Friday, September 17, 2021
Home News National ഇന്ന് ദേശീയ പത്രദിനം

ഇന്ന് ദേശീയ പത്രദിനം

ഇന്ന് നവംബര്‍ 16, ദേശീയ പത്രദിനം. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്ത് ചുരുങ്ങിയത് 55 ജേണലിസ്റ്റുകള്‍ക്കുനേരെ ഭരണകൂടത്തിന്റെ പ്രതികാര നടപടിയുമായി മുന്നോട്ട് പോകുമ്പോഴാണ് വീണ്ടും ഒരു ദേശീയ പത്രദിനം കടന്ന് പോകുന്നത്. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന ദേശദ്രോഹക്കേസ് അടക്കം ചുമത്തി പീഡിപ്പിക്കുന്നവരില്‍ മലാളി പത്രപ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനനും ഉള്‍പ്പെടും. ഗുജറാത്തില്‍ രാഷ്ട്രീയ നേതൃത്വം മാറണമെന്ന് അഭിപ്രായപ്പെട്ട ‘ഫേസ് ദി നേഷന്‍’ ന്യൂസ് പോര്‍ട്ടലിന്റെ ധവല്‍ പട്ടേല്‍, ലോയ കേസില്‍ സുപ്രീംകോടതി വിധിയെക്കുറിച്ച കാര്‍ട്ടൂണ്‍ പങ്കുവെച്ച ഛത്തിസ്ഗഢിലെ ‘ഭൂമികാല്‍ സമാചാര്‍’ എഡിറ്റര്‍ കമല്‍ ശുക്ല, കോവിഡ് പ്രതിരോധ തയാറെടുപ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച ഹിമാചല്‍പ്രദേശിലെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ വിനോദ് ദുവ എന്നിവരടക്കം ദേശദ്രോഹക്കേസ് നേരിടുന്നിടത്താണ് ദേശീയ പത്രദിനത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്.

പത്രചരിത്രം എടുത്ത് നോക്കിയാല്‍ എഡി 618- ല്‍ ചൈനയില്‍ ഉണ്ടായ പീക്കിങ് ഗസറ്റ് ആണ് ലോകത്തിലെ പ്രഥമ പത്രം. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29-ന് കല്‍ക്കട്ടയില്‍ നിന്നും തുടങ്ങിയ ‘ബംഗാള്‍ ഗസ്‌റ്’ ആദ്യ ന്ത്യന്‍ വര്‍ത്തമാന പത്രം. രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം (1847) പിന്നീട് ‘ പശ്ചിമോദയം, ജ്ഞാനനിക്ഷേപം, തുടങ്ങിയ നിരവധി പത്രങ്ങളും, മാസികകളും പുറത്തിറങ്ങി. വൃത്താന്ത പത്രത്തിന്റെ സ്വഭാവത്തിലുള്ള ആദ്യ പത്രം പചിമാതാര ആണ്. ദീപിക 1887ഉം , മനോരമ 1890 ഉം പുറത്തിറങ്ങി. സാമൂഹിക വിദ്യാഭ്യാസ പ്രചരണ യത്‌നങ്ങളില്‍ വര്‍ത്തമാന പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വലിയ പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. 1848-ല്‍ കോട്ടയത്തുനിന്നും ജ്ഞാന നിക്ഷേപം പുറത്തുവന്നു. പശ്ചിമതാരക (1865), കേരളപതാക (1870), മലയാള മിത്രം(1878), കേരള മിത്രം (1881), നസ്രാണി ദീപിക (1887), മലയാള മനോരമ (1890) ഇവയെല്ലാം ആദ്യകാല പത്രങ്ങളാണ്. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും പത്രങ്ങളുടെ വികാസം വേഗത്തിലായി. മാതൃഭൂമി (1923), കേരളകൗമുദി (1940), ദേശഭിമാനി (1945), ജനയുഗം (1948) തുടങ്ങിയവയാണ് ഇരുപതാം നൂറ്റാണ്ടില്‍ ആരംഭിച്ച പ്രമുഖ പത്രങ്ങള്‍. തുടര്‍ന്നങ്ങോട്ട് കാലങ്ങള്‍ പിന്നിടുന്നതിനോടൊപ്പം സാങ്കേതിവിദ്യയ്ക്ക് അനുസരിച്ച് പത്ര മാധ്യമങ്ങളിലും പുരോഗതി കൈവരിച്ചു.

 

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിനും അതിന് ശേഷമുള്ള രാജ്യത്തിന്റെ വളര്‍ച്ചയിലും ഈ നാലാം തൂണുകാരുടെ പങ്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതിനോടൊപ്പം തന്നെ ഇന്ത്യന്‍ പത്ര മാധ്യമ ചരിത്രത്തോടൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് നാഷണല്‍ പ്രസ് കൗണ്‍സിലിന്റെ രൂപികരണം. നാഷണല്‍ പ്രസ് കൗണ്‍സില്‍ രൂപീകരിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് നവംബര്‍ 16 ദേശീയ പത്രദിനമായി ആചരിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കരിനിഴല്‍ വീഴ്ത്തിയെന്ന ആക്ഷേപം മായാതെ കിടക്കുന്നുണ്ട്. അതേസമയം മാധ്യമപ്രവര്‍ത്തകരായ ഗൗരി ലങ്കേഷിന്റേയും ശാന്തനു ഭൗമിക്കിന്റെയും രക്തസാക്ഷിത്വവും ഓര്‍ക്കാതെ ഒരു പത്രദിനവും കടന്ന് പോകില്ല. അതേസമയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മാധ്യമങ്ങള്‍ക്കെതിരായ അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത് ആശങ്കയോടെയാണ് മാധ്യമസമൂഹം നോക്കിക്കാണുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ അപ്രീതിയുടെ നിഴലുകള്‍ വീഴുന്ന മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ രാജ്യത്ത് പതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

Most Popular