ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വി ട്രാന്‍സ്ഫര്‍ ഇന്ത്യയില്‍ നിരോധിച്ചു; ഫയല്‍ കൈമാറാനുള്ള മറ്റുവഴികള്‍ ഇതാ

wetransfer1

ജനപ്രിയ ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫറിന്(WeTransfer.com) ഇന്ത്യയില്‍ വിലക്ക്. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് ഈ വെബ്‌സൈറ്റിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് ടെലികോം വകുപ്പിന്റെ വിശദീകരണം. ഓണ്‍ലൈനിലെ ജനപ്രിയ ഫയല്‍ ഷെയറിങ് വെബ്സൈറ്റാണ് വിട്രാന്‍സ്ഫര്‍. ഇതിന് ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്.

വി ട്രാന്‍സ്ഫറിന് നിരോധനം ഏര്‍പ്പെടുത്താന്‍ എന്ത് പിഴവാണ് വെബ്സൈറ്റിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് വെബ് അഡ്രസുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചു. എന്നാല്‍, ചില ഐഎസ്പികളില്‍ വി ട്രാന്‍സ്ഫര്‍ ലഭിക്കുന്നുണ്ട്.

wetransfer blocked in india

ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വര്‍ധിച്ചതോടെ ഇന്ത്യയില്‍ കൂടുതല്‍ ജനപ്രീതി നേടാനും വിട്രാന്‍സ്ഫറിന് സാധിച്ചു. വീട്ടിലിരുന്ന് പൂര്‍ത്തിയാക്കുന്ന ഓഫിസ് ഫയലുകള്‍ വി ട്രാന്‍സ്ഫര്‍ വഴി വലിയ തോതില്‍ കൈമാറിയിരുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളും വി ട്രാന്‍സ്ഫര്‍ ഉപയോഗപ്പെടുത്തിയിരുന്നു.

ഇമെയിലില്‍ അറ്റാച്ച് ചെയ്ത് ഒരു ജിബിയില്‍ താഴെ സൈസുള്ള ഫയലുകള്‍ മാത്രമേ അയക്കാന്‍ കഴിയൂ എന്നതിനാലാണ് ആളുകള്‍ വി ട്രാന്‍സ്ഫറിനെ ആശ്രയിച്ചിരുന്നത്. ഇമെയിലിലേക്ക് 2 ജിബി വരെയുള്ള ഫയലുകള്‍ അയയ്ക്കാന്‍ ഉപയോക്താക്കളെ വിട്രാന്‍സ്ഫര്‍ സഹായിക്കുന്നു.

വി ട്രാന്‍സ്ഫറിന് പകരം ഉപയോഗിക്കുന്ന ചില ആപ്പുകള്‍ പരിചയപ്പെടാം

സ്മാഷ്

smash

വിട്രാന്‍സ്ഫറിന് സമാനമായ ഫയല്‍ഷെയറിങ് വെബ്‌സൈറ്റാണ് സ്മാഷ്. ഈ പ്ലാറ്റ്‌ഫോമില്‍ അക്കൌണ്ട് ക്രിയേറ്റ് ചെയ്യാതെ തന്നെ ഫയലുകള്‍ കൈമാറാന്‍ സാധിക്കും. ഫയല്‍ സൈസിന് പരിധിയില്ല. ഫയല്‍ അപ്ലോഡ് ചെയ്യാനായി ഫയല്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ഇമെയില്‍ വിലാസവും അയക്കേണ്ട ഇമെയില്‍ വിലാസവും നല്‍കി അയക്കാനുള്ള ബട്ടനില്‍ അമര്‍ത്തുക. അയച്ച ഫയലിന്റെ ലിങ്ക് ക്രിയേറ്റ് ചെയ്യാനും സൈറ്റില്‍ അപ്ലോഡ് ചെയ്ത ഫയലുകള്‍ 14 ദിവസം വരെ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിക്കാനും സാധിക്കും.

ഹൈടെയില്‍

hightail

അധികം വലുതല്ലാത്ത സൈസിലുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യാനായി ഉപയോഗിക്കാവുന്ന പ്ലാറ്റ്‌ഫോമാണ് ഇത്. 100MB വരെ വലുപ്പമുള്ള ഫയലുകളാണ് ഹൈടെയിലിലൂടെ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നത്. സൌജന്യമായി ലഭിക്കുന്ന ലൈറ്റ് അക്കൌണ്ടിലൂടെ ഒരാള്‍ക്ക് മൊത്തം 2GB സ്റ്റോറേജ് സ്‌പേസ് വരെ ലഭിക്കും. വിട്രാന്‍സ്ഫര്‍ സ്മാഷ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഹൈടെയില്‍ ഫയലുകള്‍ അയക്കുന്നതിന് മുമ്പ് സൈന്‍ അപ്പ് ചെയ്യേണ്ടതുണ്ട്.

ഡ്രോപ്പ്‌ബോക്‌സ്

dropbox

ഡെസ്‌ക്ടോപ്പ് സോഫ്റ്റ്‌വെയറോ മൊബൈല്‍ അപ്ലിക്കേഷനോ ഉപയോഗിച്ച് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഒരു സ്റ്റോറേജ് സേവനമാണ് ഡ്രോപ്പ്‌ബോക്‌സ്. പണമടച്ച് നേടുന്ന പ്രീമിയം പ്ലാനുകള്‍ മാറ്റിനിര്‍ത്തിയാല്‍, ഉപയോക്താക്കള്‍ക്ക് ഡ്രോപ്പ്‌ബോക്‌സ് ബേസികിലൂടെ 2 ജിബി സൗജന്യ സ്റ്റോറേജ് സ്‌പൈസ് ലഭിക്കും. ഇതിലൂടെ ഫയല്‍ സ്വീകരിക്കുന്ന ആളിന്റെ ഇമെയില്‍ ഐഡി മാത്രം നല്‍കി ഫയല്‍ അപ്ലോഡ് ചെയ്യാം. എഡിറ്റ് ചെയ്യാനും വ്യൂ ചെയ്യാനുമുള്ള പെര്‍മിഷന്‍ നല്‍കാം.

ഗൂഗിള്‍ ഡ്രൈവ്

googledrive

നിങ്ങള്‍ക്ക് ഒരു ഗൂഗിള്‍ അക്കൌണ്ട് ഉണ്ടെങ്കില്‍ ഇതിനകം തന്നെ 15GB സൗജന്യ സ്റ്റോറേജുള്ള ഒരു ഗൂഗിള്‍ ഡ്രൈവ് അക്കൗണ്ട് ലഭിച്ചിട്ടുണ്ടാകും. ഈ ഡ്രൈവിലൂടെ ഫയലുകള്‍, ഓഡിയോ, വീഡിയോകള്‍ എന്നിവയടക്കമുള്ളവ അപ്ലോഡ്് ചെയ്യാനും അയക്കേണ്ട ആളുകളുടെ ഇമെയില്‍ വിലാസം നല്‍കിക്കൊണ്ടോ ഫോള്‍ഡറുകളുടെ ലിങ്ക് കോപ്പി ചെയ്ത് ആവശ്യമുള്ളവര്‍ക്ക് അയച്ചോ ഗൂഗിള്‍ ഡ്രൈവിലൂടെ ഫയല്‍ ഷെയര്‍ ചെയ്യാം.

WeTransfer banned in India: Check out other alternatives to the app