെയ്യുമ്പോഴോ, എവിടെയെങ്കിലും തട്ടുമ്പോഴോ തൊലിയുടെ അടിയിൽ തക്തം കട്ട പിടിച്ച പോലെ സ്‌പോട്ടുകൾ ഉണ്ടാകും. ഡെങ്കിപ്പനി ഉള്ളവർക്ക് ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ ഉണ്ടാകുന്നതു പോലെ കരൾ രോഗികൾക്ക് രക്തം കട്ടപിടിച്ച പോലെ തൊലിപ്പുറത്ത് സ്‌പോട്ടുകൾ പ്രത്യക്ഷപ്പെടാം.
 • ഉറക്കക്കുറവ്.
  മറ്റ് കാരണങ്ങളൊന്നുമില്ലാതെ (ടിവി കാണൽ, ഫോൺ ഉപയോഗിക്കൽ, etc.) രാത്രി പുലർച്ചെ വരെ ഉറക്കം വരാതിരിക്കുകയും പിന്നീട് ഉറങ്ങി ഉച്ചയ്ക്ക് ഉണർന്ന് ഉന്മേഷമില്ലാതിരിക്കുകയും ചെയ്യുക. രാവിലെ ജോലിക്കു പോകേണ്ടവരാണെങ്കിൽ ഉണർന്നാലും ജോലി ചെയ്യാനുള്ള ഉന്മേഷമുണ്ടാകില്ല.
 • ഉന്മേഷക്കുറവ്.
  കരൾരോഗം മൂലം ശരീരത്തിന്റ മെറ്റബോളിസം മുഴുവൻ താറുമാറാകുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രോട്ടീന്റെ പ്രവർത്തനം കൃത്യമായി നടക്കാത്തത് മൂലം തലച്ചോറിന്റെ പ്രവർത്തനം ശരിയായി നടക്കില്ല. ഇത് മൂലം ജോലിയിൽ കൺഫ്യൂഷൻ ഉണ്ടാകുകയും തലക്ക് പെരുപ്പ് അനുഭവപ്പെടുകയും ചെയ്യും.
 • വിശപ്പില്ലായ്മ.
  കരൾരോഗത്തിന്റെ ആദ്യലക്ഷണമായി കണേണ്ട ഒന്നാണ് വിശപ്പില്ലായ്മ. കരളാണ് ദഹനത്തിന് പ്രധാന പങ്ക് വഹിക്കുന്ന അവയവം. കരളിന് അസുഖം വരമ്പോൾ അസിഡിറ്റി വിട്ടുമാറാതെ നിൽക്കും. വിശപ്പ് എന്ന വികാരം ഇല്ലോതെയാകും. ഭക്ഷണം കാണുമ്പോൾ കഴിക്കാൻ തോന്നുകയുമില്ല.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരന്തരം നിരീക്ഷിച്ച് കൃത്യസമയത്ത് പരിശോധന നടത്തണം. മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ നാലെണ്ണം ഒരുമിച്ച് കണ്ടാൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.