ആപ്പിളിന്റെ യോഗ മാറ്റ് വിപണിയിലേക്ക്

ഈവർഷം സെപ്റ്റംബറിലാണ് ആപ്പിൾ വാച്ച് സീരീസ് 6 നൊപ്പം ഒരു ഫിറ്റ്നസ് പ്ലസ് സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചത്. ഇക്കൊല്ലം അവസാനത്തോടെ പ്ലാൻ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഒടുവിൽ ഫിറ്റ്നസ് പ്ലസ് പ്രോഗ്രാം ആപ്പിൾ ആരംഭിച്ചു. ഇന്നലെ മുതൽ വിവിധ വ്യായാമ മുറകൾ നിർദേശിക്കുന്ന ഫിറ്റ്നസ് പ്ലസ് പ്രോഗ്രാം യു.എസ്., യു.കെ., കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് എന്നിവിടങ്ങളിൽ ആരംഭിച്ചു.

മാസം 9.99 ഡോളറാണ് (ഏകദേശം 700 രൂപ ) ഈ സേവനത്തിന് ചെലവ്. ഫിറ്റ്നസ് പ്ലസ് സേവനം ആറ് കുടുംബാംഗങ്ങളുമായി പങ്കുവെക്കാനാവും.

apple fitness

അടിസ്ഥാനപരമായി പണം വാങ്ങിയുള്ള ഫിറ്റ്നസ് സേവനമാണ് ആപ്പിൾ ഫിറ്റ്നസ് പ്ലസ്. ആപ്പിൾ വാച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനം. ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയ്നിങ്, യോഗ, ഡാൻസ്, സ്ട്രെങ്ത്, കോർ, സൈക്ലിങ്, റോവിങ്, ട്രെഡ്മിൽ, മൈന്റ് ഫുൾ കൂൾഡൗൺ എന്നിങ്ങനെ പത്തോളം വ്യായാമമുറകളാണ് ഫിറ്റ്നസ് പ്ലസിലുള്ളത്.

ഇതിനോട് ചേർന്ന് മറ്റ് ചില അനുബന്ധ ഉൽപന്നങ്ങളും ആപ്പിൾ നേരിട്ട് വിൽപനയ്ക്കെത്തിക്കുന്നുണ്ട്. മണ്ഡൂക പെർഫോമൻസ് യോഗ മാറ്റ്- 119.95 ഡോളർ (ഏകദേശം 8,841 രൂപ), മണ്ഡൂക ഇകോലൈറ്റ് യോഗ മാറ്റ്- 77.95 ഡോളർ (ഏകദേശം 5745 രൂപ), കോർക്ക് യോഗ ബ്ലോക്ക്- 19.95 ഡോളർ (ഏകദേശം 1470 രൂപ) എന്നിവയാണ് അവ.

ഈ അനുബന്ധ ഉൽപന്നങ്ങൾ ആപ്പിളിന്റെ പേരിലല്ല വിൽക്കുന്നത്. എന്നാൽ ആപ്പിൾ സ്റ്റോറിൽ മറ്റ് ഹെൽത്ത്, ഫിറ്റ്നസ് ഉപകരണങ്ങൾക്കൊപ്പം യോഗ മാറ്റുകളും മറ്റ് ഉൽപന്നങ്ങളും വിൽപന നടത്തും. ഫോം റോളർ, വാട്ടർ ബോട്ടിൽ എന്നിവയെല്ലാം അക്കൂട്ടത്തിലുണ്ട്.