ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് 66ാം പിറന്നാള്‍; സിനിമയില്‍ അറുപതും

kamal haasan

ഇന്ത്യന്‍ സിനിമയുടെ ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് 66ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേരുകയാണ്. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത അങ്ങനെ നീളുന്നു ഉലകനായകന്റെ വിശേഷണങ്ങള്‍. പിറന്നാള്‍ കൂടാതെ താരം സിനിമയില്‍ 60 വര്‍ഷം പൂര്‍ത്തീകരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും ഗുണയുമൊക്കെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളാണ്. പ്രേക്ഷകരെ വിസമയിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. 1960 ല്‍ ആറാമത്തെ വയസില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് കമല്‍ ഹാസന്‍ ചലച്ചിത്ര ലോകത്തേക്ക് ചുവട് വെച്ചത്. നടനായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിരവിധി പേരാണ് ഉലകനായകന് ആശംസയുമായി എത്തുന്നത്. കമല്‍ഹാസന് ആശംസകള്‍ നേര്‍ന്ന് നടിയും കമല്‍ഹാസന്റെ സഹോദര പുത്രിയുമായ സുഹാസിനി പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

ഇത്തവണ കുടുംബത്തിനൊപ്പമാണ് ഉലകനായകന്റെ പിറന്നാള്‍ ആഘോഷം. ജന്മനാടായ പരമക്കുടിയിലാണ് ഏവരും ഒത്തുകൂടുന്നത്. കുടുംബത്തിനൊപ്പമുളള കമല്‍ഹാസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സഹോദരന്‍ ചാരുഹാസന്‍, മകള്‍ സുഹാസിനി മണിരത്നം, കമല്‍ഹാസന്റെ മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിയവരും മറ്റും കുടുംബാംഗങ്ങളുമാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അച്ഛനും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ശ്രുതിയും അക്ഷരയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

കമല്‍ഹാസന്റെ പിതാവ് ശ്രീനിവാസന്റെ ചരമവാര്‍ഷികവും ഇതേ ദിവസമാണ്. തന്റെ ജന്മനാടായ പരമക്കുടിയില്‍ സ്ഥാപിച്ച അച്ഛന്റെ പ്രതിമ കമല്‍ഹാസന്‍ അനാച്ഛാദനം ചെയ്യും. ജന്മദിനത്തോടനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികളാണ് താരത്തിന്റെ നേതൃത്വത്തിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷനല്‍ സംഘടിപ്പിക്കുന്നത്. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഇളയരാജ നയിക്കുന്ന സംഗീതനിശയോടെ അവസാനിക്കും.