ഫ്‌ളാഷ് പ്ലെയര്‍ സേവനം അവസാനിപ്പിച്ച് അഡോബി

ഫ്ളാഷ് പ്ലെയറിനോട് വിടപറഞ്ഞ് അഡോബി. മുൻനിര വെബ് ബ്രൗസർ സേവനങ്ങളെല്ലാം ഫ്ളാഷ് പ്ലെയർ സൗകര്യം നിർത്തലാക്കുകയും പുതിയ വിൻഡോസ് പതിപ്പുകളിൽനിന്നും അഡോബി ഫ്ളാഷ് പ്ലെയർ മൈക്രോസോഫ്റ്റ് ഒഴിവാക്കുകയും ചെയ്തതോടെയാണ് ഫ്ളാഷ്പ്ലെയർ സേവനം അവസാനിപ്പിക്കാൻ അഡോബി തീരുമാനിച്ചത്.

ഒരു കാലത്ത് വെബ് ബ്രൗസറുകളിൽ ആനിമേഷൻ, ഓഡിയോ, വീഡിയോ ഉൾപ്പടെയുള്ള മൾട്ടിമീഡിയ സൗകര്യങ്ങൾ ലഭ്യമായിരുന്നത് അഡോബി ഫ്ളാഷ് പ്ലെയറിന്റെ പിന്തുണയോടെയായിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി വെബ് ബ്രൗസറുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഫ്ളാഷ് പ്ലെയർ. ഡിസംബർ 31 മുതൽ ഫ്ളാഷ് പ്ലെയറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്നും ജനുവരി 12 മുതൽ ഫ്ളാഷ് ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യുമെന്നും അഡോബി പ്രഖ്യാപിച്ചിരുന്നു.

എച്ച്ടിഎംഎൽ5., വെബ്ജിഎൽ, വെബ് അസംബ്ലി പോലുള്ള നൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ ആധുനിക ഐടി സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞതോടെ ഫ്ളാഷ് പ്ലെയറിന്റെ ഉപയോഗം കുറഞ്ഞിരുന്നു. ഇതോടെ 2020 ഡിസംബർ 31-ന് ശേഷം ഫ്ളാഷ് പ്ലെയർ അപ്ഡേറ്റുകൾ നൽകില്ലെന്ന് 2017-ൽ തന്നെ അഡോബി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ചില വാണിജ്യ ഉപയോക്താക്കൾക്ക് കുറച്ച് കാലത്തേക്ക് കൂടി ഫ്ളാഷ് പ്ലെയർ പിന്തുണ ആവശ്യമായി വന്നേക്കും. ഫ്ളാഷ് പ്ലെയറിന്റെ ഓർമക്കായി വിവിധ ഫ്ളാഷ് പ്ലെയർ ഗെയിമുകളും അനിമേഷനുകളും ഇന്റർനെറ്റ് ആർക്കൈവ്സ് സംരക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോട്ട്. ഉപകരണങ്ങളുടെ സുരക്ഷയ്ക്കായി ഫ്ളാഷ് പ്ലെയറുകൾ അൺഇൻസ്റ്റാൾ ചെയ്യാൻ അഡോബി നിർദേശിച്ചിട്ടുണ്ട്.