Friday, April 23, 2021
Home Special ഡിഷ് ആന്റിന വഴി സെക്കന്‍ഡില്‍ 160എംബി വേഗമുള്ള ഇന്റര്‍നെറ്റ്, അന്തം വിട്ട് ഉപഭോക്താക്കള്‍

ഡിഷ് ആന്റിന വഴി സെക്കന്‍ഡില്‍ 160എംബി വേഗമുള്ള ഇന്റര്‍നെറ്റ്, അന്തം വിട്ട് ഉപഭോക്താക്കള്‍

ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് മിഷന്‍ ബീറ്റാ ടെസ്റ്റിങ് തുടങ്ങി. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. ലോകത്തെ ഏത് ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഈ സംവിധാനത്തിനു സാധിക്കും. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വേഗം മികച്ചതാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബീറ്റാ ടെസ്റ്റിങ് നടത്തിയ ഉപയോക്താക്കളുടെ അഭിപ്രായത്തില്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ഏറ്റവും മികച്ചതാണെന്നാണ്.

ആഴ്ചകള്‍ക്ക് മുന്‍പാണ് സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിനായുള്ള ടെസ്റ്റ് കിറ്റുകള്‍ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയത്. സേവനം വളരെ വേഗമുള്ളതാണെന്നാണ് പലരും റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റാര്‍ലിങ്ക് ഒരു ഗെയിം ചേഞ്ചറാണ്, നേരത്തെ തനിക്ക് 0.5-12mb / s (Mbps) വേഗമാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ തനിക്ക് 100-160mb / s ലഭിക്കുന്നുണ്ടെന്നാണ് ഒരു ടെസ്റ്റ് ഉപയോക്താവ് പറഞ്ഞത്. സ്റ്റാര്‍ലിങ്ക് പബ്ലിക് ബീറ്റയിലേക്ക് ക്ഷണം ലഭിച്ച ഭാഗ്യമുള്ള ഉപഭോക്താക്കള്‍ അവരുടെ വീടുകളില്‍ സാറ്റലൈറ്റ് ഡിഷ് സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്താണ് നെറ്റ് ഉപയോഗിക്കുന്നത്. ഇവരെല്ലാം ടെസ്റ്റിങ് റിപ്പോര്‍ട്ട് ട്വിറ്ററിലും റെഡ്ഡിറ്റിലും പോസ്റ്റുചെയ്യുന്നുണ്ട്.

സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് വഴി 1440p, 4K വിഡിയോ എന്നിവ യൂട്യൂബില്‍ സീറോ ബഫറിങ്ങില്‍ സ്ട്രീം ചെയ്യുന്നുണ്ടെന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്. മറ്റൊരു ഉപയോക്താവ് പറഞ്ഞത് തന്റെ കണക്ഷന്‍ 174 എംബിപിഎസിന് മുകളില്‍ വരെ പോയെന്നാണ്. ഒരുപക്ഷേ ഇത് സ്റ്റാര്‍ലിങ്ക് വഴിയുളള ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗമായിരിക്കും. അതേസമയം, ലേറ്റന്‍സി ശരാശരി 33 മില്ലിസെക്കന്‍ഡാണ്, ഇത് അടിസ്ഥാന അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തുല്യമാണ്.

മറ്റൊരു ഉപയോക്താവ് സെല്‍ഫോണ്‍ പരിധിക്കു പുറത്തുള്ള കാട്ടിനുള്ളിലും സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് വിജയകരമായി പരീക്ഷിച്ചു. സര്‍വീസ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കാട്ടില്‍ നിന്ന് തത്സമയ വീഡിയോ കോളും മറ്റു ചില പരീക്ഷണങ്ങളും നടത്തി. അതേസമയം, ചില സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സാറ്റലൈറ്റ് കവറേജ് കാരണമാകാം ഇതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിലവില്‍, സ്റ്റാര്‍ലിങ്കിനെ ശക്തിപ്പെടുത്തുന്നതിനായി സ്പേസ് എക്സ് 800 ഉപഗ്രഹങ്ങള്‍ മാത്രമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഉയര്‍ന്ന ഇന്റര്‍നെറ്റ് വേഗം ലഭിക്കുന്നതിനും ലേറ്റന്‍സി കുറയ്ക്കുന്നതിനും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ലക്ഷ്യം. അടുത്ത വര്‍ഷം സ്റ്റാര്‍ലിങ്കിന്റെ ആഗോള ലോഞ്ചിങ് നടക്കുമെന്നാണ് കരുതുന്നത്.

ടെറസിനും കെട്ടിടങ്ങള്‍ക്കും മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ഇത്തരം ഡിഷ് ആന്റിനകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ ട്വിറ്ററില്‍ വൈറലാണ്. ഒരു സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെയായിരിക്കുമെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.

ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ സ്പേസ് എക്സ് സ്റ്റാര്‍ലിങ്ക് ബീറ്റാ ടെസ്റ്റിങ് പ്രോഗ്രാമിനായി സൈന്‍ അപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. സ്പേസ് എക്സ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിനായി എങ്ങനെ സൈന്‍ അപ്പ് ചെയ്യാമെന്നും സ്പെയ്സ് എക്സ് സ്റ്റാര്‍ലിങ്ക് ബീറ്റാ ഏരിയകള്‍ക്ക് കീഴിലുള്ള സ്ഥലങ്ങള്‍ എന്താണെന്നും അറിയാന്‍ അവര്‍ക്ക് ജിജ്ഞാസയുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവന്നേക്കും.

തങ്ങളുടെ പ്രദേശത്ത് ആകാശ ഇന്റര്‍നെറ്റ് സേവനം ലഭിക്കുമോ എന്ന് പരിശോധിക്കുന്നതിന് സ്റ്റാര്‍ലിങ്ക് വെബ്സൈറ്റ് ഇപ്പോള്‍ ആളുകളെ ക്ഷണിക്കുന്നുണ്ട്. ഇമെയില്‍ വിലാസവും പിന്‍ കോഡും നല്‍കുക മാത്രമാണ് അവര്‍ ചെയ്യേണ്ടത്. ഒരു വ്യക്തി സ്റ്റാര്‍ലിങ്ക് ബീറ്റാ ടെസ്റ്റിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്റ്റാര്‍ലിങ്ക് സേവനത്തിന്റെ പബ്ലിക് ബീറ്റാ ടെസ്റ്റിലേക്ക് പ്രവേശനം നേടുന്നതിന് അവര്‍ അപ്ഡേറ്റുകള്‍ക്കായി അപേക്ഷിക്കേണ്ടതുണ്ട്. ബീറ്റാ പരിശോധനയ്ക്കായി അപേക്ഷകനെ ക്ഷണിക്കുകയാണെങ്കില്‍, മികച്ച സാറ്റലൈറ്റ് സിഗ്‌നലുകള്‍ക്കായി സ്വയം സംവിധാനം ചെയ്യുന്ന ഫ്‌ലാറ്റ് ഡിഷ് ആന്റിന ഉള്ള ഒരു ഉപയോക്തൃ ടെര്‍മിനല്‍ കമ്പനി തന്നെ നല്‍കും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഉപയോക്താക്കള്‍ ഒരു സ്പേസ് എക്സ് സ്റ്റാര്‍ലിങ്ക് ബീറ്റാ പങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ അവരുടെ മുഴുവന്‍ വിലാസവും ഇമെയില്‍ വഴി നല്‍കേണ്ടിവരും. തുടര്‍ന്ന് നെറ്റ് ലഭിക്കാന്‍ വേണ്ട ഉപകരണങ്ങളും മറ്റു സേവനങ്ങളും നല്‍കും.

റെഡ്ഡിറ്റില്‍ പ്രസിദ്ധീകരിച്ച ബീറ്റയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ അമേരിക്കയിലും കാനഡയിലും മാത്രമാണ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന്റെ ബീറ്റാ ടെസ്റ്റിങ് ലഭ്യമാകുന്നത്. സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ സംവിധാനത്തിന് നിലവില്‍ 44 ഡിഗ്രി മുതല്‍ 52 ഡിഗ്രി വരെ വടക്കന്‍ അക്ഷാംശത്തില്‍ മാത്രമേ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കഴിയൂ. സമ്പൂര്‍ണ സേവനം ലഭ്യമാക്കാന്‍ 1000 ഉപഗ്രഹങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് അറിയുന്നത്.

Most Popular