
ട്രോളന്മാര്ക്ക് സന്തോഷവാര്‍ത്ത; ഫേസ്ബുക്കില്‍ പ്രത്യേക ആപ്പ് ഒരുങ്ങുന്നു
കാലഫോര്‍ണിയ: ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ഇനി കുറിക്കുകൊള്ളുന്ന ട്രോളുകള്‍ നിര്‍മിക്കാന്‍ പുതിയ ആപ്പ് പരതി പോവേണ്ടതില്ല. ട്രോളന്മാര്ക്ക് സന്തോഷവാര്‍ത്തയായി ട്രോള്‍ നിര്‍മ്മിക്കുന്നതിനുള്ള ആപ്പ് ഫേസ്ബുക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുകയാണ്. കമ്പനിയുടെ ഇന്റേണല്‍ എന്‍പിഇ (ന്യൂ പ്രൊഡക്ടഡ് എക്സ്പിരിമെന്റേഷന്‍) ടീം കനേഡിയന്‍ ആപ്പ് സ്റ്റോറിലാണ് ‘വെയ്ല്’ എന്ന മീം നിര്‍മ്മാണ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.
നല്ല ഗംഭീര ഡയലോഗുകള്‍, ഇമോജികള്‍, ഫില്‍ട്ടറുകള്‍ എന്നിവയുടെ കിടിലന്‍ കോമ്പിനേഷന്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കാവുന്ന വിധത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങളുടെ സ്വന്തം ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനോ കമ്പനിയുടെ സ്റ്റോക്ക് ലൈബ്രറിയില്‍ നിന്ന് തിരഞ്ഞെടുക്കാനോ കഴിയും. വെയ്ലിന് വിവിധ ഗ്രിഡ് ലേഔട്ടുകളും ഉണ്ട്. നല്ലൊരു ക്രിയേറ്റീവ് ആര്ട്ടിസ്റ്റാണെങ്കില് ഇതൊരു ഫ്രീഫോം ഡ്രോയിംഗ് ടൂളാക്കി മാറ്റാമെന്നു സാരം.
എന്‍പിഇ വെയ്ല് എന്ന ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സജ്ജമായിരുന്നു. ലളിതമായ ഐസ് ബ്രേക്കര്‍ ചോദ്യങ്ങളുമായി അപരിചിതരെ ബന്ധപ്പെടാന്‍ സഹായിക്കുന്ന ചാറ്റ് ആപ്ലിക്കേഷനായ ബമ്പ്, പാട്ടുകള്‍ തിരഞ്ഞെടുക്കാനും അവരുടെ ഗ്രൂപ്പിന്റെ വെര്‍ച്വല്‍ ആക്സിലറി കേബിളിനായി മത്സരിക്കാനും നിങ്ങളെ അനുവദിക്കുന്ന ഗ്രൂപ്പ് ലിസണിംഗ് ആപ്ലിക്കേഷനായ ഓക്സ് എന്നിവയോടൊപ്പമാണ് ഇപ്പോള്‍ വെയ്ലിനെയും ഫേസ്ബുക്ക് പുറത്തിറക്കുന്നത്. മൂന്ന് ആപ്ലിക്കേഷനുകളും പ്രായം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ ഉടമകളെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ടിക് ടോക്കിനോടും ട്വിച്ചിനോടും ആഭിമുഖ്യം പുലര്‍ത്തുന്ന തരത്തിലുള്ളതാണ് ഇത്.
പരീക്ഷണാത്മക ആപ്ലിക്കേഷനുകളില്പ്പെട്ടതായതിനാല് പ്രാരംഭ ടെസ്റ്റ് മാര്‍ക്കറ്റുകളില്‍ വിജയിച്ചാല്‍ മാത്രമേ വെയ്ല് ലോകമെമ്പാടും ലോഞ്ച് ചെയ്യൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.