
റോ ഏജന്റായി ഉലകനായകന്; രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും പുതിയ സിനിമ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറച്ചതിനു തൊട്ടുപിറകെ നടൻ കമൽഹാസൻ തന്റെ പുതിയ ചിത്രത്തിന്റെ പേരും ടീസറും പുറത്തുവിട്ടു. വിക്രമെന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് ദീപാവലിക്കുശേഷം ചെന്നൈയിൽ തുടങ്ങും. കമൽഹാസന്റെ 232 ാമത്തെ ചിത്രമാണിത്. മാസങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മക്കൾ നീതി മയ്യം പ്രചാരണം തുടങ്ങിയിട്ടു ദിവസങ്ങളായി. അതിനിടെയ്ക്കാണു ജന്മദിനത്തോടനുബന്ധിച്ചു പുതിയ സിനിമയുടെ പേരു പ്രഖ്യാപിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം വിക്രത്തിന്റെ ടീസറും പുറത്തിറക്കി. 1986 ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രത്തിന്റെ പേരു തന്നെയാണ് പുതിയ ചിത്രത്തിനെന്നതും പ്രത്യേകതയാണ്.
റോ ഏജന്റായാണ് കമൽ ചിത്രത്തിലെത്തുന്നത്. കമൽ ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമൽ ഫിലിംസാണ് നിർമാതാക്കൾ. സിനിമയും രാഷ്ട്രീയവും രണ്ടാണെന്നു പറയുന്ന ഉലകനായകൻ ഏതു തിരക്കിനിടയിലും സിനിമയെ കൈവിടില്ലെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ്.