ഗൂഗിളിനെ കണ്ണുമടച്ച് വിശ്വസിക്കണ്ട; ചോര്‍ന്നത് നാല് ടെറാബൈറ്റ് വ്യക്തിഗത വിവരങ്ങള്‍

ഗൂഗിളിനെ വിശ്വസിച്ച് വ്യക്തിഗത ഫോട്ടോകളും സ്വകാര്യ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ അക്കൗണ്ടുകളുമെല്ലാം ഗൂഗിളില്‍ ശേഖരിച്ചു വയക്കുന്നവരാണ് നമ്മള്‍. എന്നാല്‍, അവയെല്ലാം ആര്‍ക്കും കാണാനും എടുക്കാനും ഉപയോഗിക്കാനും പറ്റിയാല്‍ എന്തു ചെയ്യും. അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഗൂഗിളിന്റെ ക്ലൗഡ് സര്‍വറില്‍ നിന്ന് നാല് ടെറാ ബൈറ്റ് വ്യക്തിഗത വിവരങ്ങളാണ് ഇപ്പോള്‍ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ പുറത്തായത്. ഒരു ഉറവിടത്തില്‍ നിന്ന് ഇത്രയധികം ഡാറ്റകള്‍ ലീക്ക് ചെയ്യുന്ന ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്.

സെക്യൂരിറ്റി റിസര്‍ച്ചര്‍മാരായ വിന്നി ട്രോറിയയും ബോബ് ഡയാചിങ്കോയും നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ വിവരം അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ എഫ്ബിഐയെ അറിയിച്ചതിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ഇത് അപ്രത്യക്ഷമാവുകയും ചെയ്തു.

എന്നാല്‍, മുന്‍പ് ആരൊക്കെ ആ ഡാറ്റ കണ്ടെന്നും ആ ഡാറ്റ ഉപയോഗിച്ച് ആരൊക്കെ എന്തൊക്കെ ചെയ്തു എന്നതും ഇതുവരെ അറിവായിട്ടില്ല. എങ്കിലും 1.2 ബില്യണ്‍ യുണീക്ക് ഡാറ്റാ പ്രൊഫൈലുകള്‍ എങ്ങനെ ലീക്ക് ചെയ്തു എന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

ലോകത്തെ ഏറ്റവും വലിയ നാല് ഡാറ്റാ വില്‍പ്പന കമ്പനികള്‍ ഇത്തരം സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കി കാണും എന്നാണ് കരുതപ്പെടുന്നതെന്ന് വിന്നി ട്രോറിയ എഴുതിയ ബ്ലോഗ് പോസ്റ്റില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം കമ്പനികള്‍ സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ തരത്തില്‍ മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പേരാവട്ടെ, ഇമെയില്‍ വിവരങ്ങളാവട്ടെ എന്തും മൊത്തമായോ ചില്ലറയായോ കൈമാറ്റം ചെയ്യപ്പെട്ടേക്കാമെന്നും വിന്നി വ്യക്തമാക്കുന്നു.