2020-ല്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ടിക്ടോക്ക്, ഫേസ്ബുക് മേധാവിത്വം നിലനിർത്തി

ആഗോളതലത്തിൽ പലവിധ പ്രതിസന്ധി നേരിടുമ്പോഴും ജനപ്രീതിയുടെ കാര്യത്തിൽ 2020-ലെ ഏറ്റവും മുന്നിലുള്ള ആപ്ലിക്കേഷനായി മാറി ടിക്ടോക്ക്. അനലറ്റിക്സ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് അടുത്ത വർഷത്തോടെ നൂറ് കോടി പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ആപ്പുകളുടെ പട്ടികയിലേക്ക് ടിക്ടോക്ക് പ്രവേശിക്കും.

ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആദ്യ പത്ത് ആപ്ലിക്കേഷനുകളിൽ ഫെയ്സ്ബുക്ക് ആപ്പുകളാണ് കൂടുതലും. ടിക്ടോക്കിന് പിന്നിലായി ഫെയ്സബുക്കും മൂന്നാമതായി വാട്സാപ്പും നാലാമതായി സൂം ആപ്ലിക്കേഷനും അഞ്ചാമതായി ഇൻസ്റ്റാഗ്രാമും ഇടം പിടിച്ചു. ഫെയ്സ്ബുക്ക് മെസഞ്ചർ ആറാം സ്ഥാനത്താണ്. തൊട്ടുപിന്നാലെ ഗൂഗിൾ മീറ്റ്, സ്നാപ്ചാറ്റ്, ടെലഗ്രാം, ലൈക്കീ എന്നിവയും ഇടം പിടിച്ചു.

കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യം കൊണ്ടാവണം മൊബൈൽ ഫോണുകളുടെ ഉപയോഗത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഈ വർഷം ആൻഡ്രോയിഡ് ഫോണുകളിൽ ആളുകൾ ചിലവഴിക്കുന്ന സമയം 3,30,000 മണിക്കൂറുകളാണ്.

സ്ട്രീമിങ് ആപ്പുകളുടെ ഉപയോഗത്തിൽ 40 ശതമാനം വർധനവുണ്ടായി. ഗെയിമിങ് ആപ്പുകളുടെ ഡൗൺലോഡ് 35 ശതമാനം വർധിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറ്, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

ഫ്രീ ഫയർ ആണ് 2020-ൽ ഏറ്റവും ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിം ആപ്ലിക്കേഷൻ. ഇന്ത്യയിൽ പബ്ജി നിരോധിക്കപ്പെട്ടതിന് പിന്നാലെ ഫ്രീഫയർ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. പബ്ജി മൊബൈൽ രണ്ട് സ്ഥാനം പിന്നോട്ട് പോയി.

2020-ൽ ഏറ്റവും കൂടുതൽ സമയം ആളുകൾ ചിലവഴിക്കുന്ന ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ടിന്റർ ആണ് മുന്നിൽ. ടിക് ടോക്ക് രണ്ടാം സ്ഥാനത്തുണ്ട്. യൂട്യൂബ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ടെൻസെന്റ് വീഡിയോ, നെറ്റ്ഫ്ളിക്സ് എന്നിവയാണ് പിന്നിലുള്ളത്.

പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തിൽ ഫെയ്സ്ബുക്ക് ആണ് മുന്നിൽ. തൊട്ടുപിന്നാലെ വാട്സാപ്പും ഫെയ്സ്ബുക്ക് മെസഞ്ചറും ഇൻസ്റ്റാഗ്രാമും ഇടം പിടിച്ചു. ആമസോൺ, ട്വിറ്റർ, നെറ്റ്ഫ്ളിക്സ്, ടിക്ടോക്ക്, സ്പോട്ടിഫൈ, സ്നാപ്ചാറ്റ് എന്നിവ പിന്നിലുണ്ട്.