News Flash
X
ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നു; പക്ഷെ ‘ആരോഗ്യകരമല്ല’!

ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നു; പക്ഷെ ‘ആരോഗ്യകരമല്ല’!

personSJ access_timeThursday October 22, 2020
HIGHLIGHTS
ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നെങ്കിലും ആരോഗ്യകരമായ ജീവിതദൈര്‍ഘ്യമല്ല ഇതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതായി പഠനം. ലോകത്തെ ഇരുനൂറോളം രാജ്യങ്ങളില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്നില്‍ ഇന്ത്യയെന്ന് പഠനം.  1990 മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ആളുകളുടെ ശരാശരി ആയുസ്സ് ഇന്ന് പത്ത് വര്‍ഷത്തോളം ഉയര്‍ന്നിട്ടുണ്ട്. 1990ല്‍ 59.86 വയസ്സായിരുന്നു ഇന്ത്യക്കാരുടെ ശരാശരി ആയുസ്സെങ്കില്‍ 2020ല്‍ ഇത് 70.8 വയസ്സാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നെങ്കിലും ആരോഗ്യകരമായ ജീവിതദൈര്‍ഘ്യമല്ല ഇതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പല ആളുകളും അസുഖങ്ങളും അവശതയുമായിട്ടാണ് കൂടുതല്‍ വര്‍ഷങ്ങള്‍ ചിലവഴിക്കുന്നത്.

അതോടൊപ്പം 30 വര്‍ഷമായി ഇന്ത്യക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ അസ്വസ്ഥതകള്‍, പ്രമേഹം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളാണ്. എന്നാല്‍
കഴിഞ്ഞ വര്‍ഷം നടന്ന പഠനത്തില്‍ ഇന്ത്യയില്‍ ആളുകള്‍ മരിക്കാനുള്ള അഞ്ച് പ്രധാന  കാരണങ്ങളായി കണ്ടെത്തിയത് വായൂമലിനീകരണം, രക്തസമ്മര്‍ദ്ദം, പുകവലി, തെറ്റായ ഭക്ഷണക്രമം, പ്രമേഹം എന്നിവയാണ്. ഇന്ത്യയില്‍ 58 ശതമാനം അസുഖങ്ങളും സാംക്രമികേതര രോഗങ്ങള്‍ മൂലമുണ്ടാകുന്നതാണെന്നും 1990ല്‍ ഇത് 29 ശതമാനം മാത്രമായിരുന്നെന്നും പഠനത്തില്‍ പറയുന്നു.

ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും പകര്‍ച്ചവ്യാധികള്‍ കുറയുന്നുണ്ടെങ്കിലും മാറാരോഗങ്ങള്‍ കൂടുതലാവുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ ബാധിക്കുന്ന രോഗങ്ങളില്‍ അഞ്ചാമതായിരുന്ന ഹൃദ്രോഗം ഒന്നാമതായപ്പോള്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. 77.3 വയസ്സാണ് കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ്. ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യം ഏറ്റവും കുറവുള്ള സംസ്ഥാനം യുപി ആണ്. 66.9 ആണ് ഇവിടുത്തെ ആളുകളുടെ ശരാശരി ആയുസ്സ്.

SHARE :
folder_openTags
content_copyCategory