വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി ഏകദേശം 217 ദശലക്ഷം ഡോളറിനുള്ള കേസുകളാണ് ആപ്പിള്‍ കമ്പനിക്കെതിരെ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് സൂചന. പഴയ ഐഫോണുകളിലെ ബാറ്ററികളെക്കുറിച്ചുള്ള തെറ്റിധാരണാജനകമായ അവകാശവാദങ്ങള്‍ ഉള്‍പ്പടെയുള്ളവ പരിഗണിച്ചാണ് കേസുകളെന്ന് ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു യൂറോപ്യന്‍ കണ്‍സ്യൂമര്‍ സംഘടനകള്‍ ഒത്തു ചേര്‍ന്നാണ് ആപ്പിളിനെതിരെ ക്ലാസ് ആക്ഷന്‍ കേസുകള്‍ ബെല്‍ജിയത്തിലും സ്പെയ്നിലും നല്‍കിയിരിക്കുന്നത്. വരുന്ന ആഴ്ചകളില്‍ സമാനമായ കേസുകള്‍ ഇറ്റലിയിലും പോര്‍ച്ചുഗലിലും നല്‍കുമെന്ന് യൂറോകണ്സ്യൂമേഴ്സ് സംഘടന അറിയിച്ചു.
ആപ്പിളിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ വലിയൊരു പങ്കും ഐഫോണ്‍ 6 മോഡലിനെതിരെയാണ്. ഈ മോഡലാകട്ടെ 2014ല്‍ അവതരിപ്പിച്ചതാണ്. കമ്പനി അതിന്റെ വില്പന നിര്‍ത്തിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു. എന്നാല്‍, ഒരു പക്ഷേ പരാതിക്കാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പ്രാധാന്യമുള്ളവ തന്നെയാണ്. ഒരാള്‍ക്ക് വേണ്ട ഫീച്ചറുകള്‍ ഉണ്ടെങ്കില്‍ അവ പരമാവധി കാലം പ്രവര്‍ത്തിക്കണം. അതിലൂടെ പാരിസ്ഥിതികാഘാതം കുറയ്ക്കാനാകും. വര്‍ഷാ വര്‍ഷം കച്ചവടം കൂട്ടാന്‍വേണ്ടി ചെറിയ മാറ്റങ്ങളെ പര്‍വതീകരിച്ചു കാണിച്ച് ഉപയോക്താക്കളെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ നിന്ന് കമ്പനികള്‍ പിന്തിരിയുന്നത് പരിസ്ഥിതിക്ക് വളരെ ഗുണംചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല.
ഉപകരണങ്ങള്‍ അതിവേഗം നശിക്കുന്നുവെന്ന കാരണത്താല്‍ ഉപയോക്താക്കള്‍ ഏറെ നിരാശരാണെന്നാണ് യൂറോ കണ്‍സ്യൂമേഴ്സിന്റെ, പോളിസി ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മേധാവിയായ എല്‍സ് ബ്രഗമാന് പറയുന്നത്. ഉപകരണങ്ങള്‍ അതിവേഗം നശിക്കുന്നത് നിരാശയും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുവെന്നതു കൂടാതെ അത് പരിസ്ഥിതിയുടെ കാഴ്ച്ചപ്പാടില്‍ നോക്കിയാല്‍ പോലും തീര്‍ത്തും ഉത്തരവാദിത്വരഹിതമായ പ്രവൃത്തിയാണ് എന്നാണ് അദ്ദേഹം പറയുന്നത്.
സമാനമായ കേസുകള്‍ അമേരിക്കയിലും ആപ്പിളിനെതിരെ കൊടുത്തിട്ടുണ്ട്. ഐഫോണുകളുടെ ബാറ്ററിയുടെ കാര്യത്തില്‍ ഉപയോക്താക്കളെ തെറ്റിധരിപ്പിച്ചുവെന്നും, സോഫ്റ്റ്വെയര് അപ്ഡേറ്റിലൂടെ ഉപകരണങ്ങളുടെ സ്പീഡ് നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അമേരിക്കയില്‍ ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയിലെ പരാതികള്ക്കെല്ലാമായി 113 ദശലക്ഷം ഡോളര്‍ പിഴ നല്‍കാമെന്ന് ആപ്പിള്‍ കഴിഞ്ഞമാസം സമ്മതിച്ചിരുന്നു. എന്നാല്‍, ഏകദേശം 500 ദശലക്ഷം ഡോളര്‍ പിഴ വാങ്ങണമെന്നാണ് ഇപ്പോള്‍ ഒരു അമേരിക്കന്‍ കോടതി പരിഗണിക്കുന്ന ഒരു പരാതിയില്‍ ആവശ്യപ്പെടുന്നത്. ആപ്പിള്‍ നിര്‍ബന്ധിച്ച് അപ്ഡേറ്റുകള് ഇന്‍സ്റ്റാള്‍ ചെയ്യിക്കുന്ന പരിപാടിയും നിര്‍ത്തണമെന്നും പരാതിക്കാര്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ ഒരിക്കലും ഒരു ഉപകരണത്തിന്റെയും ആയുസു കുറയ്ക്കാന്‍ മനഃപ്പൂര്വ്വും ശ്രമിക്കുന്ന കമ്പനിയല്ലെന്നും, ഒരു ഉപകരണം ഉപയോഗിക്കുന്നതിലെ സുഖം നഷ്ടപ്പെടുത്തി, ഉപയോക്താക്കളെക്കൊണ്ട് നിര്‍ബന്ധിച്ച് അപ്ഗ്രേഡു ചെയ്യിക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്നും കമ്പനി വിശദമാക്കി.