ഇന്ത്യയുടെ ‘ഐആര്‍എന്‍എസ്എസ്’ വേൾഡ് വൈഡ് റേഡിയോ നാവിഗേഷൻ സിസ്റ്റത്തിന്റെ ഭാഗമാവുന്നു

IRNSS

ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ് ) വേള്‍ഡ് വൈഡ് റേഡിയോ നാവിഗേഷന്‍ സിസ്റ്റത്തിന്റെ ഭാഗമാവുന്നു. ഇന്റര്‍നാഷണല്‍ മാരിറ്റൈം ഓര്‍ഗനൈസേഷന്റെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഐആര്‍എന്‍എസ്എസിന്റെ പിന്തുണ ലഭിക്കുക. ഇന്ത്യയുടെ സ്വതന്ത്രമായി വികസിപ്പിച്ച പ്രാദേശിക ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയാണ് ഐആര്‍എന്‍എസ്എസ്.

ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്), ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഗ്ലോനാസ്) എന്നിവയ്ക്ക് സമാനമായി ചരക്ക് കപ്പലുകളുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഗതിനിര്‍ണയത്തിന് ഐആര്‍എന്‍എസ്എസ് നല്‍കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്താനാവും. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 1500 കിലോമീറ്റര്‍ ദൂരപരിധിയിലാണ് ഐആര്‍എന്‍എസ്എസ് പിന്തുണ നല്‍കുക.

നവംബര്‍ നാല് മുതല്‍ 11 വരെ നടന്ന ഇന്റര്‍നാഷണല്‍ മാരിറ്റൈം ഓര്‍ഗനൈസേഷന്റെ മാരിറ്റൈം സേഫ്റ്റി കമ്മറ്റിയുടെ യോഗമാണ് വേള്‍ഡ് വൈഡ് റേഡിയോ നാവിഗേഷന്‍ സംവിധാനത്തിന്റെ ഭാഗമാവാന്‍ ഐആര്‍എന്‍എസ്എഎസിന് അംഗീകാരം നല്‍കിയത് എന്ന് തുറമുഖ ഷിപ്പിങ് ജലപാതാ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഇത് മന്ത്രാലയത്തിന്റേയും, ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റേയും, ഐഎസ്ആര്‍ഒയുടേയും നേട്ടമാണെന്നും പ്രസ്താവനയില്‍ പറയുന്നു.