ഫേക്ക് അക്കൗണ്ടുകാരെ ചവിട്ടിപ്പുറത്താക്കി ഫെയ്‌സ്ബുക്ക്. ജനുവരി മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 540 കോടി ഫേക്ക് അക്കൗണ്ടുകളാണ് റിമൂവ് ചെയ്തത്. വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുക മാത്രമല്ല, വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. ജനുവരി മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 155 ലക്ഷം വിദ്വേഷ പോസ്റ്റുകള്‍ക്കെതിരായാണ് നടപടി.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് വ്യാജ അക്കൗണ്ടുകള്‍ക്കും വിദ്വേഷ പോസ്റ്റുകള്‍ക്കുമെതിരായ നടപടികള്‍ ശക്തമാക്കുന്നത്. നേരത്തെ ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങള്‍ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെയ്‌സ്ബുക്ക് അത്തരം പ്രഖ്യാപനം നടത്തിയില്ലെങ്കിലും വ്യാജന്മാര്‍ക്കെതിരായും വിദ്വേഷ പ്രചാരണത്തിനെതിരായും നടപടി സ്വീകരിച്ചു തുടങ്ങിയെന്നാണ് ഈ നടപടികള്‍ നല്‍കുന്ന സൂചന.
വ്യാജ അക്കൗണ്ടുകളും അവഹേളനപരമായ പരാമര്‍ശങ്ങളും കണ്ടെത്തുന്നതിനും അത് ബ്ലോക്ക് ചെയ്യുന്നതിനുമുള്ള കഴിവ് കഴിഞ്ഞ രണ്ട് പാദങ്ങളിലായി കൂടുതലായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടക്കാന്‍ ശ്രമം നടക്കുന്നത് കണ്ടെത്തി തടയാറുണ്ടെന്ന് ഫെയ്‌സ്ബുക്ക് അവകാശപ്പെട്ടു.
ഇത്തരത്തിലുള്ള അക്കൗണ്ടുകളില്‍ ഭൂരിപക്ഷവും കൈയ്യോടെ പിടികൂടാറുണ്ടെന്നാണ് ഫെയ്‌സ് ബുക്കിന്റെ അവകാശവാദം. ഇത്തരം അക്കൗണ്ടുകള്‍ ഉണ്ടാക്കി മിനിട്ടുകള്‍ക്കുള്ളില്‍ അറിയാനും ആക്ടീവ് യൂസര്‍ ആകുന്നതിന് മുമ്പ് തന്നെ പിടികൂടാനും കഴിയും.
വിദ്വേഷ പ്രചാരണം നടത്തുകയും ഫെയ്‌സ് ബുക്ക് നയങ്ങള്‍ ലംഘിക്കുന്നവരെയും ഓട്ടോമാറ്റിക് ആയി റിമൂവ് ചെയ്യുന്ന തലത്തില്‍ ഫെയ്‌സ്ബുക്ക് അല്‍ഗോരിതം മാറിയിരുന്നു. ഇതിന്റെ ഫലമായി വിദ്വേഷ പരാമര്‍ശങ്ങളുടെ അളവ് വലിയ തോതില്‍ കുറഞ്ഞതായി ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു.