പെലെയുടെ റെക്കോർഡിനൊപ്പം ഇപ്പോ മെസ്സിയും

ബാർസലോണ: ഫുട്ബോൾ ഇതിഹാസം പെലെയുടെ ചരിത്രനേട്ടത്തിനൊപ്പമെത്തി ബാർസലോണയുടെ അർജന്റീന താരം ലയണൽ മെസ്സി. ഒരു ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോഡാണ് ഇപ്പോൾ മെസ്സി പെലെയ്ക്കൊപ്പം പങ്കിടുന്നത്.

സാന്റോസിനായി 643 ഗോളുകളാണ് പെലെ നേടിയത്. ഇന്നലെ ലാ ലിഗയിൽ വലൻസിയയ്ക്കെതിരേ ബാർസലോണയ്ക്കായി ഒരു ഗോൾ നേടിയതോടെ മെസ്സിയും ഗോൾ നേട്ടം 643 ആക്കി.

ആദ്യപകുതിയ്ക്ക് തൊട്ടുമുന്നേ ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. ബാർസലോണയ്ക്കായി 748 മത്സരങ്ങളിൽ നിന്നുമാണ് മെസ്സി 643 ഗോൾ നേടിയത്. പെലെയാകട്ടെ സാന്റോസിനായി ഈ നേട്ടത്തിലെത്താൻ 665 മത്സരങ്ങൾ മാത്രമാണ് എടുത്തത്. പക്ഷേ സീസണുകളുടെ കണക്കുകളെടുക്കുമ്പോൾ മെസ്സിയാണ് മുന്നിൽ. പെലെയ്ക്ക് ഈ നേട്ടത്തിലെത്താൻ 19 സീസണുകൾ വേണ്ടി വന്നപ്പോൾ മെസ്സിയ്ക്ക് 17 സീസണേ വേണ്ടിവന്നുള്ളൂ.

1956-ൽ 15 വയസ്സുള്ളപ്പോഴാണ് പെലെ സാന്റോസ് ടീമിനായി ആദ്യം കളിക്കുന്നത്. പിന്നീട് 1974 വരെ അദ്ദേഹം ടീമിനുവേണ്ടി കളിച്ചു. ടീമിനൊപ്പം ആറ് ബ്രസീലിയൻ ലീഗ് കിരീടങ്ങളും രണ്ട് കോപ്പ ലിബർട്ടാഡോറെസ് കിരീടങ്ങളും താരം സ്വന്തമാക്കി.

17-ാം വയസ്സിൽ 2004 ലാണ് മെസ്സി ബാർസലോണയ്ക്ക് വേണ്ടി ആദ്യമായി കളിക്കുന്നത്. ടീമിനായി 10 ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടാൻ താരത്തിന് സാധിച്ചു.

മെസ്സി ഗോൾ നേടിയെങ്കിലും വലൻസിയയോട് ബാർസലോണ സമനില വഴങ്ങി. ഇരുടീമുകളും രണ്ടുഗോളുകൾ നേടി പിരിഞ്ഞു. നിലവിൽ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബാർസ.