
ടിക് ടോക്ക് ആള് പുലിയാണ്; ഡൗണ്‍ലോഡ് ചെയ്തത് 150 കോടി ആളുകള്‍
സോഷ്യല്‍ വീഡിയോ ആപ്പായ ടിക്ടോക്കിന്റെ ജനപ്രിയത കുതിച്ചുകയറുന്നു. ലോകമെമ്പാടും ഇതുവരെ 150 കോടി പേരാണ് ടിക്ടോക് ഡൗണ്‍ലോഡ് ചെയ്തതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 31 ശതമാനത്തോളം ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ ഇതുവരെ 466.8 മില്യണ്‍ പേരാണ് ടിക്ടോക് ഡൗണ്‍ലോഡ് ചെയ്തത്.
2019 ല്‍ മാത്രം 614 മില്യണ്‍ പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്ന് മൊബൈല്‍ ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം കൂടുതലാണിത്. ഇന്ത്യയിലാകട്ടെ, ഈ വര്‍ഷം ഇതുവരെ 277.6 ദശലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ലോകമെമ്പാടും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതിന്റെ 45 ശതമാനത്തോളം വരുമിത്.
ഇന്ത്യ കഴിഞ്ഞാല്‍ പിന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചൈനയും അമേരിക്കയുമാണ്. 45.5 മില്യണ്‍ പേരാണ് ചൈനയില്‍ ഈ വര്‍ഷം ടിക്ടോക് ഡൗണ്‍ലോഡ് ചെയ്തത്. അമേരിക്കയിലാകട്ടെ, 37.6 മില്യണ്‍ പേരും. എന്നാല്‍ തേഡ് പാര്‍ട്ടി ആന്‍ഡ്രോയിഡ് സ്റ്റോറുകളിലെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
വാട്സാപ്പും ഫേസ്ബുക്ക് മെസഞ്ചറും കഴിഞ്ഞാല്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഗെയിമിങ് ഇതര ആപ്ലിക്കേഷനാണ് ടിക്ടോക്. വാട്സാപ്പിന് 707.4 മില്യണ്‍ ഡൗണ്‍ലോഡും ഫേസ്ബുക്ക് മെസഞ്ചറിന് 636.2 മില്യണ്‍ ഡൗണ്ലോഡുമാണ് ഈ വര്‍ഷം ഉണ്ടായത്. 587 മില്യണ്‍ ആളുകള്‍ ഫേസ്ബുക്ക് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ 376.2 മില്യണ്‍ പേരാണ് ഇന്‍സ്റ്റാഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തത്.