Saturday, July 24, 2021
Home Special Tech Zone കുട്ടികള്‍ക്ക് കോവിഡ് പകരില്ലെന്ന് ട്രംപിന്റെ തള്ള്; പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു

കുട്ടികള്‍ക്ക് കോവിഡ് പകരില്ലെന്ന് ട്രംപിന്റെ തള്ള്; പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പോസ്റ്റ് ആദ്യമായി ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. കുട്ടികള്‍ക്ക് കോവിഡ് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന ട്രംപിന്റെ പോസ്റ്റാണ് നീക്കം ചെയ്തത്. കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന ഫേസ്ബുക്ക് നയം ലംഘിച്ചതിനാണ് നടപടി.

ഫോക്‌സ് ന്യൂസ് ചാനലില്‍ ട്രംപ് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ക്ലിപ്പാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ട്രംപ് കാംപൈന്‍ ടീമിന്റെ അക്കൗണ്ടില്‍ നിന്നായിരുന്നു പോസ്റ്റ്. കുട്ടികള്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ട്രംപ് ഇതില്‍ പറയുന്നത്. എന്നാല്‍, കുട്ടികള്‍ക്ക് കോവിഡ് പകരുമെന്നതും അവര്‍ക്ക് മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ കഴിയുമെന്നതും ശാസ്ത്രീയമായി തെളിഞ്ഞ വസ്തുതയാണ്.

കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന തങ്ങളുടെ പോളിസിയുടെ ലംഘനമാണ് ഇതെന്ന് ഫേസ്ബുക്ക് വക്താവ് ആന്‍ഡി സ്റ്റോണ്‍ അറിയിച്ചു. ഇതാദ്യമായാണ് ട്രംപിന്റെ ഒരു പോസ്റ്റ് ഫേസ്ബുക്ക് പൂര്‍ണമായും നീക്കം ചെയ്യുന്നത്. നേരത്തേ ട്രംപിന്റെ പോസ്റ്റുകളില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ വന്നിരുന്നെങ്കിലും നീക്കം ചെയ്തിരുന്നില്ല. ട്രംപിന്റെ സമാനമായ വീഡിയോ ട്വിറ്ററും നീക്കം ചെയ്തിട്ടുണ്ട്.

അതേസമയം, ഫേസ്ബുക്ക് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ട്രംപിന്റെ പ്രചാരണ വിഭാഗം ഡപ്യൂട്ടി നാഷനല്‍ പ്രസ് സെക്രട്ടറി കോട്‌നി പരേല ആരോപിച്ചു. കുട്ടികള്‍ക്ക് കൊറോണ പടരാന്‍ സാധ്യത കുറവാണെന്ന വസ്തുത പറയുക മാത്രമാണ് ട്രംപ് ചെയ്തതെന്നും അവര്‍ അവകാശപ്പെട്ടു.

Facebook deletes Trump post claiming children are ’almost immune’ to COVID-19

Most Popular