ഇൻസ്റ്റാഗ്രാമിൽ പുതിയതായി ഒരു അക്കൗണ്ട് തുടങ്ങുമ്പോൾ ആ പ്രൊഫൈൽ ഇൻസ്റ്റാഗ്രാമിലെ എല്ലാവർക്കും കാണാനാവുംവിധം പബ്ലിക്ക് ആയിരിക്കും. പൊതുജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും പബ്ലിക്ക് അക്കൗണ്ടുകളാണ് നല്ലത്.
എന്നാൽ സ്വന്തം ചിത്രങ്ങൾ, കുടുംബം, പെൺമക്കൾ, കുട്ടികൾ സുഹൃത്തുക്കൾ എന്നിവരുടെയെല്ലാം ചിത്രങ്ങൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ആ അക്കൗണ്ടിന് അൽപ്പം സ്വകാര്യത വേണ്ടത് അനിവാര്യതയാണ്.
നിർവചിക്കാനാവാത്തവിധത്തിലുള്ള ദുരുപയോഗങ്ങളും കുറ്റകൃത്യങ്ങളും ഇന്ന് ഇന്റർനെറ്റിൽ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗം നിങ്ങൾക്ക് ഒരു ശല്യമാവാതിരിക്കാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിവെക്കാം.
എങ്ങനെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കുക ?
- അതിനായി ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ പേജിൽ പോവുക.
- അതിൽ വലത് ഭാഗത്ത് മുകളിലുള്ള ത്രീ ലൈൻ മെനു ബട്ടൻ തുറക്കുക.
- തുടർന്ന് സെറ്റിങ്സ് തിരഞ്ഞെടുക്കുക.
- അതിൽ പ്രൈവസി എന്ന ഓപ്ഷൻ കാണാം. അത് തിരഞ്ഞെടുക്കുക.
തുറന്നുവരുന്ന ഓപ്ഷനുകളിൽ അക്കൗണ്ട് പ്രൈവസി തുറന്ന് പ്രൈവസി എന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ അക്കൗണ്ട് പ്രൈവറ്റ് ആയി മാറിയിരിക്കും.
അക്കൗണ്ട് പ്രൈവറ്റ് ആയാൽ എന്താണ് നേട്ടം?
നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആവുന്നതോടെ നിങ്ങളുടെ പോസ്റ്റുകൾ നിങ്ങളെ ഫോളോ ചെയ്യുന്നവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. മാത്രവുമല്ല, നിങ്ങൾക്ക് വരുന്ന ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ അനുവാദം ഉണ്ടെങ്കിൽ മാത്രമേ അതിന് സാധിക്കൂ. അതായത് അപരിചിതരായവരെ നിങ്ങൾക്ക് എളുപ്പത്തിൽ അകറ്റി നിർത്താനാവും. അല്ലാത്ത പക്ഷം പുറത്ത് നിന്ന് നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുന്ന ആൾക്ക് ‘ This Account is Private’ എന്ന സന്ദേശം മാത്രമാണ് കാണാൻ സാധിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾ അക്കൗണ്ട് പ്രൈവറ്റ് ആക്കുന്നതിന് മുമ്പ് നിങ്ങളെ ഫോളോ ചെയ്തവർക്കെല്ലാം തുടർന്നും നിങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്റ്റോറീസുമെല്ലാം കാണാൻ സാധിക്കും.
നിങ്ങളുടെ പ്രൊഫൈൽ പിക്ചർ പുറത്തുനിന്നുള്ളവർക്കെല്ലാം കാണാം. റിക്വസ്റ്റ് അയക്കുന്നതിന് മുമ്പ് അക്കൗണ്ട് സ്ഥിരീകരിക്കുന്നതിനുവേണ്ടിയാണ് ഇത്.
ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് നിങ്ങളുടെ പ്രൊഫൈലിലേക്ക് സന്ദേശം അയക്കാൻ സാധിക്കും
അക്കൗണ്ടിലെ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ടെങ്കിൽ അക്കൗണ്ട് പ്രൈവറ്റ് ആക്കിയാലും അവ തുടർന്നും മറ്റുള്ളവർക്ക് കാണാൻ സാധിക്കും. 13 വയസിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങാനാവും. ഏതെങ്കിലും കൗമാരക്കാരെ നിങ്ങൾ സഹായിക്കുന്നുണ്ടെങ്കിൽ അവരുടെ അക്കൗണ്ട് പ്രൈവറ്റ് ആക്കിവെക്കാൻ ശ്രദ്ധിക്കുക.