ബംഗളൂരു: ശുക്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ശുക്രയാന് ദൗത്യത്തിന്റെ (വീനസ് ഓര്‍ബിറ്റര്‍ മിഷന്) പര്യവേക്ഷണ ഉപകരണങ്ങളുടെ നിര്‍ണയം പുരോഗമിക്കുന്നു. ഫ്രാന്‍സിന്റെ ഉള്‍പ്പെടെ 20 ഉപകരണങ്ങളാണ് ദൗത്യത്തിനായുള്ള ഐ.എസ്.ആര്.ഒയുടെ അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടത്. റഷ്യ, ഫ്രാന്‍സ്, സ്വീഡന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നായി കൂട്ടായ പങ്കാളിത്തമാണ് ദൗത്യത്തിനുണ്ടാകുകയെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു. ശുക്രനിലെ ഉപരിതലത്തെക്കുറിച്ചും രാസഘടനയെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും നാലുവര്‍ഷത്തോളം പഠിക്കുന്നതിനായുള്ള പരീക്ഷണ ഉപകരണങ്ങളുടെ നിര്‍ദേശമാണ് വിവിധ രാജ്യങ്ങള്‍ ഐ.എസ്.ആര്.ഒക്ക് കൈമാറിയത്.
ഒരോ 19 മാസത്തിനുമിടയിലാണ് ശുക്രന്, ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന അനുയോജ്യമായ ലോഞ്ച് വിന്‍ഡോ ലഭിക്കുകയെന്നതിനാല്‍, നേരത്തേ 2023 ജൂണില്‍ വിക്ഷേപിക്കാനിരുന്ന ദൗത്യം കോവിഡ് പശ്ചാത്തലത്തില്‍ വൈകും. ഇനി 2024ലോ 2026ലോ ആയിരിക്കും വിക്ഷേപണം സാധ്യമാകുക. പര്യവേക്ഷണ ഉപകരണങ്ങളുമായി 2500 കിലോ ഭാരമുള്ള ഉപഗ്രഹം ജി.എസ്.എല്‍.വി മാര്‍ക്ക് രണ്ട് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക.
ശുക്രന്റെ 500 കിലോമീറ്റര്‍ പരിധിയിലും (കുറഞ്ഞ ദൂരം) 60,000 കിലോമീറ്റര്‍ പരിധിയിലുമുള്ള (കൂടിയ ദൂരം) ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹം ആദ്യം നിരീക്ഷണം നടത്തുക. പിന്നീട് ശുക്രന് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് നീങ്ങും.