Tuesday, May 18, 2021
Home Special Tech Zone ആദ്യത്തെ പറക്കും കാർ; ആകാംക്ഷയോടെ വാഹന ലോകം

ആദ്യത്തെ പറക്കും കാർ; ആകാംക്ഷയോടെ വാഹന ലോകം

നിരത്തില്‍ ഓടുകയും പിന്നെ വാനില്‍ പറക്കുകയും ചെയ്യുന്ന കാര്‍ എന്ന ആശയം സാക്ഷാത്കരിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തും വിവിധ കമ്പനികള്‍ തീവ്രശ്രമത്തിലാണ്. എന്നാല്‍ നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള നിര്‍മാതാക്കളായ പഴ്‌സനല്‍ ലാന്‍ഡ് ആന്‍ഡ് എയര്‍ വെഹിക്കിളി(പിഎഎല്‍-വി)ന്റെ പറക്കും കാറായ ലിബര്‍ട്ടിക്ക് യൂറോപ്യന്‍ നിരത്തുകളില്‍ ഓടാനുള്ള അനുവാദം കഴിഞ്ഞ ആഴ്ച ലഭിച്ച കാര്യം പ്രതീക്ഷയോടെയാണ് ലോകം കേട്ടത്. ഇതോടെ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തെത്തുന്ന ആദ്യ പറക്കും കാര്‍ എന്ന ലിബര്‍ട്ടിയുടെയും ലോകത്തിന്റെയും സ്വപ്‌നത്തിന് ശക്തിപകരുകയാണ്. യൂറോപ്പിലെ കര്‍ശനമായ റോഡ് പ്രവേശന പരീക്ഷകള്‍ വിജയിച്ചതോടെയാണു പിഎല്‍എല്‍-വി ലിബര്‍ട്ടി’ക്ക് ഔദ്യോഗിക ലൈസന്‍സ് പ്ലേറ്റോടെ നിരത്തില്‍ ഓടാനുള്ള അനുവാദം ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ റേസ് ട്രാക്കുകളില്‍ നടന്നു വരുന്ന പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.

1palv

ഈ നാഴികക്കല്ലിനായി വര്‍ഷങ്ങളായി യൂറോപ്യന്‍ അധികൃതരുമായി കമ്പനി സഹകരിക്കുന്നുണ്ടെന്നു പിഎഎല്‍- വി ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ മൈക്ക് സ്റ്റീകെലെന്‍ബര്‍ഗ് അറിയിച്ചു. വ്യോമഗതാഗതത്തിലെയും റോഡ് നിയമങ്ങളിലെയും നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി രൂപകല്‍പ്പന പൂര്‍ത്തിയാക്കുന്നതാണു പറക്കുംകാര്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രധാന കടമ്പയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുമ്പ് നിശ്ചയിച്ചതിലും വര്‍ഷങ്ങള്‍ വൈകിയാണു ‘പി എല്‍ എല്‍ – വി ‘ വികസന പദ്ധതി പുരോഗമിക്കുന്നത്. 2018നുള്ളില്‍ യൂറോപ്പിലെ സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്നായിരുന്നു ഈ ഡച്ച് കമ്പനിയുടെ പ്രതീക്ഷ. യൂറോപ്പിനു പുറമെ യു എസ് അടക്കമുള്ള പ്രമുഖ രാജ്യങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാവും ‘പി എ എല്‍ – വി’യുടെ നിര്‍മാണം. സര്‍ട്ടിഫിക്കേഷനുശേഷമേ ‘പി എ എല്‍ – വി’യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പ്പന ആരംഭിക്കാനാവൂ. 2018ലോ 2019ലോ ഇന്ത്യയിലും ‘പി എ എല്‍ – വി വണ്‍’ ലഭ്യമാക്കാനായിരുന്നു നിര്‍മാതാക്കളുടെ മുന്‍ പദ്ധതി. എന്നാല്‍ ഈ ലക്ഷ്യങ്ങളൊന്നും ഇതുവരെ കൈവരിക്കാന്‍ പി എ എല്‍ – വി യൂറോപ്പ് എന്‍ വിക്കു സാധിച്ചിരുന്നില്ല.

എന്നാല്‍ ‘പി എ എല്‍ – വി’ ക്കു പിന്നാലെയാണ് പറക്കും കാറായ ‘എയര്‍കാറി’ന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയായെന്നു സ്ലൊവേക്യന്‍ നിര്‍മാതാക്കളായ ക്ലീന്‍വിഷന്‍ പ്രഖ്യാപിച്ചത്. സ്ലൊവേക്യയിലെ പീസ്റ്റനി വിമാനത്താവളത്തില്‍ നടന്ന പരീക്ഷണപ്പറക്കലിന്റെ വിഡിയോ പങ്കുവച്ചകമ്പനി അടുത്ത വര്‍ഷത്തോടെ ‘എയര്‍കാര്‍’ വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള വ്യത്യസ്ത ഘടകങ്ങള്‍ ചേരുന്നതാണ് ‘എയര്‍കാര്‍’ എന്നു ക്ലീന്‍വിഷന്‍ വിശദീകരിക്കുന്നു. പിന്‍വലിയുന്ന ചിറകും മടക്കിസൂക്ഷിക്കാവുന്ന വാല്‍ഭാഗവും പാരച്യൂട്ട് വിന്യസിക്കാനുള്ള സംവിധാനവും കാറിലുണ്ട്. ഏറോഡൈനമിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത മധ്യഭാഗത്ത് യാത്രക്കാര്‍ക്ക് വേണ്ടത്ര സ്ഥലസൗകര്യവും ലഭ്യമാണ്. അതോടൊപ്പം വിമാനമാവുമ്പോള്‍ അനായാസം പറന്നുയരാന്‍ സഹായിക്കും വിധമാണ് ഈ ഫ്യൂസലേജിന്റെ ഘടന. വെറും 984 അടി നീളമുള്ള റണ്‍വേയില്‍ നിന്നു പറന്നുയരാന്‍ ‘എയര്‍കാറി’നാവുമെന്നാണ് ക്ലീന്‍വിഷന്റെ അവകാശവാദം. വാല്‍ഭാഗം പിന്‍വലിയുന്ന രീതിയാലായതിനാല്‍ കാറായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഒതുക്കം കൈവരുമെന്ന നേട്ടവുമുണ്ട്.

kleinvision-flying-car-maiden-flight-02-1604377218

‘എയര്‍കാറി’ന്റെ അഞ്ചാമത്തെ മാതൃകയാണ് വാനില്‍ പറന്നുയര്‍ന്നത്. നിരത്തിലോടുന്ന സ്‌പോര്‍ട്‌സ് കാറില്‍ നിന്നു വിമാനത്തിലേക്കുള്ള പരിവര്‍ത്തനം പൂര്‍ത്തിയായത് വെറും ഒരു മിനിറ്റിലാണ്. തുടര്‍ന്ന് 1,500 അടി ഉയരത്തിലായിരുന്നു ‘എയര്‍കാറി’ന്റെ ആദ്യ പരീക്ഷണപ്പറക്കല്‍. ഒരിക്കല്‍ പറന്നുയര്‍ന്നാല്‍ പരമാവധി 620 മൈല്‍(ഏകദേശം 1,000 കിലോമീറ്റര്‍) പിന്നിടാന്‍ കഴിയും വിധമാണ് ‘എയര്‍കാറി’ന്റെ രൂപകല്‍പ്പന. കാറിനു കരുത്തേകുന്നതാവട്ടെ 1.6 ലീറ്റര്‍, ബി എം ഡബ്ല്യു എന്‍ജിനും. രണ്ടു പേര്‍ക്കും നാലു പേര്‍ക്കും യാത്ര ചെയ്യാവുന്ന ‘എയര്‍കാര്‍’ അവതരിപ്പിക്കാനാണു ക്ലീന്‍വിഷന്റെ പദ്ധതി.അതേസമയം കരയിലെന്നപോലെ ജലാശയങ്ങളില്‍ ഇറങ്ങാനും അവിടെനിന്നു പറന്നുയരാനും പ്രാപ്തിയുള്ള വകഭേദവും പരിഗണിക്കുന്നുണ്ട്. എന്നാല്‍ അതിനപ്പുറം ഈ ‘പറക്കുംകാറി’ന്റെ വില സംബന്ധിച്ച സൂചനകള്‍ പോലും കമ്പനി നല്‍കിയിട്ടില്ല. ‘പറക്കുംകാറി’ന്റെ തുടര്‍പരീക്ഷണങ്ങള്‍ വൈകില്ലെന്നാണു ക്ലീന്‍വിഷന്‍ നല്‍കുന്ന സൂചന.നിയമപ്രകാരമുള്ള അനുമതികളും അംഗീകാരങ്ങളുമൊക്കെ നേടിയെടുത്ത് അടുത്ത വര്‍ഷത്തോടെ നിരത്തില്‍ ഓടാനും വാനില്‍ പറക്കാനും ‘എയര്‍കാര്‍’ എത്തുമെന്നാണു ക്ലീന്‍വിഷന്റെ വാഗ്ദാനം.

Most Popular