കുഞ്ഞുങ്ങളിലെ മാനസികാരോഗ്യം മെച്ചപ്പെടുത്താം

കുട്ടികളുടെ മാനസികമായ സന്തോഷവും അവരുടെ പുഞ്ചിരിയും നിലനിൽക്കുക എന്നതാണ് ഏതൊരു മാതാപിതാക്കളുടേയും ആഗ്രഹം. കൂട്ടുകുടുംബസമ്പ്രദായമായിരുന്ന കേരളത്തിലെ സംസ്‌കാരം അണുകുടുംബമായതിനു പിന്നിലും കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ എന്ന കാരണമുണ്ടായിരുന്നു. എന്നാൽ, സ്ത്രീകളും പുരുഷന്മാരും ജോലിക്കു പോകുന്ന ഇന്നത്തെക്കാലത്ത് കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധ നൽകാൻ നമ്മളിൽ പലർക്കും കഴിയുന്നില്ലെന്നതാണ് സത്യം.

വളരെ ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ നമ്മുടെ കുട്ടികളെ മിടുക്കന്മാരും അതിലുപരി നമ്മുടെ ഉറ്റസുഹൃത്തുക്കളുമാക്കി മാറ്റിയെടുക്കാം. നല്ലൊരു കേൾവിക്കാരാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ദിവസവും അര മണിക്കൂറെങ്കിലും കുട്ടികൾ പറയുന്ന കാര്യങ്ങൾക്ക് (അത് ചെറുതോ വലുതോ ആകട്ടെ) ചെവി കൊടുക്കാൻ ശ്രമിച്ചാൽ തന്നെ കാര്യങ്ങൾ ഒരു പരിധി വരെ നമ്മുടെ പരിധിയിൽ നിൽക്കും. കുട്ടികളോട് ഹൃദയം തുറന്ന് സംസാരിക്കുന്നതും നല്ല രീതിയിൽ പെരുമാറുന്നതുമെല്ലാം ഒരു വിധം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും. കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് താഴ്്ത്തിക്കെട്ടുകയോ താരതമ്യപ്പെടുത്തുകയോ ചെയ്യരുത്. ഇത് അവർക്ക് ഏറെ മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.

കുട്ടികൾ എന്ത് ആവശ്യപ്പെട്ടാലും എല്ലാം സാധിച്ചു കൊടുക്കുന്നതിന് പകരം അവർക്ക് ഏറ്റവും ഉപകാരപ്രദമെന്ന് തോന്നുന്ന കാര്യങ്ങൾ സാധിച്ചു കൊടുക്കുക. മറ്റുള്ളവർക്കിടയിൽ മാതാപിതാക്കളുടെ പേരിനും പ്രശസ്തിക്കും വേണ്ടി കുഞ്ഞുങ്ങളിൽ സമ്മർദം ചെലുത്തരുത്.
തീരുമാനമെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുകയും നല്ലതാണെങ്കിൽ മാത്രം സ്വീകരിക്കുകയും അല്ലാത്തത് തിരുത്തുകയും അത് അവരെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുക. ലജ്ജ, വികൃതി, വായാടിത്തം തുടങ്ങിയവ പല കുട്ടികളിലും വ്യത്യസ്ത രീതിയിലായിരിക്കും ഉണ്ടായിരിക്കുക. അത് മനസ്സിലാക്കി അംഗീകരിച്ച് അവരോട് പെരുമാറുക.

കുട്ടികളെ മോശം ഭാഷയിൽ വഴക്ക് പറയുകയോ വലിയ രീതിയിൽ അവരെ പ്രഹരിക്കുകയോ ചെയ്യരുത്. കുട്ടികളുടെ നല്ല രീതിയിലുള്ള മാനസിക വളർച്ചയും പെരുമാറ്റങ്ങളും ഉൾക്കൊള്ളുന്ന പുസ്തകങ്ങളും വീഡിയോകളും കുഞ്ഞുങ്ങൾക്ക് കാണാനും വായിക്കാനുമുള്ള അവസരം നൽകുക. നല്ല കാര്യങ്ങൾ ചെയ്താൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് കുട്ടിയെ അഭിനന്ദിക്കുന്നത് അവർക്ക് കൂടുതൽ പ്രചോദനമേകുകയും അവരിൽ ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. കുട്ടികളെയും കൂട്ടി ചെറു യാത്രകൾ നടത്തുന്നത് അവരിലെ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തും. കുട്ടികളിലുള്ള ചീത്ത ശീലങ്ങളെ തമാശവത്കരിക്കുന്നത് ഒഴിവാക്കണം. പറഞ്ഞു മനസ്സിലാക്കി നല്ല ശീലങ്ങളിലേക്ക് അവരെ എത്തിക്കാൻ ശ്രമിക്കുകയും വേണം.