റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 20ന്

റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട് ഫോണായ എക്സ് 2 പ്രോ നവംബര്‍ 20 ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഫോണ്‍ ഇതിനകം ചൈനയില്‍ വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു.

ചൈനയിലെ പതിപ്പ് തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്താന്‍ പോകുന്നത്. എക്സ് 2 പ്രോയ്ക്കൊപ്പം, റിയല്‍മി 5 എസ് എന്ന മറ്റൊരു ഫോണും അന്നു തന്നെ പുറത്തിറക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്തയിലെ വിശേഷം എക്സ് 2 പ്രോ തന്നെ. എക്സ് 2 പ്രോ ഇപ്പോള്‍ ക്വാല്‍കോമില്‍ നിന്നുള്ള ഏറ്റവും ശക്തമായ ചിപ്സെറ്റുമായാണ് വരുന്നത്.

സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസറാണ് ഇതിലുള്ളത്. സ്‌ക്രീനിന്റെ മുകളില്‍ ഒരു വാട്ടര്‍ ഡ്രോപ്പ് നോച്ചുണ്ട്. ഇതിനര്‍ത്ഥം റിയല്‍മി ഫോണിന്റെ ഡിസ്പ്ലേ ഉയര്‍ന്ന സ്‌ക്രീന്‍ ടു ബോഡി അനുപാതം വാഗ്ദാനം ചെയ്യുന്നുവെന്നാണ്. ഏറ്റവും പുതിയ വണ്‍പ്ലസ് ഫോണുകള്‍ക്ക് സമാനമായ 90 ഹെര്‍ട്സ് ഡിസ്പ്ലേ എക്സ് 2 പ്രോ വാഗ്ദാനം ചെയ്യുമെന്നും റിയല്‍മി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഫ്ലൂയിഡ് ഡിസ്പ്ലേയാണ് ഇതിന്റേത്. ഇതില്‍ അഞ്ച് ക്യാമറകളുണ്ട്. നാലെണ്ണം പിന്‍ഭാഗത്തും മുന്‍വശത്ത് സെല്‍ഫിയും. പ്രാഥമിക 64 എംപി ഇമേജ് സെന്‍സര്‍, സെക്കന്‍ഡറി 13 എംപി ടെലിഫോട്ടോ ലെന്‍സ്, മൂന്നാമത്തേത് 8 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, നാലാമത്തേത് 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി.

20എക്സ് ഹൈബ്രിഡ് സൂം സവിശേഷതയുമായാണ് എക്സ് 2 പ്രോ വരുന്നത്. സെല്‍ഫികള്‍ക്കായി മുന്‍വശത്തുള്ള 16 മെഗാപിക്സല്‍ ക്യാമറയില്‍ സോണി ഐഎംഎക്സ് 471 സെന്‍സര്‍ ഉള്‍പ്പെടുന്നു. ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറിനു പുറമേ തടസ്സമില്ലാത്ത ഗെയിമിംഗ് അനുഭവം ഇതു പ്രദാനം ചെയ്യുന്നു.

വെറും 35 മിനിറ്റിനുള്ളില്‍ 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്ന 50വാട്സ് സൂപ്പര്‍ വിഒസി ഫ്ലാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യയുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. എക്സ് 2 പ്രോ മൂന്ന് വേരിയന്റുകളില്‍ വരുന്നു. 6 ജിബി റാം + 64 ജിബി സ്റ്റോറേജാണ് ഫോണിന്റെ അടിസ്ഥാന മോഡലിന് (ഇതിന് ഏകദേശം ചൈനീസ് വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ 27,200 രൂപ വരുന്നു). റിയല്‍മി എക്സ് 2 പ്രോയുടെ രണ്ടാമത്തെയും മൂന്നാമത്തെയും മോഡലിന് യഥാക്രമം 8 ജിബി റാം + 128 ജിബി സ്റ്റോറേജും 12 ജിബി റാം + 256 ജിബി സ്റ്റോറേജും ഉണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 29,200 രൂപയും, ടോപ്പ് എന്‍ഡ് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 33,200 രൂപയുമായിരിക്കും വില. പക്ഷേ, ഇതുവരെ ഇന്ത്യന്‍ വില വെളിപ്പെടുത്തിയിട്ടില്ല.