ടിക് ടോക് യൂസര്‍മാരും യൂട്യൂബ് യൂസര്‍മാരും തമ്മിലുള്ള യുദ്ധം പുതിയ തലത്തിലേക്ക്. റോസ്റ്റിങിലും പാര പണിയും തമ്മിലടിയും ഒടുവില്‍ പ്ലേസ്റ്റോറിലും എത്തി. യുദ്ധത്തില്‍ ആദ്യമായി തിരിച്ചടി കിട്ടിയിരിക്കുന്നത് ടിക് ടോകിനാണ്. യൂട്യൂബ് ഫാന്‍സ് ഒരുമിച്ചു കൂടി ടിക്ടോകിന്റെ പ്ലേസ്റ്റോര്‍ ആപ്പിന്റെ റേറ്റിങ് കുത്തനെ കുറച്ചു. 4.6 ഉണ്ടായിരുന്ന ടിക് ടോക് റേറ്റിങ് രണ്ടിലേക്കാണ് കൂപ്പു കുത്തിയത്.
യുട്യൂബ് ടിക് ടോക്ക് യുദ്ധത്തിന്റെ തുടക്കം
യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കെതിരെ ആമിര്‍ സിദ്ദിഖി എന്ന ടിക് ടോക് സെലിബ്രിറ്റി ഒരൂ വീഡിയോ പോസ്റ്റ് ചെയ്യുന്നു. ഇതിനെ പൊളിച്ചടുക്കി അജയ് നഗര്‍ എന്ന യൂട്യൂബര്‍ മറുവീഡിയോ ഇറക്കി. അതോടെ രണ്ട് പ്ലാറ്റ്ഫോമിലുമുള്ളവര് ചേരിതിരിഞ്ഞ് അടി തുടങ്ങി. ടിക്ടോക് യൂസര്‍മാരെ റോസ്റ്റ് ചെയ്ത് (കളിയാക്കി) അജയ് നഗറിന്റെ കാരിമിനാറ്റി എന്ന ചാനല്‍ അപ്ലോഡ് ചെയ്ത് ‘ടിക്ടോക് vs യൂട്യൂബ്: ദ എന്‍ഡ്’ എന്ന വിഡിയോ യൂട്യൂബിന്റെ നിബന്ധനകള്‍ ലംഘിച്ചു എന്ന് കാട്ടി പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്തു. കാരിമിനാറ്റിയുടെ വിഡിയോയില്‍ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്നാണ് യൂട്യൂബ് കണ്ടെത്തിയത്.
പിന്നാലെ ട്വിറ്ററില്‍ #justiceforcarry, #bringbackcarrysvideo, #shameonyoutube എന്നീ ഹാഷ്ടാഗുകള്‍ തരംഗമാവാന്‍ തുടങ്ങുകയായിരുന്നു. കാരിമിനാറ്റിയുടെ വിഡിയോ ചിലര്‍ കൂട്ടമായി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് യൂട്യൂബിന് പിന്‍വലിക്കേണ്ടി വന്നത്. 1.8 കോടി സബ്സ്ക്രൈബര്‍മാരുള്ള കാരിമിനാറ്റി എന്ന ചാനലിനെ പിന്തുണച്ച് ലക്ഷക്കണക്കിനാളുകള്‍ സമൂഹമാധ്യമങ്ങളില്‍ ടിക്ടോകിനെതിരെ തിരിഞ്ഞു.
അര്‍ജുന്റെ Arjyou ചാനല്‍
#BanTikTokInIndia, #justiceforcarry, #bringbackcarrysvideo, #shameonyoutube തുടങ്ങിയ ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിങ്ങായി തുടരുകയാണ്. ടിക ടോക്കിനെ പൊരിക്കുന്ന വീഡിയോകളുമായി ഇറങ്ങിയ അര്ജുന് എന്ന വിദ്യാര്‍ഥിയുടെ Arjyou ചാനല്‍ കുറഞ്ഞ ദിവസം കൊണ്ട് 20 ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരെ നേടിയെടുത്തു. അര്‍ജുന്റെ എല്ലാ വീഡിയോകള്‍ക്കും ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് അഞ്ച് മില്യന്‍ വരെയാണ് കാഴ്ച്ചക്കാര്‍.
ഇതിനിടെയാണ് പ്ലേസ്റ്റോറില്‍ ടിക് ടോകിന്റെ ആപ്പിന് കൂട്ടമായി ചേര്‍ന്ന് കുറഞ്ഞ റേറ്റിങ്ങ് കൊടുത്തത്. എന്തായാലും കാരിമിനാറ്റിയുടെയും ആമിര്‍ സിദ്ദീഖിയുടെയും ആരാധകര്‍ പരസ്പരം വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ വിര്‍ച്വല്‍ യുദ്ധം തുടരുകയാണ്. അര്‍ജുനിലൂടെ മലയാളം ടിക് ടോക്കര്മാരും യുട്യൂബര്‍മാരും യുദ്ധം ഏറ്റെടുത്തു കഴിഞ്ഞു.