ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് പുതിയ പപ്രൈവസി പോളിസിയുമായി മുന്നോട്ട് പോകുമെന്ന് വാട്ട്സ് ആപ്പ് അധികൃതര്‍ ആവര്‍ത്തിച്ചു. പ്രൈവസി പോളിസിയില്‍ ഉപയോക്താക്കള്‍ക്കുണ്ടായ ആശങ്ക കണക്കിലെടുത്ത് നയം നടപ്പിലാക്കുന്നത് വാട്ട്സാപ്പ് മൂന്ന് മാസം നീട്ടിവച്ചിരുന്നു. പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് വാട്ട്സാപ്പ് കൃത്യമായ ഉത്തരം നല്കുന്നില്ലെങ്കിലും ആപ്പ് പൂര്‍ണരീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ടെക്ക് ക്രഞ്ചുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
അക്കൗണ്ട് പൂര്‍ണമായി ഡിലീറ്റ് ആക്കില്ല
വാട്ട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാന്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന സമയം മെയ് 15 ആണ്. അതിന് മുന്‍പ് പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കില്‍ വാട്ട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ആകില്ലെങ്കിലും കാര്യമായ നിയന്ത്രണങ്ങള്‍ ഉണ്ടാവും. കുറച്ച് നാളത്തേക്ക് കോളുകളും നോട്ടിഫിക്കേഷനും നിങ്ങള്‍ക്ക് ലഭിക്കുമെങ്കിലും മെസേജുകള്‍ വായിക്കാനോ, അയക്കാനോ സാധിക്കില്ല. ഉപയോക്താക്കളുടെ അക്കൗണ്ട് ഒരു തവണ ഡിലീറ്റ് ആയാല്‍ പിന്നീട് അത് തിരിച്ച് ലഭിക്കില്ല.
ഉപയോക്താക്കളുടെ മെസേജ് ഹിസ്റ്ററി മുഴുവന്‍ തിരിച്ചെടുക്കാനാകാത്ത വിധം നഷ്ടമാവുകയും ഗ്രൂപ്പുകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യും. ചാറ്റ്, വാട്ട്സാപ്പ് ബാക്കപ്പുകള്‍ മെയ് 15ന് മുന്‍പ് എടുത്തുവയ്ക്കുക എന്നതാണ് ഇതിന് കമ്പനി നിര്‍ദേശിച്ചിരിക്കുന്ന പോംവഴി.