യുട്യൂബര്‍മാര്‍ക്ക് പുതിയ പണി വരുന്നു; 24 ശതമാനം വരെ നികുതി കൊടുക്കണം

youtube tax

യൂട്യൂബില്‍ വീഡിയോകളിട്ട് വരുമാനമുണ്ടാക്കുന്നവരുടെ ചങ്ക് തകര്‍ക്കുന്ന വാര്‍ത്ത. ജൂണ്‍ മുതല്‍ യുട്യൂബിലൂടെ ലഭിക്കുന്ന പണത്തിന്റെ കാല്‍ഭാഗം വരെ നികുതിയായി കൊടുക്കേണ്ടി വരും. യുട്യൂബിന്റെ മാതൃ കമ്പനിയായ ഗൂഗിള്‍ ആണ് അമേരിക്കുയുടെ പുതിയ നികുതി നയം അനുസരിച്ചുള്ള തീരുമാനമെടുത്തത്.

അമേരിക്കയ്ക്ക് പുറത്തെ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ നിന്നും ജൂണ്‍ മുതല്‍ യുഎസ് നികുതി പിരിക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഗൂഗിള്‍ അയച്ച ഇമെയിലില്‍ ‘നികുതി കുറയ്ക്കുന്നതിനുള്ള ശരിയായ തുക നിര്‍ണ്ണയിക്കാന്‍’ ഓരോരുത്തരുടെയും നികുതി വിവരങ്ങള്‍ ആഡ്‌സെന്‍സില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ലോകത്തെ എല്ലാ യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.

ഒരു നികുതിയിളവുകളും ബാധകമല്ലെങ്കില്‍ യുഎസിലെ കാഴ്ചക്കാരില്‍ നിന്നുള്ള പരസ്യ വരുമാനം, യൂട്യൂബ് പ്രീമിയം, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കറുകള്‍, ചാനല്‍ മെമ്പര്‍ഷിപ്പ് എന്നിവയില്‍ നിന്നുള്ള ക്രിയേറ്റര്‍മാരുടെ യൂട്യൂബ് വരുമാനത്തിന്റെ ഒരു ഭാഗം നികുതിയായി ഗൂഗിള്‍ പിടിക്കും.

ശരിയായ ടാക്‌സ് ഫോം സമര്‍പ്പിച്ചാല്‍ ആഡ്‌സെന്‍സിലെ പേയ്‌മെന്റ് സെക്ഷനില്‍ നിങ്ങളുടെ ചാനലിന്റെ വരുമാനത്തില്‍ നിന്നും എത്ര ശതമാനമാണ് നികുതിയായി പിടിക്കുക എന്ന് വ്യക്തമാവും. ആഡ്‌സെന്‍സില്‍ ഓണ്‍ലൈന്‍ ആയാണ് നികുതി വിവരം സമര്‍പ്പിക്കേണ്ടത്. ഏകദേശം 15 ശതമാനം വരെയാണ് നികുതി. നിങ്ങളുടെ കണ്ടന്റിന്റെ അമേരിക്കയില്‍ നിന്നുള്ള വ്യൂ അനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകും. അതായത് ഒരു മാസം 200 ഡോളറിന്റെ വരുമാനം അമേരിക്കന്‍ കാണികളുടെ വ്യൂസ് വഴി നിങ്ങളുടെ ചാനലിന് ലഭിച്ചാല്‍ 30 ഡോളര്‍ വരെ നികുതിയിനത്തില്‍ കുറയും.

അതെ സമയം ശരിയായ ടാക്‌സ് ഫോം മെയ് മാസം 31-ന് മുന്‍പായി സമര്‍പ്പിച്ചില്ല എങ്കില്‍ വരുമാനത്തിന്റെ 24 ശതമാനം വരെ നികുതിയായി കുറയ്ക്കും. ഇത് പക്ഷെ അമേരിക്കന്‍ കാണികളുടെ വ്യൂസിന് മാത്രമായിരിക്കില്ല. നിങ്ങളുടെ ചാനലിന്റെ ലോകം മുഴുവനുമുള്ള വ്യൂസില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് കുറയ്ക്കുക.