ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍ കഴിഞ്ഞ മാസം പകുതിയോടെയാണ് അവതരിപ്പിക്കപ്പെട്ടത്. വില്‍പ്പന തുടങ്ങിയത് കഴിഞ്ഞ ആഴ്ചകളിലുമായിരുന്നു. എന്നാല്‍ ഐഫോണ്‍ 12 വേണ്ടത്ര, പ്രതീക്ഷിച്ചത്ര വില്‍പ്പന നടന്നില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാന വിപണികളിലൊന്നായ ചൈനയില്‍ വേണ്ടത്ര തരംഗം സൃഷ്ടിക്കാന്‍ ഐഫോണ്‍ 12ന് സാധിച്ചില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, വില്‍പ്പനയിലെ തിരിച്ചടി കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ നിന്ന് 45000 കോടി ഡോളര്‍ (ഏകദേശം 33 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടുവെന്നാണ് അറിയുന്നത്.
ഓഗസ്റ്റില്‍ വിപണി മൂല്യത്തില്‍ 2 ട്രില്യണ്‍ ഡോളര്‍ മറികടന്ന ആദ്യത്തെ അമേരിക്കന്‍ കമ്പനിയായി മാറിയതിനുശേഷം കഴിഞ്ഞ മാസം കുറച്ച് താഴോട്ടു പോയി. ഐഫോണ്‍ നിര്‍മാതാവിന് ഏകദശം 450 ബില്യണ്‍ ഡോളറാണ് നഷ്ടമായത്. മൊത്തം 19 ശതമാനം ഇടിവ് നേരിട്ടുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം കമ്പനിയുടെ ഓഹരി മൂല്യം 5.6 ശതമാനമാണ് ഇടിഞ്ഞത്. ഇത് തന്നെ 120 ബില്യണ്‍ ഡോളറിലധികം വരും. ആപ്പിളിന് ഇപ്പോള്‍ 1.85 ട്രില്യണ്‍ ഡോളര്‍ മൂല്യമുണ്ട്. ആപ്പിള്‍ ഇപ്പോഴും ഏറ്റവും മൂല്യമുള്ള യുഎസ് കമ്പനി തന്നെയാണ്.
ഐഫോണ്‍ 12 വില്‍പ്പനയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ടെക് ഭീമന് തലവേദനയായതെന്നാണ് കരുതുന്നത്. ഇതോടൊപ്പം തന്നെ അവധിക്കാല പാദത്തെക്കുറിച്ച് ഒരു പ്രവചനവും കമ്പനി നല്‍കിയിരുന്നില്ല. നാസ്ഡാക് 100 സൂചികയില്‍ ആപ്പിള്‍ മൂല്യം വെള്ളിയാഴ്ച 2.6 ശതമാനം ഇടിഞ്ഞു. മാര്‍ച്ചിലെ വില്‍പ്പനയ്ക്ക് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണിത്.
ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 12 വിപണിയില്‍ നേരിയ തരംഗമാണ് സൃഷ്ടിച്ചത്. എന്നാല്‍, ഐഫോണ്‍ 12 ന്റെ വിലയും, അവതരിപ്പിക്കുന്നതിലെ കാലതാമസം, ചാര്‍ജറിന്റെയും ഇയര്‍ഫോണിന്റെയും അഭാവം എന്നിവയെല്ലാം പല ഉപഭോക്താക്കള്‍ക്കും നിരാശയാണ് നല്‍കിയത്. ഇതെല്ലാം തീര്‍ച്ചയായും ആപ്പിളിന്റെ ഓഹരി വിലയുടെ ഇടിവിന് കാരണമായിരിക്കാം.
ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഐഫോണ്‍ വില്‍പ്പനയ്ക്ക് അനലിസ്റ്റുകള്‍ നിശ്ചയിച്ച പ്രതീക്ഷകള്‍ നഷ്ടപ്പെട്ടതായാണ് കാണിക്കുന്നത്. ഈ ഇടിവിന് കാരണമായ ഒരു പ്രധാന കാരണം ഐഫോണുകള്‍ വിപണിയിലെത്തുന്ന കാലതാമസമാണ്. ഐഫോണ്‍ വില്‍പ്പന വര്‍ഷം തോറും 20 ശതമാനം കുറഞ്ഞുവരികയുമാണ്. ചൈനയില്‍ നിന്നുള്ള വില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്.